കിരീടത്തിലെ പരമേശ്വരനായി ജോണി എത്തിയതിനുപിന്നിൽ ഒരു വിഗ്; അണിയറക്കഥ പറഞ്ഞ് സിബി മലയിൽ

കിരീടത്തിലെ പരമേശ്വരനായി ജോണി എത്തിയതിനുപിന്നിൽ ഒരു വിഗ്; അണിയറക്കഥ പറഞ്ഞ് സിബി മലയിൽ

കിരീടത്തിലെ പരമേശ്വരൻ ചെങ്കോലിലേക്ക് എത്തുമ്പോഴേക്കും പരിപൂർണത കൈവരിക്കും. സിനിമയിൽ അപൂർവമായി മാത്രം സംഭവിക്കുന്ന പരിണാമമാണത്
Updated on
2 min read

''രക്ഷപ്പെട്ട് പൊക്കോ.. ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ നിന്റെ കൈയും കാലും വെട്ടിയരിഞ്ഞില്ലെങ്കില്‍ ഈ പരമേശ്വരന്‍ സ്വയം കുത്തി മരിക്കുമെടാ...'' സേതുമാധവനോട് കീരിക്കാടൻ ജോസിന്റെ സംഘത്തിലെ പരമേശ്വരൻ പറയുന്ന കിരീടത്തിലെ ഈ ഡയലോഗ് മലയാളികൾ മറക്കാനിടയില്ല. കൾട്ട് ക്ലാസിക് ചിത്രമായ കിരീടത്തിലെ പരമേശ്വരൻ, ജോണിയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്. വിഗ് വയ്ക്കാനാകില്ലെന്നതിനാൽ ലാലു അലക്സ് ഉപേക്ഷിച്ച കഥാപാത്രം ജോണിയിലേക്ക് എത്തിയതെങ്ങനെയെന്ന് ഓർമിക്കുകയാണ് സംവിധായകൻ സിബിമലയിൽ.

അസിസ്റ്റൻഡ് ഡയറക്ടറായിരുന്ന കാലം മുതലേയുള്ള പരിചയം

അസിസ്റ്റൻഡ് ഡയറക്ടറായിരുന്ന സമയത്ത് മദ്രാസിൽ ഞാനും ജോണിയും ഒരേ ഹോട്ടലിലാണ് താമസിച്ചിരുന്നത്. അന്ന് ഐ വി ശശി ചിത്രത്തിലെ സ്ഥിരം മുഖമാണ് ജോണി. ഇടത്തരം കുടുംബത്തിൽ ജനിച്ച ജോണി, അക്കാലത്തെ എല്ലാ സിനിമാ മോഹികളെയും പോലെ സിനിമയിൽ എന്തെങ്കിലുമായിത്തീരാൻ മദ്രാസിൽ താമസിക്കുകയാണ്. വളരെ സാധുവായ, നിഷ്കളങ്കനായ മനുഷ്യൻ. ചെയ്യുന്നതാകട്ടെ നെഗറ്റീവ് ഷെയ്‌ഡുകളുള്ള കഥാപാത്രങ്ങളും.

കിരീടത്തിലെ പരമേശ്വരനായി ജോണി എത്തിയതിനുപിന്നിൽ ഒരു വിഗ്; അണിയറക്കഥ പറഞ്ഞ് സിബി മലയിൽ
നടൻ കുണ്ടറ ജോണി അന്തരിച്ചു

ലാലു അലക്സ് ഉപേക്ഷിച്ച കഥാപാത്രം ജോണിക്ക് വഴിത്തിരിവായി

കിരീടത്തിലെ പരമേശ്വരനായി ആദ്യം സമീപിച്ചത് ലാലു അലക്സിനെ ആയിരുന്നു. വിഗ് വച്ച് അഭിനയിക്കണമെന്ന് ലാലു അലക്സ് പറഞ്ഞു. പരമേശ്വരൻ നാട്ടിൻപുറത്തുകാരനായ, തനി നാടൻ ലുക്ക് ഒക്കെയുള്ള കഥാപാത്രമാണ്. അങ്ങനെയുള്ള വേഷത്തിന് വിഗ് ചേരില്ലെന്ന് പറഞ്ഞതോടെ ലാലു അലക്സ് പിൻമാറി. രണ്ടാമത്തെ ഓപ്ഷനായിരുന്നു ജോണി.

പരമേശ്വരൻ സാധാരണ സിൽബന്ദി ഗുണ്ടകളെപ്പോലെയായിരുന്നില്ല, ഏറ്റവും നിർണായകഘട്ടങ്ങളിൽ മാത്രം ഇടപെടുന്ന, കീരിക്കാടനോട് വിശ്വസ്തത പുലർത്തുന്ന ഒരാൾ. വ്യക്തിത്വമുള്ള ഒരു കഥാപാത്രമായിരുന്നു പരമേശ്വരൻ. കിരീടത്തിലെ ക്രൂരനായ വില്ലൻ ചെങ്കോലിലേക്ക് എത്തുമ്പോഴേക്കും വലിയൊരു പരിണാമം സംഭവിക്കുന്നുണ്ട്. കീരിക്കാടനുവേണ്ടി തല്ലാനും കൊല്ലാനും നിന്നിട്ടും, അയാൾക്കുവേണ്ടി വീൽചെയറിലായിട്ടും തിരിഞ്ഞു നോക്കാത്ത കീരിക്കാടന്റെ കുടുംബം. നിസഹായനായ ആ അവസ്ഥയിലും അയാൾ സേതുമാധവനെ സഹായിക്കുന്നുണ്ട്. മനുഷ്യത്വം കാണിക്കുന്നുണ്ട്. സിനിമയിൽ ചില കഥാപാത്രങ്ങൾക്ക് മാത്രം അപൂർവമായി മാത്രം സംഭവിക്കുന്ന പരിണാമമാണ് അത്.

പരമേശ്വരനായി ജോണിയെ ആലോചിച്ചിരുന്നില്ല

പരമേശ്വരന്റെ കഥാപാത്രത്തിലേക്ക് ജോണിയെ പരിഗണിച്ചതേയില്ല. ആ കഥാപാത്രം ഒരു പുതുമുഖം വേണമെന്ന് തന്നെയായിരുന്നു. അതുപോലെ ബിൽഡ് അപ്പ് ചെയ്ത് കൊണ്ടുവന്ന ഒരു കഥാപാത്രമാണ് കീരിക്കാടൻ ജോസ്. പ്രേക്ഷകർ കണ്ടുപരിചയമുള്ള മുഖമായാൽ, മറ്റ് കഥാപാത്രങ്ങൾ അയാളെക്കുറിച്ച് പറഞ്ഞുവയ്ക്കുന്ന പേടിപ്പെടുത്തുന്ന കഥകളുടെ ഇംപാക്ട് നഷ്ടപ്പെടുമായിരുന്നു. അതിനാലാണ് ഒരുഘട്ടത്തിൽ ബാബു ആന്റണിയെ കീരിക്കാടനാക്കിയാലോ എന്ന ആലോചന പോലും ഉപേക്ഷിച്ചത്.

കിരീടത്തിലെ പരമേശ്വരനായി ജോണി എത്തിയതിനുപിന്നിൽ ഒരു വിഗ്; അണിയറക്കഥ പറഞ്ഞ് സിബി മലയിൽ
ഓര്‍മയുണ്ടോ ജോണി എന്ന ഹീറോയെ?

പരമേശ്വരൻ ജോണിയുടെ പ്രിയപ്പെട്ട കഥാപാത്രം

ഇത്രയും മികച്ചൊരു കഥാപാത്രം നൽകിയതിലുള്ള സ്നേഹം ജോണി എപ്പോഴും പങ്കുവച്ചിരുന്നു. കിരീടത്തിലെ രണ്ടാമത്തെ ഫൈറ്റ് സീൻ മ്യൂസിയത്തിനടുത്തുള്ള വേസ്റ്റ് ഇടുന്ന സ്ഥലത്താണ് ചിത്രീകരിച്ചത്. വേസ്റ്റ് ഇടുന്ന സ്ഥലമാണെന്ന് അറിയാതെയാണ് അവിടെ ചിത്രീകരണം ആരംഭിച്ചത്. എന്തോ മോശം മണം വരുന്നുണ്ടെന്നും ദേഹം ചൊറിയുന്നുണ്ടെന്നും ലാലാണ് (മോഹൻലാൽ) ആദ്യം പറയുന്നത്. അതിനുശേഷം അന്വേഷിച്ചപ്പോഴാണ് മൃഗശാലയിലെ മൃഗങ്ങൾക്ക് കൊടുക്കുന്ന ഭക്ഷണത്തിന്റെ വേസ്റ്റ് ഇടുന്ന സ്ഥലമാണെന്ന് അറിയുന്നത്. എങ്കിലും അവിടെ തന്നെ ആ സീൻ ഷൂട്ട് ചെയ്തു. സാഗരം സാക്ഷിയാണ് ജോണി അഭിനയിച്ച എന്റെ മറ്റൊരു ചിത്രം. അതിലെ കഥാപാത്രവും നെഗറ്റീവ് ഷെയ്ഡുള്ളതാണ്.

ജോണിയുടെ വിഷമം

അവതരിപ്പിച്ചതെല്ലാം നെഗറ്റീവ് കഥാപാത്രങ്ങളായിരുന്നെങ്കിലും യഥാർത്ഥത്തിൽ അതിനുനേരെ വിപരീതമായ സ്വഭാവമുള്ളയാളാണ് ജോണി. സാധുവും നിഷ്കളങ്കനുമായ മനുഷ്യൻ. സെറ്റിൽ പോലും ആരോടും ദേഷ്യപ്പെട്ട് കണ്ടിട്ടില്ല. പോസിറ്റീവായ കഥാപാത്രങ്ങൾ ചെയ്യാനാകുന്നില്ലല്ലോയെന്ന മനസ്താപമൊക്കെ ഇടയ്ക്ക് പറഞ്ഞിട്ടുണ്ട്. പക്ഷേ അപ്പോഴും മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പമൊക്കെ സിനിമയിൽ നിൽക്കുന്നതിലും സന്തോഷം കണ്ടെത്തിയ ആളുമായിരുന്നു ജോണി.

logo
The Fourth
www.thefourthnews.in