അന്ന് മമ്മൂട്ടി ഇന്ന് അസ്കര്‍, ഡിഎന്‍എ എന്റെ തിരിച്ചുവരവ്: ടി എസ് സുരേഷ് ബാബു

അന്ന് മമ്മൂട്ടി ഇന്ന് അസ്കര്‍, ഡിഎന്‍എ എന്റെ തിരിച്ചുവരവ്: ടി എസ് സുരേഷ് ബാബു

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസ്സർ നിർമിക്കുന്ന ഡിഎന്‍എ ജൂൺ 14 ന് റിലീസ് ചെയ്യും. ചിത്രത്തെക്കുറിച്ചും സിനിമാ ജീവിതത്തെക്കുറിച്ചും ടി എസ് സുരേഷ് ബാബു ദ ഫോർത്തിനോട് മനസ് തുറക്കുന്നു
Updated on
4 min read

1984 ൽ അന്നത്തെ യുവ സൂപ്പർതാരങ്ങളായ ശങ്കർ, മമ്മൂട്ടി, മോഹൻലാൽ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കിയാണ് ടിഎസ് സുരേഷ് ബാബു സ്വതന്ത്രസംവിധായകനായി മാറുന്നത്. 40 വർഷത്തിനിപ്പുറം പുതിയകാലത്തെ ത്രില്ലർ ചിത്രവുമായി എത്തുകയാണ് അദ്ദേഹം. ആദ്യ ചിത്രത്തിൽ അഭിനയിച്ച മമ്മൂട്ടിയുടെ, സഹോദരപുത്രൻ അസ്‌ക്കർ സൗദാനെ നായകനാക്കി റായി ലക്ഷ്മി, ഹന്ന റെജി കോശി, ബാബു ആന്റണി തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിക്കുന്ന ഡിഎൻഎ.

പോലീസ് അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസ്സർ നിർമിക്കുന്ന ചിത്രം ജൂൺ 14 ന് തീയേറ്ററുകളിൽ എത്തും. ചിത്രത്തെക്കുറിച്ചും സിനിമാ ജീവിതത്തെക്കുറിച്ചും ടി എസ് സുരേഷ് ബാബു ദ ഫോർത്തിനോട് മനസ് തുറക്കുന്നു.

അന്ന് മമ്മൂട്ടി ഇന്ന് അസ്കര്‍, ഡിഎന്‍എ എന്റെ തിരിച്ചുവരവ്: ടി എസ് സുരേഷ് ബാബു
'നട്ടെല്ലില്ലാത്തവൻ' എന്ന പരാമർശം; നടൻ പങ്കജ് ഝായ്ക്ക് മറുപടിയുമായി സംവിധായകൻ അനുരാഗ് കശ്യപ്

തിരിച്ചുവരവിലെ 'ഇമേജ് ബ്രേക്കിങ്'

ഞാൻ കൂടുതലായി ചെയ്ത പാറ്റേണിൽനിന്ന് പൂർണമായും മാറണമെന്ന ചിന്തയിൽനിന്നാണ് ഡിഎൻഎ എന്ന ചിത്രം സംഭവിക്കുന്നത്. ഇതുവരെ ചെയ്ത സിനിമകളിൽ നിന്നെല്ലാം വ്യത്യസ്തമായി കംപ്ലീറ്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായിട്ടാണ് ഡിഎൻഎ ഒരുക്കിയിരിക്കുന്നത്. അസ്‌കർ സൗദാൻ, ബാബു ആന്റണി, റായി ലക്ഷ്മി, ഹന്ന റെജി കോശി, അജു വർഗീസ്, രൺജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, അഞ്ജലി അമീർ, റിയാസ് ഖാൻ, ഇടവേള ബാബു, സുധീർ, കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കൈലാഷ്, കുഞ്ചൻ തുടങ്ങി ഒരു നീണ്ട നിര തന്നെയുണ്ട് ഈ ചിത്രത്തിൽ. ഒരു സീനിൽ വരുന്ന താരമായാൽ കൂടിയും അത് അറിയപ്പെടുന്ന പ്രമുഖതാരങ്ങളാണ് ചെയ്തിരിക്കുന്നത്.

മമ്മൂക്കയുടെ കൂടെയും രണ്ട് സഹോദരന്മാരുടെ കൂടെയും ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. വർഷങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ സഹോദരി പുത്രനെ നായകനാക്കി ചിത്രം ഒരുക്കാനും എനിക്ക് ഭാഗ്യം ലഭിച്ചു. കരിയറിൽ പലപ്പോഴും ഞാൻ വഴി മാറി നടന്നപ്പോൾ എല്ലാം തന്നെ എനിക്ക് മികച്ച അഭിപ്രായം ലഭിച്ചിട്ടുണ്ട്. ഉപ്പുകണ്ടം ബ്രദേഴ്സ് എന്ന ചിത്രത്തിൽ മലയാളത്തിലെ അക്കാലത്തെ വില്ലന്മാരെ എല്ലാം നായകന്മാരാക്കി അവതരിപ്പിച്ചു. അത് മികച്ച വിജയമായി. അത്തരത്തിൽ ഈ ചിത്രവും മികച്ച വിജയമാകണമെന്നാണ് എന്റെ ആഗ്രഹം.

സിനിമയിൽ നിന്നുള്ള ഇടവേള

മാർക്ക് ആന്റണിക്കുശേഷം മികച്ച ഒരു തിരക്കഥയ്ക്കായ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല എന്നതാണ് സത്യം. പല കഥകൾ ആലോചിച്ചിരുന്നു. എന്നാൽ അതിന് പറ്റിയ ഒരു കഥ കണ്ടെത്താൻ സാധിച്ചില്ല. എന്റെ ആദ്യ ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും ശങ്കറും അഭിനയിച്ചിരുന്നു. അതിനു മുൻപ് തന്നെ മൂന്ന് പേരുമായി നല്ല സൗഹൃദമായിരുന്നു. പിന്നീട് ജയറാമും സുരേഷ് ഗോപിയുമെല്ലാം ഞാനുമായി നന്നായി സഹകരിച്ചവരാണ്. എന്നാൽ രണ്ടായിരത്തിനുശേഷം ഇവരുടെയെല്ലാം റേഞ്ച് പെട്ടന്ന് മാറി. അതുകൊണ്ട് അവർക്ക് എറ്റവും അനുയോജ്യമായ സിനിമയുമായി വരണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഇതിനിടയ്ക്ക് മമ്മൂക്ക മൂന്ന് റോളിൽ എത്തുന്ന കായൽ സാമ്രാട്ട് എന്ന പേരിൽ ഒരു ചിത്രവും മോഹൻലാലിനെ നായകനാക്കി കാർത്തിക തിരുന്നാൾ കാർത്തികരാജ എന്ന പേരിൽ ഒരു ചിത്രവും പദ്ധതിയിട്ടിരുന്നെങ്കിലും അത് വർക്കൗട്ട് ചെയ്ത് എടുക്കാൻ സാധിച്ചില്ല. പിന്നീട് ചെയ്ത് കന്യാകുമാരി എക്‌സ്പ്രസും ഉപ്പുകണ്ടം ബ്രദേഴ്‌സ് 2 വും ഒരുപാട് കോംപ്രമൈസ് ചെയ്ത് എടുക്കേണ്ടി വന്ന പടങ്ങളാണ്. എന്നാൽ ഇപ്പോൾ ഡിഎൻഎ പ്രത്യേകിച്ച് ഒരു നിബന്ധനയും വെക്കാതെ ഒരു കോംപ്രമൈസും വേണ്ടെന്ന് നിർമാതാവ് പറഞ്ഞു. ആ ഒരു ധൈര്യത്തിലാണ് ഡിഎൻഎയുമായി ഞാൻ എത്തുന്നത്.

കടമറ്റത്ത് കത്തനാർ ആവാനിരുന്ന മമ്മൂക്ക, മുടങ്ങിപ്പോയ കായൽ സാമ്രാട്ട്

2000 മുതൽ ഇങ്ങോട്ടുള്ള കാലത്ത് ഞാൻ വെറുതെ ഇരുന്നിരുന്നില്ല. കടമറ്റത്ത് കത്തനാർ, അലാവുദ്ദീനും അത്ഭുതവിളക്കും, വിക്രമാദിത്യനും വേതാളവും തുടങ്ങിയ സീരിയലുകൾ ഞാനായിരുന്നു ചെയ്തത്. സിനിമകൾ പോലെ തന്നെ വൻ വിജയമായിരുന്നു ഈ സീരിയലുകളും. കടമറ്റത്ത് കത്തനാർ സിനിമയാക്കാൻ ഞാൻ തീരുമാനിച്ചിരുന്നു. മമ്മൂക്കയോട് ഇതേക്കുറിച്ച് സംസാരിക്കുകയും അദ്ദേഹം താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ പിന്നീട് അതിന്റെ പ്രൊഡക്ഷൻ കോസ്റ്റും മറ്റ് കാര്യങ്ങളും ആലോചിച്ചപ്പോൾ ഞാൻ പിന്മാറുകയായിരുന്നു. കാരണം 100 എപ്പിസോഡിനകത്ത് ചെയ്തപ്പോളാണ് കടമറ്റത്ത് കത്തനാരുടെ ജീവിതം ഏറെ കുറെ പറയാൻ സാധിച്ചത്. അപ്പോൾ അദ്ദേഹത്തിന്റെ ജീവിതം രണ്ടര മണിക്കൂറിലേക്ക് ചുരുക്കുകയെന്ന് പറയുന്നത് വലിയ ടാസ്‌കാണ്. അങ്ങനെയാണ് ആ ചിത്രം ഞാൻമാറ്റി വെച്ചത്. സ്റ്റാലിൻ ശിവദാസിന് മുമ്പ് തന്നെ ആലോചിച്ചിരുന്ന ചിത്രമായിരുന്നു കായൽ സാമ്രാട്ട്. മമ്മൂക്ക ട്രിപ്പിൾ റോളിൽ എത്തുന്നതായിരുന്നു ചിത്രം. അതും പാതിവഴിയിൽ നിർത്തിവെച്ചു. പിന്നീട് കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗത്തെക്കുറിച്ച് ചില ചർച്ചകൾ നടന്നിരുന്നെങ്കിലും എഴുതാൻ താൽപ്പര്യമില്ലെന്ന് ഡെന്നീസ് ജോസഫ് പറഞ്ഞു. പിന്നീട് ചില ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഒന്നും പ്രാവർത്തികമായില്ല. പിന്നീടാണ് അതിന്റെ രണ്ടാം ഭാഗം ചെയ്യുന്നതിന് മിഥുൻ ഒക്കെ വരുന്നത്. കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ചെയ്‌തോളാൻ ഞാൻ പൂർണസമ്മതം നൽകിയിരുന്നു.

കടമറ്റത്ത് കത്തനാര്‍ സീരിയലില്‍ പ്രകാശ് പോള്‍
കടമറ്റത്ത് കത്തനാര്‍ സീരിയലില്‍ പ്രകാശ് പോള്‍

സംവിധായകൻ റെജിയും സംവിധായകൻ സുരേഷ് ബാബുവും

ആദ്യം ചിത്രം സംവിധാനം ചെയ്യുമ്പോൾ നിർമാതാക്കൾ ഒരു ന്യൂമറോളജിസ്റ്റിന്റെ അടുത്ത് പോയിരുന്നു. അന്ന് തിരക്കേറിയ ഒരു അസോസിയേറ്റായിരുന്നു ഞാൻ. എന്നിട്ടുപോലും എന്നെക്കുറിച്ച് വലിയ രീതിയിൽ അന്വേഷിച്ചശേഷമാണ് ആദ്യ സിനിമ ചെയ്യാനായി നിർമാതാക്കൾ തയ്യാറായത്. ന്യൂമറോളജിസ്റ്റിന്റെ അടുത്ത് എന്റെ പേരായ സുരേഷ് ബാബു എന്ന പേര് പറഞ്ഞു. സിനിമയും പ്രൊഡക്ഷൻ കമ്പനിയുടെ പേരുമൊക്കെയായി സുരേഷ് ബാബുവെന്ന പേര് ചേരുന്നില്ലെന്നായിരുന്നു പറഞ്ഞത്. അങ്ങനെ മറ്റു പേരുകൾ തപ്പി നോക്കുമ്പോളാണ് എന്റെ വീട്ടിൽ വിളിക്കുന്ന പേരായ റെജി എന്ന പേര് പറയുന്നത്. ഈ പേര് ന്യൂമറോളജി പ്രകാരം ഭാഗ്യമുള്ളതാണെന്ന് പറഞ്ഞാണ് ആദ്യ സിനിമയുടെ ക്രെഡിറ്റിൽ ചേർത്തത്. പിന്നീടുള്ള സിനിമകൾക്കു സംവിധാനം സുരേഷ് ബാബു എന്ന് തന്നെയായിരുന്നു നൽകിയിരുന്നത്. കോട്ടയം കുഞ്ഞച്ചൻ മുതലാണ് എന്റെ അച്ഛന്റെയും അമ്മയുടെയും പേര് കൂടി ഉൾപ്പെട്ട ടി എസ് സുരേഷ്ബാബു എന്ന മുഴുവൻ പേര് നൽകിയത്. ആ ചിത്രം എന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറി.

സ്റ്റാലിൻ ശിവദാസിന്റെ വീഴ്ച, കാരണങ്ങൾ പലത്

മമ്മൂക്കയ്ക്ക് ഒപ്പം ചെയ്യാനിരുന്ന ചിത്രമായിരുന്നു കായൽ സാമ്രാട്ട്. അതായിരുന്നു ശരിക്കും സ്റ്റാലിൻ ശിവദാസിനുപകരം ചെയ്യേണ്ടിയിരുന്ന സിനിമ. എന്നാൽ ആ ചിത്രം ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് നടക്കാതെയായപ്പോളാണ് ടി ദാമോദരന്റെ തിരക്കഥയിൽ ചെങ്കൊടി എന്ന ചിത്രം ചെയ്യാൻ തീരുമാനിച്ചത്. അന്ന് അത് വലിയവാർത്തയായിരുന്നു. എനിക്ക് രാഷ്ട്രീയത്തെക്കുറിച്ച് വലിയധാരണ ഉണ്ടായിരുന്നില്ല. ദാമോദരൻ മാസ്റ്റർ കൂടെയുള്ളതിന്റെ ധൈര്യത്തിലാണ് ഇതിന് ഞാൻ സമ്മതിച്ചത്.

പക്ഷെ ആ പേരിൽ ചിത്രം അനൗൺസ് ചെയ്തതോടെ രാഷ്ട്രീയ പാർട്ടികളിൽനിന്ന് വിളിവരികയും അവരുടെ ഒക്കെ മുന്നിൽ ചിത്രത്തിന്റെ കഥ വായിക്കേണ്ടി വരികയും അവരുടെ നിർദ്ദേശ പ്രകാരം പല നല്ല സീനുകളും കട്ട് ചെയ്യേണ്ടിയും മാറ്റം വരുത്തേണ്ടിയും വന്നു. ചെങ്കൊടി എന്ന പേര് പോലും മാറ്റി സ്റ്റാലിൻ ശിവദാസ് എന്നാക്കേണ്ടി വന്നു.

തുടക്കത്തിൽ 80 ദിവസമായിരുന്നു ചിത്രീകരണം തീരുമാനിച്ചിരുന്നത്. ഈ സീനുകൾ കട്ട് ചെയ്തതോടെ ചിത്രം ഉപേക്ഷിച്ചാലോ എന്നടക്കം ആലോചിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും മമ്മൂക്ക അടക്കം എല്ലാവരുടെയും ഡേറ്റ് ബ്ലോക്ക് ചെയ്തിരുന്നു. പിന്നെ എങ്ങനെ നിർമാതാവിനെ രക്ഷപ്പെടുത്താം എന്ന ചിന്തയായി. അങ്ങനെ 80 ദിവസം പദ്ധതിയിട്ട ചിത്രം കൃത്യമായ പദ്ധതിയിട്ട് 30 ദിവസമാക്കി ചുരുക്കി. എന്നാൽ 21 ദിവസം കൊണ്ട് തന്നെ ചിത്രീകരണം പൂർത്തിയാക്കുകയും ചെയ്തു. 80 ദിവസമെടുക്കുമായിരുന്ന ചിത്രം 21 ദിവസം കൊണ്ട് തീർത്ത് നിർമാതാവിന് ലാഭമുണ്ടാക്കിയെന്ന തരത്തിൽ ആളുകൾ അഭിനന്ദിക്കുമെന്നായിരുന്നു ഞാൻ കരുതിയത്. പക്ഷെ 21 ദിവസം കൊണ്ട് എടുത്ത ചിത്രമാണ്, വലിയ കാര്യമൊന്നും ചിത്രത്തിൽ ഉണ്ടാവില്ലെന്ന തരത്തിലാണ് ആളുകൾ അതിനോട് പ്രതികരിച്ചത്. റിലീസ് ചെയ്ത് ആദ്യ ദിവസങ്ങളിൽ മികച്ച അഭിപ്രായം നേടിപ്പോകുമ്പോഴാണ് പത്രം സിനിമ റിലീസ് ചെയ്യുന്നത്. ഒരുപാട് വിവാദങ്ങൾ ഉണ്ടാക്കിയിരുന്ന ചിത്രത്തിന് അനുമതി ലഭിച്ചതിനു പിന്നാലെ പെട്ടന്ന് റിലീസ് ചെയ്യുകയായിരുന്നു. അത് സ്റ്റാലിൻ ശിവദാസിനെ ബാധിച്ചു. എന്നാലും നിർമാതാവിന് മുടക്ക് മുതൽ തിരികെ കൊടുത്ത ചിത്രമാണ് സ്റ്റാലിൻ ശിവദാസ്.

ഡിഎൻഎയ്ക്കുശേഷം ഐപിഎസ്

ബെൻസി പ്രൊഡക്ഷൻസിന്റെ തന്നെ ബാനറിൽ ഐപിഎസ് എന്ന ചിത്രവും ഞാൻ സംവിധാനം ചെയ്യുന്നുണ്ട്. ഡിഎൻഎ എന്ന ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുന്നതിന് അനുസരിച്ചായിരിക്കും ഐപിഎസ് ആരംഭിക്കുന്നതിനെക്കുറിച്ചുള്ള തീരുമാനം. ഡിഎൻഎ വിജയമായാൽ അസ്‌കർ തന്നെയായിരിക്കും ഐപിഎസിലും നായകവേഷത്തിൽ എത്തുക.

logo
The Fourth
www.thefourthnews.in