'നിലപാടിനെ ചൊല്ലി മാറ്റിനിർത്തിയപ്പോൾ തളർന്നുപോയില്ല, വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല': രമ്യാ നമ്പീശൻ

'നിലപാടിനെ ചൊല്ലി മാറ്റിനിർത്തിയപ്പോൾ തളർന്നുപോയില്ല, വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല': രമ്യാ നമ്പീശൻ

ഇപ്പോഴും സ്ത്രീകളിവിടെ സമത്വമില്ലായ്മയും പ്രശ്നങ്ങളും നേരിടുന്നുണ്ട്. കൂടുതൽ സിനിമകളും പുരുഷകേന്ദ്രീകൃതമായി തന്നെയാണ് സംഭവിക്കുന്നത്.
Updated on
1 min read

നിലപാടുകളിൽ ഉറച്ചു നിന്നതിന്റെ പേരില്‍ സിനിമയിൽ പല അവസരങ്ങളും നഷ്ടപ്പെട്ടിരുന്നു എന്ന് രമ്യാ നമ്പീശൻ. '' പല സാഹചര്യങ്ങൾ കൊണ്ടും സിനിമ ലഭിക്കാതെ പോയ അവസ്ഥ ഉണ്ടായിരുന്നു. പക്ഷെ അപ്പോഴൊന്നും അതോർന്ന് നിരാശപ്പെടുകയോ കരഞ്ഞിരിക്കുകയോ ചെയ്തിട്ടില്ല'' - രമ്യ പറഞ്ഞു. 'ബി 32 മുതൽ 44 വരെ' എന്ന സിനിമയുടെ ഭാ​ഗമായി കൊച്ചിയിൽ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

രമ്യ നമ്പീശന്റെ വാക്കുകൾ

നമ്മുടെ മലയാള സിനിമാ ഇന്റസ്ട്രിക്ക് ചില പ്രത്യേക സ്വഭാവ സവിശേഷതകൾ ഉള്ളതുകൊണ്ട്, ചില നിലപാടുകളിൽ നമ്മൾ ഉറച്ചുനിൽക്കുമ്പോൾ പലതും നമുക്ക് നഷ്ടപ്പെട്ടേക്കാം. അതിനെ ഇമോഷണലായി കാണുന്നതിന് പകരം വളരെ അഭിമാനത്തോടു കൂടിയാണ് ഞാൻ കാണുന്നത്. യാതൊരു വിട്ടുവീഴ്ചയും കൂടാതെ നമുക്ക് വേണ്ടത് വെട്ടിപ്പിടിക്കുക, നിലപാടുകളിൽ ഉറച്ചുനിൽക്കുക. അങ്ങനെ കഴിഞ്ഞാൽ മാത്രമേ സുഖമായി ഉറങ്ങാൻ പോലും സാധിക്കൂ. ഇത്തരം സമയങ്ങളിൽ തളരരുതെന്ന് എന്റെ സുഹൃത്ത് തന്നെയാണ് എന്നെ പഠിപ്പിച്ചത്.

ചില നിലപാടുകളിൽ നമ്മൾ ഉറച്ചുനിൽക്കുമ്പോൾ പലതും നമുക്ക് നഷ്ടപ്പെട്ടേക്കാം. അതിനെ ഇമോഷണലായി കാണുന്നതിന് പകരം വളരെ അഭിമാനത്തോടുകൂടിയാണ് ഞാൻ കാണുന്നത്.
രമ്യാ നമ്പീശൻ

പുറമെ നിന്ന് മാത്രം നോക്കിക്കാണാതെ ഒന്ന് ഉള്ളിലേയ്ക്ക് ഇറങ്ങി നോക്കിയാൽ ഇവിടെ ഒന്നും തന്നെ മാറിയിട്ടില്ലെന്ന വസ്തുത മനസിലാകും. ഇപ്പോഴും സ്ത്രീകളിവിടെ സമത്വമില്ലായ്മയും പ്രശ്നങ്ങളും നേരിടുന്നുണ്ട്. ഇപ്പോഴും ഇവിടെ കൂടുതൽ സിനിമകളും പുരുഷകേന്ദ്രീകൃതമായിത്തന്നെയാണ് സംഭവിക്കുന്നത്. സ്ത്രീകളുടെ സിനിമ എന്ന് കേൾക്കുമ്പോഴേ, ആ വന്നല്ലോ, എന്ന മനോഭാവമാണ് പലർക്കും. കാണും മുമ്പ് വിലയിരുത്തരുത്. ഞങ്ങൾക്ക് എന്താണ് പറയാനുളളതെന്ന് ഒന്ന് കണ്ടുനോക്കൂ.

പണ്ട് സ്ത്രീകളുടെ പ്രണയമൊക്കെ പുരുഷന്മാരിലൂടെയാണ് നമ്മൾ കേട്ടിട്ടുളളത്. ഒരു സ്ത്രീ ഇങ്ങനെ ആയിരിക്കും എന്ന പുരുഷന്റെ സങ്കൽപ്പം മാത്രമായിരുന്നു ആ സിനിമകളെല്ലാം. അതിൽ നിന്ന് മാറി പെണ്ണിന്റെ പ്രണയം പെണ്ണിലൂടെ തന്നെ കേൾക്കാൻ ശ്രമിക്കണം. അതിനൊരു അവസരം പോലും തരാതെ നിങ്ങൾ സിനിമ എടുത്ത് വിജയിച്ച് കാണിക്ക് എന്ന മനോഭാവം അല്ല വേണ്ടത്. പുരുഷാധിപത്യ സിനിമാ ലോകത്ത് ഒരു പെണ്ണ് സിനിമ എടുക്കുക എന്നാൽ അത്രയധികം പ്രയാസകരമാണ്.

സിനിമയിൽ പുരുഷനെപ്പോലെ തന്നെ സ്ത്രീയും ഒരു സ്ഥാനം അർഹിക്കുന്നുണ്ട്. അതാണ് തുല്യവേതനത്തെ കുറിച്ചുളള ചർച്ചകളിലൊക്കെ പറയാൻ ഉദ്ദേശിക്കുന്നത്. പുരുഷനെപ്പോലെ തന്നെ സ്ത്രീക്കും വേതനം ഉൾപ്പടെയുളള കാര്യങ്ങളിൽ ഒരുപോലുളള പരി​ഗണന കിട്ടുന്ന ഒരു അവസ്ഥയിലേയ്ക്ക് നമ്മളും നമ്മുടെ സിനിമകളും ഭാവിയിൽ എത്തുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.

ശ്രുതി ശരണ്യം സംവിധാനം ചെയ്ത 'ബി 32 മുതൽ 44 വരെ' ഏപ്രിൽ 6ന് തിയേറ്ററുകളിലെത്തും

logo
The Fourth
www.thefourthnews.in