ഒന്‍പത് വർഷത്തെ കാത്തിരിപ്പ്; 
അറിയിപ്പിലെ രശ്മി പറയുന്നു, അവിടെ വരെയുള്ള യാത്ര

ഒന്‍പത് വർഷത്തെ കാത്തിരിപ്പ്; അറിയിപ്പിലെ രശ്മി പറയുന്നു, അവിടെ വരെയുള്ള യാത്ര

പലപ്പോഴും സിനിമ ഉപേക്ഷിച്ച് പോയാലോ എന്ന് ചിന്തിച്ചിട്ടുണ്ട്. അതുപക്ഷേ സിനിമ ഇഷ്ടമല്ലാത്തത് കൊണ്ടല്ല, നല്ല അവസരങ്ങള്‍ കിട്ടാത്തതുകൊണ്ടാണ്
Updated on
3 min read

മഹേഷ് നാരായണന്റെ അറിയിപ്പ് മികച്ച പ്രതികരണങ്ങള്‍ നേടി നെറ്റ്ഫ്ലിക്സിൽ പ്രദർശനം തുടരുകയാണ്. വിവിധ രാജ്യാന്തര ചലച്ചിത്രമേളകളില്‍ പ്രദർശിപ്പിച്ച ചിത്രം, കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള നെറ്റ് പാക് പുരസ്കാരം നേടിയതിന് പിന്നാലെയാണ് ഒടിടിയിലെത്തിയത്. ചിത്രത്തിലെ കഥാപാത്രത്തെ തേടി നിർത്താതെ അഭിനന്ദനങ്ങള്‍ എത്തുമ്പോള്‍ ഒൻപത് വർഷത്തെ കരിയറിൽ ആദ്യമായി നായിക ആയതിന്റെയും ആ യാത്രയുടേയും അനുഭവങ്ങള്‍ ദ ഫോർത്തിനോട് പങ്കുവയ്ക്കുകയാണ് നായിക ദിവ്യപ്രഭ

അറിയിപ്പിലെ രശ്മിയിലേക്കെത്താൻ ഒൻപത് വർഷമെടുത്തു …

ഒരു മൂവിയിൽ ലീഡ് റോള്‍ ചെയ്യാൻ സത്യത്തിൽ കാത്തിരിക്കുകയായിരുന്നു. മഹേഷിന്റെ (മഹേഷ് നാരായണൻ) കൂടെ രണ്ടുചിത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ലീഡ് റോളിൽ ഒരു സിനിമ ആ ടീമിനൊപ്പം തുടങ്ങാനാകും എന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. മുൻപ് ഒന്നു രണ്ടുപേരൊക്കെ സമീപിച്ചിട്ടുണ്ടെങ്കിലും അവർ എങ്ങനെയാകും ആ സിനിമ കൺസീവ് ചെയ്യുക എന്നൊരു ധാരണ ലഭിക്കാത്തതിനാൽ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പക്ഷേ ഈ തുടക്കം ഒരു പ്രിവിലേജ് ആയിട്ടാണ് കാണുന്നത്. മാത്രമല്ല സ്ക്രിപ്റ്റ് വായിച്ചപ്പോൾ തന്നെ ഞാൻ എക്സൈറ്റഡായി, ടെൻഷൻ, പേടി എല്ലാം ഉണ്ടായിരുന്നു. കാരണം സിനിമയിൽ നായിക എന്നതിലുപരി ആ സിനിമയെ ഷോൾഡർ ചെയ്യേണ്ട കഥാപാത്രമാണ്. ചാക്കോച്ചനോടൊപ്പം തന്നെ നിൽക്കേണ്ടതാണ്. ആ ആശങ്കയോടും ഭയത്തോടും തന്നെയാണ് സിനിമയെ സമീപിച്ചത്.

മഹേഷ് നാരായണന്റെ സിനിമകൾ കുറച്ച് സീരിയസ് , അല്ലെങ്കിൽ കനമുള്ളവയാണ് …രശ്മിയാകാൻ മഹേഷ് നാരായണൻ വിളിച്ചപ്പോൾ... ?

പൊതുവിൽ ഞാനും വികാരങ്ങൾ ആഴത്തിലും കനത്തിലുമൊക്കെ പ്രകടിപ്പിക്കുന്ന കൂട്ടത്തിലാണ് . അതുകൊണ്ട് തന്നെ അത്തരം കഥാപാത്രങ്ങളെ എനിക്ക് ഉൾക്കൊള്ളാനും മനസിലാക്കാനും സാധിക്കാറുണ്ട്. നന്നായി ചെയ്യാൻ കഴിയുന്നതും പല തലങ്ങളുള്ള കഥാപാത്രങ്ങളാണെന്നാണ് തോന്നിയിട്ടുള്ളത്. സ്ക്രിപ്റ്റ് ആണെങ്കിലും വളരെ ഇഷ്ടപ്പെട്ടു. ആശങ്കയൊക്കെ ഉണ്ടായിരുന്നെങ്കിലും വളരെ സംതൃപ്തിയോടെയാണ് ചെയ്തത്.

സോഷ്യൽ മീഡിയയിൽ കാണുന്ന ചില്ലായിട്ടുള്ള ദിവ്യയിൽ നിന്ന് രശ്മിയിലേക്കുള്ള മാറ്റം … ?

ഇൻസ്റ്റഗ്രാമിൽ കാണുന്നത് എന്റെ ഒരു വശം മാത്രമാണ് . അതല്ലാത്ത ഒരു വശം കൂടിയുണ്ട്. അതുപക്ഷേ നമ്മൾ സോഷ്യൽ മീഡിയയിൽ ഇടുന്നില്ലന്നേയുള്ളൂ. എന്നാലും രശ്മി കടന്നുപോയ അവസ്ഥകളിലൂടെയൊന്നും നമ്മൾ കടന്നുപോയിട്ടില്ല. അതിനാൽ തന്നെ ആദ്യം മുതലേ ആ കഥാപാത്രത്തോട് ചേർന്നുനിൽക്കാനും രശ്മിയെ മനസിലാക്കാനുമൊക്കെ ശ്രമിച്ചിരുന്നു. ഏറ്റവും ഗുണകരമായി തോന്നിയ മറ്റൊരു ഘടകം സംഭവങ്ങളെ അതേ ഓർഡറിലാണ് ഷൂട്ട് ചെയ്തത്. അതിനാൽ തന്നെ ഇമോഷണൽ കണ്ടിന്യൂയിറ്റിയൊക്കെ നന്നായി കിട്ടി. അവിടുന്നും ഇവിടുന്നുമൊക്കെയുള്ള സീനുകൾ എടുക്കുപ്പോൾ എനിക്ക് കണ്ടിന്യൂയിറ്റി ഇത്തിരി ബുദ്ധിമുട്ടായി തോന്നാറുണ്ട്. അറിയിപ്പിൽ പക്ഷേ ആ 30 ദിവസം പരമാവധി രശ്മിയായിരിക്കാനുള്ള ഒരു ശ്രമം ഉണ്ടായിട്ടുണ്ട്. രശ്മിയെ അടുത്തറിഞ്ഞ പോലെ തോന്നി ആ സമയങ്ങളിൽ.

രശ്മിയുടെ മാനറിസങ്ങളിൽ, പ്രത്യേകിച്ച് നടപ്പിൽ പോലും അവർ കടന്നുപോകുന്ന അവസ്ഥയുണ്ട് …ബോധപൂർവമായ ഒരു ശ്രമം അതിന് പിന്നിലുണ്ടോ ?

തീർച്ചയായും ഉണ്ട്. സ്ക്രിപ്റ്റ് കിട്ടിയപ്പോൾ മുതൽ ഒരുപാട് ആലോചിച്ചിരുന്നു എങ്ങനെ ആയിരിക്കും അവർ സംസാരിക്കുക, നടക്കുക, സ്ലാങ്ങ് ഉണ്ടാകുമോ എന്നൊക്കെ. പിന്നെ ഗ്ലൗസ് ഫാക്ടറിയിൽ പോയിരുന്നു. മഹേഷ് കൃത്യതയോടെ എല്ലാ കാര്യങ്ങളും പറഞ്ഞു തന്നിരുന്നു. പിന്നെ നടപ്പ്, അതെന്റെ ബോധപൂർവമായ ശ്രമമായിരുന്നു, എന്റെ നടപ്പ് ഒരിക്കലും രശ്മിക്ക് ചേരില്ലെന്ന ഉത്തമബോധ്യം എനിക്കുണ്ടായിരുന്നു. അതുകൊണ്ട് ഇരിപ്പിലും നടപ്പിലും മാറ്റം കൊണ്ടുവന്നത്. അത് രശ്മിക്ക് ചേരുന്നുണ്ടെന്നാണ് പലരും പറഞ്ഞത്.

ക്യാരക്ടർ റോളിൽ നിന്ന് നായികയിലേക്ക് …മുൻപ് വളരെ വിരളമായൊരു സാധ്യതയായിരുന്നു

എനിക്ക് വളരെ അടിപൊളിയായി തോന്നിയ ഒരു മാറ്റമാണ് അത്. മുൻപ് നമ്മൾ ഒരു ക്യാരക്ടർ റോൾ ചെയ്താൽ പിന്നെ അത്തരം കഥാപാത്രങ്ങൾ മാത്രമാണ് വരിക. ടൈപ്പ് കാസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കണം എന്ന് തന്നെയാണ് അഭിപ്രായം. എല്ലാവരെയും എല്ലാ വേഷങ്ങളിലേക്കും പരിഗണിക്കണം. ഓഡീഷൻ ഒക്കെ നടത്തി നോക്കാലോ… അവർ പറ്റുമെന്ന് തോന്നിയാൽ അവസരം കൊടുക്കാലോ… അല്ലാതെ ചെയ്താൽ ശരിയാകില്ല, അല്ലെങ്കിൽ ആ തരം കഥാപാത്രം മാത്രമേ ചേരൂ, ചെയ്യൂ എന്നൊക്കെ തീർപ്പ് കൽപ്പിക്കുന്നത് ശരിയല്ല. സോൾട്ട് ആൻ പെപ്പറിൽ ബാബു ചേട്ടൻ, അഞ്ചാം പാതിരയിലെ ഇന്ദ്രൻസ് ചേട്ടൻ ഇതൊക്കെ ഉദാഹരണങ്ങളാണ് .

നായികയിലേക്ക് എത്താൻ ഒൻപത് വർഷം വലിയ കാലയളവ് ആണ്… എപ്പോഴെങ്കിലും സിനിമയിൽ നിന്ന് മാറി ചിന്തിച്ചിട്ടുണ്ടോ ?

പലപ്പോഴും ഉപേക്ഷിച്ച് പോയാലോ എന്ന് ചിന്തിച്ചിട്ടുണ്ട്. അത് സിനിമ ഇഷ്ടമല്ലാത്തത് കൊണ്ടല്ല, മറിച്ച് നല്ല അവസരങ്ങൾ ലഭിക്കാത്തത് കൊണ്ടാണ്. ഇടയ്ക്ക് ചെറിയ വേഷങ്ങൾ ലഭിക്കും. അതുകൊണ്ട് മറ്റ് ജോലിക്ക് പോകാനും പറ്റില്ല . സാമ്പത്തിക ബുദ്ധിമുട്ടൊക്കെയുണ്ടാകും.

2014 ൽ ഇതിഹാസ കഴിഞ്ഞ് ബോബി ആന്റ് സഞ്ജയുടെ തിരക്കഥയിൽ സീരിയലൊക്കെ ചെയ്തു. ടെലിവിഷൻ അവാർഡൊക്കെ കിട്ടി. പക്ഷേ നമ്മുക്ക് ഇതൊക്കെ ചെയ്യാനാകും എന്ന ആത്മവിശ്വാസത്തിന് അപ്പുറത്തേക്ക് അപ്പോഴും അവസരങ്ങൾ ലഭിക്കുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് ടേക്ക് ഓഫിന്റെ ഓഡീഷന് പോകുന്നതും തിരഞ്ഞെടുക്കപ്പെടുന്നതും. ടേക്ക് ഓഫ് പക്ഷെ തികച്ചും മറ്റൊരു അനുഭവമായിരുന്നു. ടേക്ക് ഓഫിന് ശേഷം ലഭിച്ച അവസരങ്ങളാണ് ഇവിടെ നിൽക്കാമെന്ന നിലയിലേക്ക് എത്തിച്ചത്. പിന്നെ ടേക്ക് ഓഫ് മുതലാണ് സിനിമയുടെ കഥ മുഴുവനായി സംവിധായകൻ പറഞ്ഞു തരുന്ന അനുഭവം എനിക്ക് ഉണ്ടായത്. ടേക്ക് ഓഫിന് ശേഷം സിനിമയുടെ കഥ മുഴുവനായും പറയുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി. അതിന് മുൻപ് നമ്മൾ സെറ്റിൽ ചെല്ലുന്നു. അപ്പോൾ മാത്രം നമ്മുടെ ഭാഗം പറയുന്നു, ചെയ്യുന്നു പോരുന്നു. പക്ഷേ ടേക്ക് ഓഫിൽ നമ്മൾ എല്ലാവരും ഇരുന്ന് ചർച്ച ചെയ്യുന്നു, ഒരു വർക് ഷോപ്പ് പോലെ നടത്തുന്നു. ആ അനുഭവങ്ങളാണ് എന്നെ സിനിമയിൽ കൂടുതൽ സഹായിച്ചിട്ടുള്ളത്.

ചിത്രം നെറ്റ്ഫ്ലിക്സിൽ വന്ന ശേഷമുള്ള പ്രതികരണങ്ങൾ ?

എന്നെ അടുത്തറിയുന്നവരൊക്കെ വളരെ സർപ്രൈസ്ഡ് ആണ്. ആരാണ് ഇത്, ദിവ്യയെ കാണാനേയില്ല എന്ന തരത്തിലൊക്കെയാണ് കൂടുതലും കേൾക്കുന്നത്.

നേട്ടങ്ങൾ സ്വഭാവികമായും ഉത്തരവാദിത്വം കൂട്ടും ...

ഉത്തരവാദിത്വം എന്നൊക്കെ ആൾക്കാർ പറഞ്ഞു കേട്ടിട്ടേയുണ്ടായിരുന്നുള്ളു. ഇപ്പോഴാണ് ഞാൻ അതിന്റെ ഒരു സമ്മർദ്ദം അറിയുന്നത്. ഉറപ്പായും ഇനി ലഭിക്കുന്ന കഥാപാത്രങ്ങളെ കൂടുതൽ നന്നാക്കാൻ ശ്രമിക്കും. അതിന്റെ ചെറിയ ഒരു പേടിയുമുണ്ട്. ഒന്നുരണ്ടു പ്രോജക്ടുകൾ സംസാരിക്കുന്നുണ്ട്, പറയാറായിട്ടില്ല. നല്ല അവസരങ്ങൾ വരുമെന്നാണ് പ്രതീക്ഷ.

logo
The Fourth
www.thefourthnews.in