കാനിലെ പൂർണിമ ടച്ച്; റെഡ് കാർപ്പറ്റിൽ ദിവ്യ തിളങ്ങിയത് 'പ്രാണ'യിലൂടെ
കാൻ രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ കനി കുസൃതിയുടെയും ദിവ്യ പ്രഭയുടെയും റെഡ് കാർപ്പറ്റിലെ ചിത്രങ്ങള്‍ മലയാളികളും ഇന്ത്യന്‍ സിനിമാ ലോകവും അഭിമാനത്തോടെയാണ് ഏറ്റെടുത്തത്. 30 വർഷത്തിനുശേഷം കാനിലെ മത്സരവിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സിനിമയുടെ മലയാള സാന്നിധ്യമായിരുന്നു ഇരുവരും. മാത്രവുമല്ല, പലസ്തീൻ ഐക്യദാർഢ്യവുമായി തണ്ണിമത്തൻ ബാഗുമായി വന്ന കനിയുടെ പ്രഖ്യാപനവും മലയാളികൾ ഏറ്റെടുത്തു.
റെഡ് കാർപ്പറ്റിലെ ദിവ്യ പ്രഭയുടെ നൃത്തച്ചുവടുകളും വസ്ത്രവും സ്റ്റൈലിങ്ങും വ്യത്യസ്തമായിരുന്നു. ഇപ്പോഴിതാ വസ്ത്രത്തിലെ മലയാളി ടച്ചും പുറത്ത് വന്നിരിക്കുകയാണ്. ദിവ്യ പ്രഭയുടെ ഭംഗിയുള്ള ഗൌണിന് പിന്നിൽ പൂർണിമ ഇന്ദ്രജിത്തിൻ്റെ പ്രാണയാണെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. പ്രാണയുടെയും പൂർണിമയുടെയും സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമയുടെ സുപ്രധാന നിമിഷത്തിൻ്റെ ഭാഗമായതിൻ്റെ ആവേശത്തിലാണെന്ന ക്യാപ്ഷനോടെയാണ് പ്രാണ ദിവ്യയുടെ കാനിലെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. കാനിലെ റെഡ് കാർപ്പറ്റിൽ പ്രാണയിലെ വസ്ത്രം ധരിച്ചത് വലിയ ബഹുമതിയാണെന്ന് പൂർണിമ ഇന്ദ്രജിത്തും പങ്കുവച്ചു. മഷ്റു ഫാബ്രിക് സ്കേർട് സെറ്റ് കൊണ്ട് നിർമിച്ച വസ്ത്രവും ബനാറസി സാരി കൊണ്ടുള്ള ബ്രാലെറ്റുമായിരുന്നു ദിവ്യയ്ക്ക് വേണ്ടി പ്രാണ തയ്യാറാക്കിയ വേഷം.
പായൽ കപാഡിയ സംവിധാനം ചെയ്ത 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' എന്ന സിനിമ മുബൈയിലെത്തുന്ന രണ്ട് മലയാളി നഴ്സുമാരുടെ കഥയാണ് പറയുന്നത്. ഈ കഥാപാത്രങ്ങളെയാണ് കനി കുസൃതിയും ദിവ്യ പ്രഭയും അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ഛായ കദം, ഹൃധു ഹാറൂൺ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാരീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലക്സ്ബോക്സാണ് ചിത്രം ആഗോളതലത്തിൽ അവതരിപ്പിക്കുന്നത്. ആദ്യമായാണ് ഇന്ത്യൻ സംവിധായികയുടെ സിനിമ കാനിൽ പ്രദർശിപ്പിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
അതേസമയം 'പാം ദിയോർ' വിഭാഗത്തിൽ പ്രദർശിപ്പിച്ച സിനിമയ്ക്ക് മികച്ച റിവ്യൂയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ നൽകിയത്. ദി ഗാർഡിയൻ ഫൈവ് സ്റ്റാർ നൽകിയാണ് സിനിമയെ കുറിച്ചുള്ള റിവ്യൂ പ്രസിദ്ധീകരിച്ചത്. പായലിൻ്റെ സംവിധാന മികവും മാധ്യമങ്ങൾ എടുത്തു പറയുന്നു. ഒരു അതുല്യ സംവിധായികയുടെ ഉദയമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നത്. എട്ട് മിനുറ്റ് സ്റ്റാൻഡിങ് ഓവിയേഷനാണ് സിനിമയ്ക്ക് ലഭിച്ചത്.