ദിവ്യ സ്പന്ദന സിനിമയിലേക്ക് തിരിച്ചെത്തുന്നു ; 10 വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവ്  നിര്‍മാതാവായി

ദിവ്യ സ്പന്ദന സിനിമയിലേക്ക് തിരിച്ചെത്തുന്നു ; 10 വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവ് നിര്‍മാതാവായി

രാഷ്ട്രീയത്തിലിറങ്ങാനായി 2012ലാണ് ദിവ്യ സിനിമയില്‍ നിന്ന് ഇടവേളയെടുത്തത്
Updated on
1 min read

തെന്നിന്ത്യന്‍ നടിയും മുന്‍ കോണ്‍ഗ്രസ് എം പിയുമായ ദിവ്യ സ്പന്ദന ( രമ്യ ) സാന്‍ഡല്‍വുഡില്‍ തിരിച്ചെത്തുന്നു.ദിവ്യ സ്പന്ദന തന്നെയാണ് കന്നഡ ചലച്ചിത്ര ലോകത്തേക്കുള്ള പുനഃ പ്രവേശം സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്.നിര്‍മാതാവിന്റെ വേഷത്തിലാണ് ദിവ്യയുടെ മടങ്ങി വരവ്. ആപ്പിള്‍ ബോക്‌സ് സ്റ്റുഡിയോസിന്റെ ബാനറിലാകും സിനിമ നിര്‍മാണമെന്നും അവര്‍ വ്യക്തമാക്കി.

രാഷ്ട്രീയത്തിലിറങ്ങാനായി 2012ലാണ് ദിവ്യ സിനിമയില്‍ നിന്ന് ഇടവേളയെടുത്തത്.തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അംഗത്വം എടുത്ത അവര്‍ കര്‍ണാടകയിലെ മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് 2013ലെ ഉപതെരഞ്ഞെടുപ്പില്‍ ജനവിധി തേടി വിജയിച്ചു. 2014 ലെ പൊതു തെരഞ്ഞെടുപ്പില്‍ വീണ്ടും ജനവിധി തേടിയെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മാധ്യമ വിഭാഗം ചുമതലക്കാരിയായി പ്രവര്‍ത്തിച്ച ദിവ്യ സ്പന്ദന ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് അകലുകയായിരുന്നു.

2004ല്‍ തമിഴ് ചലച്ചിത്രമായാ 'കുത്തു' ലൂടെയാണ് ദിവ്യ സ്പന്ദന, രമ്യ എന്ന പേരില്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. സൂപ്പര്‍ താരം പുനീത് രാജ്കുമാറിനോടൊപ്പം അഭിനയിച്ച 'അഭി ' ആണ് ആദ്യ കന്നഡ ചിത്രം. സൂര്യക്കൊപ്പം ജോഡിയായി എത്തിയ 'വാരണം ആയിരം' ജനപ്രീതി നേടിയ ചിത്രങ്ങളിലൊന്നാണ്. 'സഞ്ജു വെഡ്‌സ് ഗീത' എന്ന കന്നഡ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കര്‍ണാടക സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കന്നഡ -തമിഴ് - തെലുഗു ചിത്രങ്ങളില്‍ ഒരുപോലെ തിളങ്ങിയ ദിവ്യ സ്പന്ദനയുടെ തിരിച്ചു വരവിനെ സ്വാഗതം ചെയ്യുകയാണ് സിനിമാ ലോകം.

logo
The Fourth
www.thefourthnews.in