നീലക്കുറിഞ്ഞി കാണാനുള്ള പോക്ക് ദുരന്തമാവുന്നു: നീരജ് മാധവ്
പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി കാണാന്‍ നിരവധിപേരാണ് ഇടുക്കി ശാന്തന്‍പാറയിലെ കള്ളിപ്പാറയില്‍ എത്തുന്നത്. എന്നാല്‍ നീലക്കുറിഞ്ഞി സന്ദര്‍ശനം ദുരന്തം ആക്കരുത് എന്നഭ്യര്‍ത്ഥിക്കുകയാണ് നടന്‍ നീരജ് മാധവ്. സഞ്ചാരികള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിയ ദോഷമാണ് പ്രകൃതിയില്‍ ഉണ്ടാക്കുന്നത് എന്നോർമ്മിപ്പിക്കുന്ന കുറിപ്പ് ആണ് നീരജ് മാധവ് പങ്കുവെച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
'നീലക്കുറിഞ്ഞി കാണാനുള്ള യാത്ര ഒരു വലിയ ദുരന്തമായി മാറുകയാണ്. ആളുകള്‍ വലിയ അളവില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നു. അധികൃതർ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ആളുകള്‍ അതൊന്നും കാര്യമാക്കുന്നില്ല. നീലക്കുറിഞ്ഞി കാണാനെത്തുന്നവരോട് ഒരു അഭ്യര്‍ത്ഥന, പ്ലാസ്റ്റിക് കൊണ്ടുപോകരുത്, കൊണ്ടുപോയാല്‍ തന്നെ ദയവായി അത് വലിച്ചെറിയരുത്'.
ഇത്തവണ ഇടുക്കി ജില്ലയിലെ പശ്ചിമഘട്ട മലനിരകളില്‍ പൂത്ത നീലക്കുറിഞ്ഞി കാണാന്‍ നിരവധിപേരാണ് കള്ളിപ്പാറയില്‍ എത്തുന്നത്. ആദ്യമായാണ് ഈ മേഖലയില്‍ കുറിഞ്ഞി പൂക്കുന്നത്. പൂക്കള്‍ പറിക്കുന്നതിന് പോലും വിലക്കുള്ള മേഖലയില്‍ വിനോദസഞ്ചാര-വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കുറിഞ്ഞിച്ചെടികളെ സംരക്ഷിക്കുന്നതിന് പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പല സഞ്ചാരികളും ഇത്തരം നിയന്ത്രണങ്ങളൊന്നും കണക്കിലെടുക്കാതെയാണ് അലക്ഷ്യമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത്.
പന്ത്രണ്ടു വര്‍ഷം കൂടുമ്പോള്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി ആളുകള്‍ക്ക് ഏറെ കൗതുകമായതിനാല്‍ തന്നെ ടൂറിസം മേഖലയിലും അത് വലിയ ചലനങ്ങല്‍ ഉണ്ടാക്കിയിട്ടുണ്ട് . എന്നാല്‍ കാര്യമായ നിയന്ത്രണങ്ങള്‍ ഒന്നും തന്നെ ഈ മേഖലയില്‍ ഏര്‍പ്പെടുത്തിയിട്ടില്ല. പ്രകൃതിയില്‍ വരുന്ന ചെറിയ മാറ്റങ്ങള്‍ പോലും സാരമായി ബാധിക്കുന്ന പൂക്കള്‍ക്ക് സഞ്ചാരികള്‍ വിലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും സ്‌നാക്‌സ് കവറുകളും മറ്റും വിനയായി മാറുന്നത് തടയുന്നതിനായി കൃത്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്.
ദീപാവലി അവധി പ്രമാണിച്ച് വരും ദിവസങ്ങളില്‍ വലിയ തോതിലുള്ള ജനപ്രവാഹം തന്നെ കള്ളിപ്പാറയിലേക്ക് ഉണ്ടായേക്കാം. അതിനാല്‍ ആളുകള്‍ക്ക് കുടിവെള്ളം ഉറപ്പാക്കാനും പ്ലാസ്റ്റിക് കൊണ്ടുപോകുന്നത് തടയാനും നടപടി സ്വീകരിച്ചാല്‍ മലനിരകളില്‍ മാലിന്യം കുന്നുകൂടുന്നത് തടയാന്‍ സാധിക്കും.