ഭാരതം എന്ന് ഉപയോഗിക്കരുത്, 'ഒരു ഭാരതസര്‍ക്കാര്‍ ഉത്പന്നം' സിനിമയുടെ പേര് മാറ്റണം, നോട്ടീസ് നല്‍കി സെന്‍സര്‍ ബോര്‍ഡ്
ഒരു ഭാരതസര്‍ക്കാര്‍ ഉത്പന്നം സിനിമയുടെ പേര് മാറ്റണമെന്ന് നിര്‍ദേശിച്ച് സെന്‍സര്‍ ബോര്‍ഡ്. സിനിമയുടെ പേരില്‍ ഭാരതം എന്ന് ഉപയോഗിക്കരുതെന്ന് കാട്ടിയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്. ഇതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പിന്‍വലിക്കണമെന്നും നിര്‍ദേശമുണ്ട്. മറ്റു മാര്‍ഗങ്ങളില്ലെങ്കില്‍ ചിത്രത്തിന്റെ പേരുമാറ്റുമെന്നു അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. പേര് മാറ്റിയില്ലെങ്കില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കെറ്റ് നല്‍കില്ലെന്നും ബോര്‍ഡ് നോട്ടീസില്‍ പറയുന്നു. അണിയറ പ്രവര്‍ത്തകര്‍ക്ക് ആവശ്യമെങ്കില്‍ റിവ്യൂ കമ്മിറ്റിയെ സമീപിക്കാമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.
ഭവാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിസാം റാവുത്തര്‍ എഴുതി ടി വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം'. സുബീഷ് സുധി, ഷെല്ലി എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ടി വി കൃഷ്ണന്‍ തുരുത്തി, രഞ്ജിത്ത് ജഗന്നാഥന്‍, കെ സി രഘുനാഥന്‍ എന്നിവരാണ് നിര്‍മിച്ചിരിക്കുന്നത്. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സുബീഷ് സുധി മുഖ്യകഥാപാത്രമായി എത്തുന്ന ആദ്യചിത്രമാണ് 'ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം'.
ഒരു ബൈക്കില്‍ യാത്രചെയ്യുന്ന അച്ഛനും അമ്മയും നാല് മക്കളും അടങ്ങുന്ന ഒരു കുടുംബത്തിന്റെ ചിത്രമായിരുന്നു ഫസ്റ്റ്ലുക്ക് പോസ്റ്ററിലുള്ളത്. മിന്നല്‍ മുരളിയിലെ ഉഷ എന്ന കഥാപാത്രത്തിന് ശേഷം ഷെല്ലി ചെയ്യുന്ന മറ്റൊരു ശക്തമായ കഥാപാത്രമാണ് ഈ സിനിമയിലേത്. അജു വര്‍ഗീസ്, ലാല്‍ ജോസ്, ജാഫര്‍ ഇടുക്കി, ജോയ് മാത്യു, വിനീത് വാസുദേവന്‍, ഗൗരി ജി കിഷന്‍, വിജയ് ബാബു, ദര്‍ശന എസ് നായര്‍, ഹരീഷ് കണാരന്‍, ഗോകുലന്‍, റിയാ സൈറ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആശാവര്‍ക്കര്‍മാരുടെ ദൈനംദിന ജീവിതം ഒരു സിനിമയില്‍ പശ്ചാത്തലമായി വരുന്നത് ഇത് ആദ്യമായാണ്. മുരളി കെ വി രാമന്തളി സഹനിര്‍മാതാവായ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് അന്‍സര്‍ ഷായാണ്. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- രഘുരാമവര്‍മ്മ, എക്സികുട്ടീവ് പ്രൊഡ്യൂസര്‍- നാഗരാജ് നാനി, എഡിറ്റര്‍ ജിതിന്‍ ഡി കെ, സംഗീതം- അജ്മല്‍ ഹസ്ബുള്ള, അന്‍വര്‍ അലി, വൈശാഖ് സുഗുണന്‍ എന്നിവരാണ് ഗാനങ്ങള്‍ എഴുതിയിട്ടുള്ളത്. മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം- സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍- ദീപക് പരമേശ്വരന്‍, സ്റ്റില്‍സ്- അജി മസ്‌ക്കറ്റ്, പിആര്‍ & മാര്‍ക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി മീഡിയ, പിആര്‍ഒ- എ എസ് ദിനേശ്, പബ്ലിസിറ്റി ഡിസൈന്‍- യെല്ലോ ടൂത്ത്. മാര്‍ച്ചില്‍ ചിത്രം തീയ്യേറ്ററുകളിലെത്തും