'എനിക്ക് നിങ്ങൾ പോരാടുന്നത് കാണണം'; ആരാണ് റീൽസിലൂടെ രാജ്യാതിർത്തി കടന്നെത്തിയ മിറിയം മക്കെബ!

'എനിക്ക് നിങ്ങൾ പോരാടുന്നത് കാണണം'; ആരാണ് റീൽസിലൂടെ രാജ്യാതിർത്തി കടന്നെത്തിയ മിറിയം മക്കെബ!

ഐക്യം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആഫ്രിക്കൻ പൈതൃകത്തെ ആഘോഷമാക്കുകയാണ് അഫ്രോപോപ്പ് ഴോണറിൽ 'ഓഹെ മക്കെബ'
Updated on
3 min read

Would you not resist if you were allowed no rights in your own country because the color of your skin is different to that of the rulers and if you were punished for even asking for equality? - Miriam Makeba

തൊലിയുടെ നിറത്തിന്റെ പേരിൽ സ്വന്തം രാജ്യത്ത് നിന്നും നിങ്ങൾക്ക് അവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ, തുല്യത ആവശ്യപ്പെട്ടതിന് പോലും ശിക്ഷിക്കപ്പെട്ടാൽ, നിങ്ങൾ പ്രതികരിക്കില്ലേ? - ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്ന വർണ്ണവിവേചനത്തിനെതിരെ സം​ഗീതത്തിലൂടെ പൊരുതിയ ലോകപ്രശസ്ത ​ഗായിക മക്കെബയുടെ ഈ ചോദ്യം ഇന്നും പ്രസിദ്ധമാണ്. 1953 മുതൽ 2008 വരെ ലോക സം​ഗീത പ്രേമികൾക്ക് പ്രതിഷേധത്തിന്റെസ്വരമായിരുന്നു മക്കെബ. ഫ്രഞ്ച് ​ഗായികയും എഴുത്തുകാരിയുമായ ജെയ്ൻ 2015 നവംബർ 6ന് പുറത്തിറക്കിയ 'ഓഹെ മക്കെബ' എന്ന ​ഗാനം ഇന്ന് സോഷ്യൽ മീഡിയയിൽ തരം​ഗമാവുമ്പോൾ വീണ്ടും ആ സ്വരം ഓർമ്മിക്കപ്പെടുന്നു. മക്കെബയോടുളള ആദരസൂചകമായാണ് ജെയ്ൻ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. രാജ്യാതിർത്തികൾ കടന്ന് മുന്നേറുന്ന മക്കെബ എന്ന ​ഗാനം 'മാമാ ആഫ്രിക്ക' എന്ന് വിളിപ്പേരുള്ള ഒരു വ്യക്തിയെ ഓർമ്മിപ്പിക്കുന്നുവെങ്കിൽ ‌‌അത് എന്തുകൊണ്ടെന്ന് കൂടി തിരിച്ചറിയേണ്ടതല്ലേ!

ആരാധകർക്കുമുന്നിലെ മിറിയം മക്കെബയുടെ ആവേശപ്രകടനം
ആരാധകർക്കുമുന്നിലെ മിറിയം മക്കെബയുടെ ആവേശപ്രകടനം

പൗരാവകാശ പ്രവർത്തകയും നടിയും ഗാനരചയിതാവും ദക്ഷിണാഫ്രിക്കൻ ഗായികയുമായിരുന്നു മിറിയം മക്കെബ. ലോകം മുഴുവൻ കാതോർത്ത മക്കെബയുടെ ശബ്ദത്തിന് ഇന്നും ആരാധകരേറെയാണ്. ആഫ്രിക്കയിലെ വർണ്ണവിവേചന വിരുദ്ധ പ്രസ്ഥാനത്തിലെ പ്രശസ്ത ആക്ടിവിസ്റ്റുകളിൽ ഒരാൾ. ഭരണകൂടത്തിന്റെ അനീതികൾക്കും പൗരാവകാശ ലംഘനങ്ങൾക്കുമെതിരെ ഉറച്ച ശബ്ദത്തിൽ നിലകൊണ്ട ധീരവനിത. 1950-കളിൽ ജാസ്, അഫ്രോ പോപ്പ് എന്നീ ഴോണറുകളിലായിരുന്നു മക്കെബയുടെ സംഗീത ജീവിതത്തിന്റെ തുടക്കം. സ്വയം നേരിടേണ്ടിവന്ന നീതിനിഷേധങ്ങൾക്ക് പ്രതിഷേധമെന്നവണ്ണം സംഗീതത്തെ ഉപയോഗിച്ചു എന്ന കാരണത്താൽ സ്വന്തം രാജ്യത്ത് നിന്ന് നാടുകടത്തപ്പെടുകയും പാസ്‌പോർട്ട് റദ്ദാക്കപ്പെടുകയും ചെയ്തതാണ് മുമ്പ് പറഞ്ഞ ചോദ്യം ഉന്നയിക്കാൻ മക്കെബയെ പ്രേരിപ്പിച്ചത്.

വർണവിവേചനത്തിൽ പൊറുതിമുട്ടിയ ദക്ഷിണാഫ്രിക്കൻ ജനത കരുതി മക്കെബ അവരുടെ സ്വരമാണെന്ന്. എന്നാൽ യഥാർത്ഥത്തിൽ ആർക്കും വേണ്ടി നിരത്തിലിറങ്ങിയതായിരുന്നില്ല താനെന്നും കൈപ്പേറിയ സ്വന്തം അനുഭവങ്ങളെ സമൂഹത്തോട് വിളിച്ചുപറയുക മാത്രമായിരുന്നു താൻ ചെയ്തിരുന്നതെന്നുമായിരുന്നു അവകാശനിഷേധങ്ങൾക്കൊടുവിലെ മക്കെബയുടെ പ്രതികരണം. അമ്മ മരിച്ചപ്പോൾ പോലും മക്കെബയ്ക്ക് രാജ്യം പ്രവേശനം അനുവദിച്ചില്ല.

മിറിയം മക്കെബ -  മാമാ ആഫ്രിക്ക
മിറിയം മക്കെബ - മാമാ ആഫ്രിക്ക

1966-ൽ ഗ്രാമി അവാർഡ് ലഭിച്ച ആദ്യത്തെ ആഫ്രിക്കൻ കലാകാരി കൂടിയായ മക്കെബയുടെ വലിയ ആരാധിക ആയിരുന്നു മക്കെബ ​ഗാനത്തിന് പിന്നിലെ ​ഗായിക ജെയ്ൻ. അതുകൊണ്ടുകൂടിയാണ് തന്റെ ആദ്യ സം​ഗീത ആൽബമായ 'സനക' മക്കെബയ്ക്ക് സമർപ്പിച്ചത്. മക്കെബയുടെ സം​ഗീത ജീവിതം സമൂഹത്തിൽ ചെലുത്തിയ സ്വാധീനം നാടകീയമായി ദൃശ്യവൽക്കരിക്കുകയാണ് ജെയ്ൻ. ലോകത്തെ തന്നെ തലകീഴായ് മറിക്കാൻ പോന്നതാണ് സം​ഗീതമെന്ന് ജെയ്നിന്റെ 'ഓഹെ മക്കെബ'യുടെ ദൃശ്യങ്ങൾ പറഞ്ഞുവെക്കുന്നു. ഐക്യം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആഫ്രിക്കൻ പൈതൃകത്തെ ആഘോഷമാക്കുകയാണ് അഫ്രോപോപ്പ് ഴോണറിൽ 'ഓഹെ മക്കെബ'.

I want to hear your breath just next to my soul,

I want to feel oppress without any rest,

I want to see you sing, i want to see you fight,

Because you are the real beauty of human right

'എനിക്ക് നിങ്ങൾ പാടുന്നത് കാണണം, പോരാടുന്നത് കാണണം, കാരണം നിങ്ങളാണ് മനുഷ്യാവകാശത്തിന്റെ യഥാർത്ഥ സൗന്ദര്യം'

പ്രതിഷേധിക്കുക മാത്രമായിരുന്നില്ല മക്കെബ, പ്രതിഷേധിക്കാൻ പ്രേരിപ്പിക്കുക കൂടിയായിരുന്നു. 'ഓഹെ മെക്കബ' എന്ന ​ഗാനത്തെ ആസ്വദിക്കുന്നവർ കേൾക്കുന്നത് പാട്ടിലെ കോറസ് മാത്രമാണ്. അതിനു മുമ്പ് പറയുന്ന വരികളിൽ മക്കെബയുടെ പ്രതിഷേധ സമരത്തിലേയ്ക്കുളള ക്ഷണത്തെ ആണ് ഉൾക്കൊള്ളിച്ചിരുിക്കുന്നതെന്നുമായിരുന്നു സനകയുടെ റിലീസിന് ശേഷം ജെയ്ൻ പറഞ്ഞത്.

നമ്മുടെ പോരാട്ടത്തിൽ പാട്ടുകൾ നമുക്ക് കേവലം വിനോദമല്ല. ഞങ്ങൾ ആശയവിനിമയം നടത്തുന്ന രീതി ഇതാണ് എന്നായിരുന്നു മക്കെബയുടെ പക്ഷം. മാതൃരാജ്യത്തും യുഎസിലും മക്കെബ ആരാധകർ അവളെ ഒരു 'സ്റ്റൈൽ ഐക്കൺ' എന്ന് വിശേഷിപ്പിച്ചു. മേക്കപ്പ് ഇല്ലാതെയും മുടി ചീകിമിനുക്കാതെയും വേദികളിലെത്തിയ മെക്കബ 'ആഫ്രോ ലുക്ക്' എന്ന പേരിൽ അറിയപ്പെട്ട അന്തർദേശീയ ശൈലി ജനിക്കാൻ വരെ കാരണക്കാരിയായി.

ജെയ്നിന്റെ ഓഹെ മെക്കബ ​പോസ്റ്റർ
ജെയ്നിന്റെ ഓഹെ മെക്കബ ​പോസ്റ്റർ

കേവലം വിനോദമെന്നതിലുപരി തന്റെ സം​ഗീതത്തോട് മക്കെബ പുലർത്തിയ ആത്മസമര്‍പ്പണത്തിൽ ഹരം കൊണ്ട ജെയ്ൻ ഇങ്ങനെ കൂടി എഴുതിച്ചേർത്തു.

Nobody can beat the Mama Africa,

You follow the beat that she's going to give you,

Only her smile can all make it go,

The sufferation of a thousand more,

'മാമാ ആഫ്രിക്കയെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല, അവളുടെ താളം നിങ്ങൾ പിന്തുടരുക. അവളുടെ പുഞ്ചിരിക്ക് മാത്രമേ ഓരായിരം പേരുടെ കഷ്ടപ്പാടുകളെ മായ്ക്കാൻ കഴിയൂ.'

logo
The Fourth
www.thefourthnews.in