മിസ്സ് ചെയ്യരുത്, ഈ ആക്ഷൻ പാക്കഡ് മലയാള ചിത്രങ്ങൾ
അടുത്തിടെ പുറത്തിറങ്ങിയ മലയാളം ആക്ഷൻ ചിത്രങ്ങളിൽ പ്രേക്ഷകർ ഏറെ കാത്തിരുന്നത് ദുൽഖർ സൽമാൻ നായകനായ കിംഗ് ഓഫ് കൊത്ത ആയിരുന്നു. വലിയ ഹൈപ്പോടെയാണ് ചിത്രം റിലീസ് ചെയ്തതെങ്കിലും പ്രതീക്ഷിച്ചത്ര മികച്ച പ്രതികരണങ്ങൾ പ്രേക്ഷകരിൽ നിന്നുണ്ടായില്ല. പക്ഷേ, ഈ വർഷം റിലീസ് ചെയ്യാനിരിക്കുന്ന ചില ആക്ഷൻ ചിത്രങ്ങൾ മിസ്സ് ചെയ്യരുതെന്നാണ് ഇപ്പോൾ സിനിമാലോകം പറയുന്നത്.
അജയന്റെ രണ്ടാം മോഷണം (എആർഎം)
ടോവിനോ തോമസ് നായകനാകുന്ന അജയന്റെ രണ്ടാം മോഷണം ആണ് പ്രേക്ഷകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. പൊതുവെയുള്ള മോഡേൺ വേഷങ്ങളിൽ നിന്ന് മാറി, ഒരു നാട്ടിന്‍ പുറത്തുകാരനായാണ് ടോവിനോ ചിത്രത്തിന്റെ ടീസറിൽ പ്രത്യക്ഷപ്പെട്ടത്. താൻ ശരിയെന്ന് വിശ്വസിക്കുന്ന കാര്യങ്ങൾക്കായി ഏതറ്റം വരെയും പോരാടുന്ന, ആരെയും കൂസാത്ത, ഗ്രാമീണ നായകനായാണ് ടോവിനോ പ്രേക്ഷകർക്ക് മുന്‍പില്‍ എത്തുന്നത്. മിന്നൽ മുരളി, 2018 തുടങ്ങിയ ചിത്രങ്ങൾ ഇന്ത്യയിലുടനീളം പ്രശസ്തി നേടിയെങ്കിലും ടോവിനോയുടെ ആദ്യ പാൻ-ഇന്ത്യ ചിത്രമായാണ് എആർഎമ്മിനെ കാണുന്നത്.
ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന എആർഎം വടക്കൻ കേരളത്തിലെ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെയും യുജിഎം പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ സക്കറിയ തോമസ്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ബസൂക്ക
തീയേറ്റർ ഓഫ് ഡ്രീംസിന്റെ സഹ നിർമാതാക്കളായ യോഡ്‌ലി ഫിലിംസ് നിർമ്മിക്കുന്ന അരങ്ങേറ്റ ചിത്രമാണ് ബസൂക്ക. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ചിത്രത്തിന് ക്രൈം ഡ്രാമയ്ക്ക് വേണ്ട തിരക്കഥയും കൃത്യമായ കഥാപാത്രങ്ങളുമുണ്ടെന്ന് താരം അഭിപ്രായപ്പെട്ടിരുന്നു. കൊച്ചിയിലും ബെംഗളൂരുവിലുമായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഗൗതം വാസുദേവ് മേനോൻ, ബാബു ആന്റണി, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, ദിവ്യ പിള്ള, ജഗദീഷ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ബാബു ആന്റണിയും മമ്മൂട്ടിയും തമ്മിലുള്ള ഒരു ഫൈറ്റ് സീന്‍, കഴിഞ്ഞ ആഴ്ചകളിൽ വലിയ ചർച്ചകള്‍ക്ക് വഴിവച്ചിരുന്നു.
കാസർഗോൾഡ്
ട്രിപ്പി, ക്രൈം ഡ്രാമയായ കാസർഗോൾഡിന്റെ ടീസർ തകർപ്പൻ സ്കോറും ആക്ഷൻ സീക്വൻസുകളും കൊണ്ട് ആരാധകരെ അതിശയപ്പിച്ചിരുന്നു. മൃദുൽ നായർ സംവിധാനം ചെയ്ത് യൂഡ്‌ലി ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ എന്നിവരാണ് കേന്ര കഥാപാത്രമായി എത്തുന്നത്. ബി ടെക്കിനു ശേഷം മൃദുലും ആസിഫും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ജീവിതത്തിൽ അത്യാഗ്രഹത്താൽ തകർച്ചയുടെ വക്കിൽ എത്തി നിൽക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് കാസർഗോൾഡ്. സിദ്ധിഖ്, സമ്പത്ത് റാം, ദീപക് പുറമ്പോല്‍ , ധ്രുവന്‍ , അഭിരാം രാധാകൃഷ്ണന്‍ , സാഗര്‍ സൂര്യ, പ്രശാന്ത് മുരളി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 2023 സെപ്റ്റംബർ 15ന് ചിത്രം റിലീസ് ചെയ്യും.