'അദൃശ്യ ജാലകങ്ങളി'ല്‍ 
ടൊവീനോ തോമസ് ഇല്ല: 
ഡോ.ബിജു

'അദൃശ്യ ജാലകങ്ങളി'ല്‍ ടൊവീനോ തോമസ് ഇല്ല: ഡോ.ബിജു

8 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ഓഗസ്റ്റിൽ തിയറ്ററുകളിലെത്തും
Updated on
2 min read

ഡോക്ടർ ബിജുവിൻ്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനായി എത്തുന്ന അദൃശ്യ ജാലകങ്ങളുടെ പോസ്റ്റർ പുറത്തുവന്നപ്പോള്‍ മുതല്‍ നിരവധി ചോദ്യങ്ങള്‍ ഉയർന്നിരുന്നു . സിനിമയിലെ കഥാപാത്രത്തിന് വേണ്ടി വെളുത്ത നടനെ കറുപ്പിക്കുന്നതെന്തിന്, പകരം കറുത്ത നിറമുള്ളൊരാളെ കഥാപാത്രത്തിനായി തിരഞ്ഞെടുത്തുകൂടെ എന്നായിരുന്നു പ്രധാന വിമർശനം. ആ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നു സംവിധായകന്‍ ഡോ.ബിജു

സിനിമയിൽ പേരില്ലാത്ത കഥാപാത്രമായാണ് ടൊവീനോ എത്തുന്നത്. ടൊവീനോയുടെ കഥാപാത്രം ഒരു സമൂഹത്തെയും പ്രതിനിധീകരിക്കുന്നതല്ല, കഠിനമായ വെയിലത്ത് ജോലി ചെയ്യുന്ന ഒരു വ്യക്തിയായാണ് നായകനെ കാണിക്കുന്നതെന്നും ഡോ. ബിജു പറയുന്നു. ഇതൊരു സാങ്കൽപ്പിക കഥാപാത്രം മാത്രമാണ്. നായകനെ കറുപ്പിച്ച് കാണിക്കുന്നില്ല. ടാന്‍ ചെയ്യുന്നതിനുള്ള മേക്കപ്പ് മാത്രമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സൂപ്പർതാരം എന്ന നിലയിൽ മലയാളികളുടെ പ്രിയനടനാണ് ടൊവീനോ. രൂപത്തിലും ഭാവത്തിലും മുൻ കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും അദൃശ്യജാലകത്തിലേത് എന്ന് പറയുന്നു സംവിധായകൻ.

'ടൊവീനോ എന്ന ഒരു താരം ഇതില്‍ വരുന്നില്ല. ആ കഥാപാത്രം മാത്രമെ ഉള്ളൂ. ടൊവീനോ ഇതു വരെ ചെയ്ത സിനിമകളിലെ കഥാപാത്രങ്ങളുമായി ഒരു സാമ്യതയും കാണില്ല, പൂര്‍ണ്ണമായും അദ്ദേഹത്തെ മാറ്റിപ്പണിയാന്‍ സാധിച്ചിട്ടുണ്ട്.

ടൊവീനോയുടെ ശരീര ഭാഷ, മാനറിസം എല്ലാം മാറിയിട്ടുണ്ട്. ഒരു സിനിമ മുഴുവന്‍ ഒരേ മാനറിസം പുന്തുടരുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പത്ത് നാല്പത് ദിവസം ഷൂട്ട് ചെയ്യുമ്പോള്‍ ഒരു പക്ഷേ അത് മാറിപ്പോയെന്നും വരാം. എന്നാല്‍ ആ മാനറിസവും ശരീരഭാഷയും നിലനിര്‍ത്തുന്ന കാര്യത്തില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ട്. അടുത്തുള്ള ആളുകള്‍ക്ക് പോലും ഈ കഥാപാത്രം ടൊവീനോ ആണെന്ന് തിരിച്ചറിയാന്‍ സമയം എടുക്കും- ഡോ. ബിജു പറയുന്നു.

പേരറിയാത്തവര്‍, ആകാശത്തിന്റെ നിറം, വീട്ടിലേയ്ക്കുള്ള വഴി, വലിയ ചിറകുള്ള പക്ഷികള്‍, ട്രീസ് അണ്ടര്‍ ദി സണ്‍ തുടങ്ങി തൻ്റെ ചിത്രങ്ങളിലെല്ലാം തന്നെ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളാണ് ഡോ.ബിജു ആവിഷ്കരിച്ചത്. സർ റിയലസ്റ്റിക് ഫാൻ്റസി ചിത്രമായി ഒരുങ്ങുന്ന അദൃശ്യ ജാലകങ്ങളും സാമൂഹിക പ്രസക്തി ഏറെയുള്ള വിഷയം ചർച്ച ചെയ്യുന്നു

'അദൃശ്യ ജാലകങ്ങള്‍ ഒരു ആന്റി-വാര്‍ സിനിമയാണ്. യുദ്ധവുമായി ബന്ധപ്പെട്ട ഒരു ചിത്രം. മറ്റ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഒരു സർ റിയലിസ്റ്റിക് ഫാന്റസി ചിത്രമായാണ് അദൃശ്യ ജാലകങ്ങള്‍ ഒരുക്കുന്നത്.'

മൂന്ന് വര്‍ഷം മുമ്പ് തന്നെ തിരക്കഥ പൂര്‍ത്തിയായെങ്കിലും ബിഗ് ബജറ്റ് സിനിമയായത് കൊണ്ട് ശരിയായ നിര്‍മ്മാതാവിനായി കാത്തിരിക്കുകയായിരുന്നു അദ്ദേഹം. വിഷ്വല്‍ ഗ്രാഫിക്സിന് വളരെ പ്രാധാന്യം നല്‍കുന്ന ചിത്രമാണ് അദൃശ്യ ജാലകങ്ങള്‍. തൻ്റെ ചിത്രങ്ങളില്‍ സാധാരണയായി അധികം സിജിഐ ഉപയോഗിക്കാറില്ലെന്നും ഈ സിനിമയുടെ സിജിഐയ്ക്കായി തന്നെ ബഡ്ജറ്റിന്റെ ഒരു വലിയ ഭാഗം മാറ്റിവയ്‌ക്കേണ്ടി വന്നുവെന്നും ഡോ.ബിജു പറയുന്നു.

ടൊവീനോ തോമസ് പ്രൊഡക്ഷൻസിനും എല്ലനാർ ഫിലിംസിനുമൊപ്പം പുഷ്പ ദി റൈസ്, രംഗസ്ഥലം, വീര സിംഹ റെഡ്ഡി തുടങ്ങിയ സൂപ്പര്‍ഹിറ്റ് തെലുങ്ക് ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ മൈത്രീ മൂവി മേക്കേഴ്‌സും ചേർന്നാണ് അദൃശ്യ ജാലകങ്ങൾ നിർമ്മിക്കുന്നത്.

തെലുങ്കിലെ മുന്‍നിര നിര്‍മ്മാണ കമ്പനിയായ മൈത്രീ മൂവി മേക്കേഴ്‌സിന്റെ മലയാള സിനിമയിലേയ്ക്കുള്ള അരങ്ങേറ്റം കൂടിയാണ് അദൃശ്യജാലകങ്ങള്‍. ചിത്രത്തിലേയ്ക്കുള്ള നിര്‍മ്മാതാക്കളുടെ വരവും അപ്രതീക്ഷിതമായിരുന്നു.

അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന നല്ലൊരാശയമുള്ള ചിത്രമായിരുന്നു അവര്‍ക്ക് വേണ്ടിയിരുന്നതെന്നും മലയാളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ചിത്രമായിരുന്നില്ലെന്നും ഡോ.ബിജു പറയുന്നു. 8 കോടി രൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റ് വരുന്നത്. ഗ്രാമി അവാര്‍ഡ് ജേതാവായ റിക്കി കെജ് 18 വര്‍ഷത്തിന് ശേഷം തിരിച്ചെത്തുന്ന സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

'അദൃശ്യജാലകങ്ങള്‍' ഓഗസ്റ്റില്‍ തിയറ്ററുകളിലെത്തും. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായെന്നും സിനിമ അന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ഡോ.ബിജു കൂട്ടിച്ചേർത്തു

logo
The Fourth
www.thefourthnews.in