ദൃശ്യം 3 വരുന്നു... അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ആന്റണി പെരുമ്പാവൂര്‍
മലയാളികളോടൊപ്പം തെന്നിന്ത്യന്‍ ചലചിത്രലോകവും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാര്‍ത്തയായിരുന്നു ദൃശ്യം 2ന് ഒരു തുടര്‍ ഭാഗം ഉണ്ടാകുമോ എന്നത്. ഇന്ത്യയൊട്ടാകെ തരംഗമായി മാറിയ ചിത്രമാണ് ദൃശ്യം 2. ദൃശ്യത്തിന്‍റെ മൂന്നാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യങ്ങള്‍ സിനിമ പ്രേമികള്‍ ഉയര്‍ത്തിയിരുന്നു. ഇപ്പോഴിതാ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ദൃശ്യത്തിന്‍റെ മൂന്നാം ഭാഗം എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍. മഴവില്‍ എന്‍റര്‍ടെയിന്‍മെന്‍റ് അവാര്‍ഡിലാണ് ഈ വിവരം പുറത്തുവിട്ടത്.
വ്യാപാര വിദഗ്ധന്‍ മനോബാല വിജയ ബാലന്‍ തന്‍റെ ട്വീറ്റിലൂടെ ഈ വാര്‍ത്ത ഉറപ്പിക്കുകയും ചെയ്തു.
തെന്നിന്ത്യന്‍ സിനിമാ വിതരണക്കാരനായ എബി ജോര്‍ജ് ദൃശ്യം മൂന്നാം ഭാഗത്തെ കുറിച്ച് ട്വീറ്റ് ചെയ്യുകയുണ്ടായി. മോഹന്‍ലാലിനെ ഒരു വണ്‍ ലൈന്‍ ആശയവുമായി സമീപിച്ചിരുന്നെന്നും അദ്ദേഹത്തിനത് വളരെ ഇഷ്ടമായെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രം 2023-24ലോടെ തിയറ്ററില്‍ എത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
2013ല്‍ ഇറങ്ങിയ ദൃശ്യം ഒന്നാം പതിപ്പ് തിയറ്ററില്‍ വന്‍ വിജയമാവുകയും കോടികള്‍ നേടുകയും ചെയ്തു. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഇന്ത്യന്‍ ഭാഷകള്‍ക്കു പുറമേ സിംഹളയിലും ചൈനീസിലും ചിത്രം റീമേക്ക് ചെയ്യുകയും വിജയിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്നൊരു രണ്ടാം ഭാഗത്തെ പറ്റി അപ്പോള്‍ ചിന്തിച്ചിരുന്നില്ലെങ്കിലും പിന്നീട് നല്ലൊരാശയം വന്നപ്പോള്‍ നിര്‍മാതാവായി ചര്‍ച്ചചെയ്യുകയും പിന്നീട് സിനിമയിലേക്കു എത്തുകയുമായിരുന്നുവെന്നു ചിത്രത്തിന്‍റെ സംവിധായകന്‍ ജീത്തു ജോസഫ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ദൃശ്യം 2ന്‍റെ വിജയത്തിന് ശേഷം ദൃശ്യം മൂന്നാം ഭാഗത്തിന് പറ്റിയൊരു ക്ലൈമാക്സ് കൈയ്യിലുണ്ടെന്ന് സംവിധായകന്‍ പറഞ്ഞതോടെ ദൃശ്യത്തിന്‍റെ മൂന്നാം പതിപ്പിനെ പറ്റിയുള്ള അഭ്യൂഹങ്ങളും ഫാന്‍മേഡ് പോസ്റ്ററുകളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.