വിജയ് ദേവരകൊണ്ടയെ ഇഡി ചോദ്യം ചെയ്തത് 12 മണിക്കൂര്‍; ജനപ്രീതിക്കൊപ്പം വെല്ലുവിളികളും ഉണ്ടാകുമെന്ന് താരം
ലൈഗര്‍ എന്ന ചിത്രത്തിന്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് കേസില്‍ നടന്‍ വിജയ് ദേവരകൊണ്ടയെ 12 മണിക്കൂര്‍ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റെ ഡയറക്ടറേറ്റ്. വിജയ് ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ലൈഗറുമായി ബന്ധപ്പെട്ട് ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്നുള്‍പ്പെടെയാണ് ഇഡി പരിശോധിക്കുന്നത്. സിനിമാ നിര്‍മാണത്തിന്റെ സാമ്പത്തിക ഉറവിടങ്ങള്‍, അഭിനേതാക്കള്‍ക്ക് നല്‍കിയ പ്രതിഫലം എന്നിവയും അന്വേഷണ പരിധിയിലുണ്ട്.
ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ ചാര്‍മി കൗറിനെയും ഇഡി ചെദ്യം ചെയ്തിരുന്നു. 100 കോടിരൂപ ചെലവഴിച്ചാണ് ലൈഗര്‍ നിര്‍മ്മിച്ചത്. അമേരിക്കന്‍ ബോക്‌സിംങ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. പുരി ജഗന്നാഥ് സംവിധാനവും, തിരക്കഥയും നിര്‍വഹിച്ച ലൈഗര്‍ ഈ വര്‍ഷം ഓഗസ്റ്റിലാണ് തീയറ്ററുകളിലെത്തിയത്. ബിഗ് ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം രാജ്യത്തുടനീളം വലിയ തോതില്‍ പ്രമോട്ട് ചെയ്തുവെങ്കിലും ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു. യഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരുന്നത്. അനന്യ പാണ്ഡെ ആണ് ചിത്രത്തില്‍ നായികയായി എത്തിയത്.
ചിത്രം പരാജയമായതിനാല്‍ നിര്‍മാതാക്കള്‍ക്ക് ആറ് കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിജയ് ദേവരകൊണ്ട മുന്‍കൈയെടുത്ത വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായിരുന്നു. നിര്‍മാതാവ് ചാര്‍മി കൗറിനും മറ്റ് സഹനിര്‍മാതാക്കള്‍ക്കും തുക കൈമാറുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന്റെ നിര്‍മാതാവ് ചാര്‍മി കൗറിനെയും ഇഡി ചോദ്യം ചെയ്തിരുന്നു
വലിയ ജനപ്രീതിക്കൊപ്പം വെല്ലുവിളികളും വരുമെന്നാണ് വിജയ് ദേവരകൊണ്ട ചോദ്യം ചെയ്യലിനെ കുറിച്ച് പ്രതികരിച്ചത്. '' ഇതൊരു പുതിയ അനുഭവമായാണ് കാണുന്നത്. ഇഡി വിളിച്ചപ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഞാനെന്റെ കടമ നിര്‍വഹിച്ചു. ചോദ്യം ചെയ്യലുമായി പൂര്‍ണമായും സഹകരിച്ചു '' വിജയ് ദേവരകൊണ്ട വ്യക്തമാക്കി. എന്നാല്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരുമോ എന്നത് സംബന്ധിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
2011ല്‍ തെലുങ്ക് ചിത്രമായ നുവിലയിലൂടെയാണ് വിജയ് ദേവരകൊണ്ട അരങ്ങേറ്റം കുറിച്ചത്. അര്‍ജുന്‍ റെഡി എന്ന ചിത്രത്തിലൂടെയാണ് വിജയ് പ്രശ്‌സ്തി നേടിയത്.