ട്രാൻസ്ജെൻഡറുകളുടെ ജീവിതവുമായി ഏക് ജഗഹ് അപ്നി ; ആത്മകഥ പറഞ്ഞ്
മനീഷയും മുസ്‌കാനും

ട്രാൻസ്ജെൻഡറുകളുടെ ജീവിതവുമായി ഏക് ജഗഹ് അപ്നി ; ആത്മകഥ പറഞ്ഞ് മനീഷയും മുസ്‌കാനും

മനീഷയുടെയും മുസ്‌കാന്റെയും അനുഭവങ്ങൾ പറയാൻ അവരെ തന്നെ പ്രധാനകഥാപാത്രങ്ങളാക്കി ഏകതാര കളക്ടീവ്
Updated on
2 min read

ഏറ്റവും ഇഷ്ടമുള്ള സാരിയുടുത്ത് മേക്കപ്പിട്ട് താൻ അഭിനയിച്ച സിനിമ കാണാൻ വീട്ടുകാരുമൊത്ത് തീയേറ്ററിലേക്ക് പോകുമ്പോഴും മുസ്കാന് നന്നായി അറിയാം, അവളുടെ ഈ വേഷവും രീതികളുമൊന്നും വീട്ടുകാർക്ക് ഇഷ്ടമാകില്ലെന്ന്. പക്ഷെ അവളിങ്ങനെയാണ്, ഇനി മാറേണ്ടത് വീട്ടുകാരുടെ ചിന്തകളും. 27ാമത്‌ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഏക് ജഗഹ് അപ്നി പ്രദർശനത്തിനെത്തുമ്പോൾ ട്രാൻസ്‌ജെൻഡർ സമൂഹം ഇപ്പോഴും അവരുടെ അവകാശങ്ങൾക്കും സമൂഹത്തിലെ സ്വീകാര്യതയ്ക്കും വേണ്ടി പോരാട്ടം തുടരുകയാണ്. ആ പോരാട്ടം കൂടുതൽ പേരിലേക്കെത്തിക്കാനും അവരല്ല, മറിച്ച് അവരെ മാറ്റിനിർത്തുന്ന സമൂഹത്തിന്റെ കാഴ്ചപ്പാടാണ് മാറേണ്ടതെന്നും ഓർമ്മിപ്പിക്കുകയാണ് ഏകതാര കളക്ടീവ്

ഭോപ്പാൽ ആസ്ഥാനമായുള്ള ഏക്താര കളക്ടീവിന്റെ രണ്ടാമത്തെ ഫീച്ചർ ചിത്രമാണ് ഏക് ജഗഹ് അപ്നി. ലൈല, റോഷ്നി എന്നീ രണ്ട് ട്രാൻസ്ജെൻഡർ യുവതികളുടെ കഥയാണ് ചിത്രം പറയുന്നത്. മുൻപ് താമസിച്ചിരുന്ന സ്ഥലത്ത് നിന്നും വീട്ടുടമസ്ഥൻ കുടിയൊഴിപ്പിച്ച ശേഷം വാടക വീട് തേടുന്ന ഇവർ നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ് ചിത്രം പറയുന്നത്. സ്വത്വം തിരിച്ചറിഞ്ഞ ലൈല അതിൽ ജീവിക്കാനും ഒപ്പം കുടുംബവുമായുള്ള ബന്ധം തുടരാനുമുള്ള ശ്രമത്തിലാണ്. എന്നാൽ തന്റെ വ്യക്തിത്വം മറച്ചുവയ്ക്കണോ , അതോ ആഗ്രഹിക്കുന്ന ജീവിതം നയിക്കണോ എന്നറിയാത്ത ആത്മസംഘർഷത്തിലാണ് റോഷ്നി . തുടർന്ന് അവർ ഒരുമിച്ച് തങ്ങളുടെ പ്രതിബന്ധങ്ങളെ തരണം ചെയ്യുകയും പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നു.

സഹ-എഴുത്തുകാരായ മഹീൻ മിർസയും റിഞ്ചിനും, മനീഷയും മുസ്‌കാനുമായി നടത്തിയ സംഭാഷണത്തിൽ നിന്നാണ് ചിത്രത്തിൻ്റെ തിരക്കഥ രൂപം കൊണ്ടത്. കോവിഡ് സമയത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടയിലാണ് ഇരുവരും മനീഷയെ കണ്ടുമുട്ടുന്നത്. മനീഷ വഴി അവർ മുസ്കാനെയും പരിചയപ്പെട്ടു. ലോക്ക്ഡൗൺ കാലത്ത് ജോലിയും താമസ സ്ഥലവും കണ്ടെത്താൻ ട്രാൻസ്‌ജെൻഡർ സമൂഹം ഏറെ ബുദ്ധിമുട്ടിയിരുന്നു. കോവിഡിന് ശേഷമായിരുന്നു സിനിമയുടെ ചിത്രീകരണം

ചിത്രത്തിൻ്റെ തിരക്കഥയുടെ ഏകദേശ രൂപം 2020 ഡിസംബറിൽ തയ്യാറായെങ്കിലും, 2021 ജൂലൈയിലാണ് ചിത്രീകരണം ആരംഭിച്ചത്. മനീഷയുടെയും മുസ്‌കാന്റെയും അനുഭവങ്ങൾ ഉൾക്കൊള്ളിച്ചാണ് സ്‌ക്രിപ്റ്റ് തയ്യാറാക്കിയത്. ഇവർ രണ്ട് പേരെയും തന്നെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുമെന്നത് തുടക്കം മുതൽ മിർസ ഉറപ്പിച്ചിരുന്നു. ചിത്രത്തിലെപ്പോലെ തന്നെ മനീഷയും മുസ്‌കാനും വളരെക്കാലമായി സുഹൃത്തുക്കളാണ്. ബിരുദധാരിയായ മനീഷ അധ്യാപികയായും കൗൺസിലറായും ജോലി ചെയ്തിട്ടുണ്ട്, മുസ്‌കാൻ പാചകജോലി ചെയ്യുന്നു.

കേരളത്തിലെ പ്രദർശനത്തിനു ശേഷം അടുത്ത വർഷം ഫെബ്രുവരിയിൽ സിഡ്‌നിയിൽ നടക്കുന്ന മാർഡി ഗ്രാസ് ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിക്കും. കൂടുതൽ കമ്മ്യൂണിറ്റി സ്ക്രീനിംഗുകൾ നടത്താനും മിർസയും റിഞ്ചിനും പദ്ധതിയിടുന്നുണ്ട്. ഒടിടി, തീയേറ്റർ റിലീസിനായും പ്രതീക്ഷിക്കുന്നു. ധ്രുവീകരിക്കപ്പെട്ട സമൂഹത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് സ്ത്രീകളുടെ കഥ പറയുന്ന തുറുപ്പ് (2017) ആയിരുന്നു കൂട്ടായ്‌മയുടെ ആദ്യ ചിത്രം. ഒരു കുട്ടിയുടെ കാഴ്ചപ്പാടിലൂടെ ലിം​ഗനീതിയെ നോക്കുന്ന ചിത്രമാണ് അടുത്തതായി അവർ ചിത്രീകരിക്കാൻ ഉദ്ദേശിക്കുന്നത്.

logo
The Fourth
www.thefourthnews.in