'വാഗ്ദാനം പാലിച്ചില്ല'; 'ദ എലഫെന്റ് വിസ്പറേഴ്‌സ്' സംവിധായികയ്ക്കെതിരെ വക്കീൽ നോട്ടീസയച്ച് ബൊമ്മനും ബെല്ലിയും
ഓസ്കർ നേടിയ എലിഫന്റ് വിസ്‌പറേഴ്‌സ് ഡോക്യുമെന്ററിയിലെ ബൊമ്മനും ബെല്ലിയും രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംവിധായിക കാർത്തികി ഗോൺസാൽവസിന് വക്കീൽ നോട്ടീസയച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്‌നാട് മുഖ്യമന്ത്രിയും നൽകിയ സാമ്പത്തിക സഹായങ്ങൾ സംവിധായികയും നിർമാതാക്കളും ചേർന്നെടുത്തതായും ഇരുവരും ആരോപിച്ചു.
ഹ്രസ്വ സിനിമയുടെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇരുവർക്കും വീടും കാറും ആവശ്യമായ എല്ലാ സാമ്പത്തിക സഹായങ്ങളും നൽകാമെന്നായിരുന്നു സംവിധായിക നൽകിയ വാഗ്‌ദാനമെന്നും എന്നാൽ ഇതൊന്നും പാലിച്ചില്ലെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.
"ബൊമ്മനും ബെല്ലിക്കും സാമ്പത്തിക സഹായങ്ങളും ബെല്ലിയുടെ കൊച്ചുമകൾക്ക് പഠിക്കാനുള്ള സഹായവും കാർത്തികി ഗോൺസാൽവസ് ചിത്രീകരണ സമയത്ത് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ വാഗ്ദാനങ്ങളിൽ നിന്ന് പിന്മാറുകയാണ്. സിനിമയുടെ വരുമാനത്തിന്റെ ഒരംശം പോലും നൽകാൻ അവർ തയ്യാറാകുന്നില്ല", ബൊമ്മന്റെയും ബെല്ലിയുടെയും അഭിഭാഷകൻ പ്രവീൺ രാജ് പറഞ്ഞു.
സിനിമയുടെ ചിത്രീകരണ സമയത്ത് കാർത്തികി ആവശ്യപ്പെട്ടതെല്ലാം ബൊമ്മനും ബെല്ലിയും ചെയ്തു നൽകിയതായും എന്നാൽ ഇപ്പോൾ ഇരുവരുടെയും ഫോൺ കോൾ പോലും സംവിധായിക എടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ബൊമ്മനും ബെല്ലിയും ഇതിനോടകം തന്നെ പ്രതിഫല തുക കൈപ്പറ്റിയതായാണ് നിർമാതാക്കളായ സിഖ്യ എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കുന്നത്.
സിനിമയുടെ ചിത്രീകരണത്തിനായി സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ് ഇരുവരില്‍ നിന്നും പണം വാങ്ങിയെന്നും ഇതുവരെ തിരികെ നല്‍കിയില്ലെന്നും ചെന്നൈയിലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബൊമ്മനും ബെല്ലിയും വെളിപ്പെടുത്തുന്നത്. സിനിമയിലെ വിവാഹ രംഗം ചിത്രീകരിക്കാന്‍ പണമില്ലെന്ന് പറഞ്ഞപ്പോൾ ചെറുമകളുടെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച് ചിത്രീകരണം നടത്താനായി നൽകിയെന്നും എന്നാൽ ആ തുക പോലും സംവിധായിക ഇതുവരെ തിരികെ നൽകിയില്ലെന്നായിരുന്നു ഇരുവരുടെയും ആരോപണം.
തമിഴ്നാട് സര്‍ക്കാര്‍ അനുവദിച്ച ഒരു ലക്ഷം രൂപമാത്രമാണ് സിനിമയ്ക്കായി ലഭിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.