കലാപം സൃഷ്ടിക്കാന്‍ ജനിച്ച ചലച്ചിത്രകാരന്‍: എമിർ കുസ്റ്റുറിച്ച

കലാപം സൃഷ്ടിക്കാന്‍ ജനിച്ച ചലച്ചിത്രകാരന്‍: എമിർ കുസ്റ്റുറിച്ച

ആദ്യ ചിത്രത്തിന് വെനീസ് ചലച്ചിത്രമേളയിൽ നിന്നും സിൽവർ ലയൺ പുരസ്കാരം
Updated on
1 min read

കലാപമുണ്ടാക്കാനാണ് ഞാൻ ജനിച്ചതെന്ന് പറഞ്ഞ സംവിധായകൻ. നാട്ടിലെ കലാപങ്ങൾ സിനിമയിലൂടെ ചിത്രീകരിച്ച പ്രതിഭ. തന്റെ രാഷ്ട്രീയ നിലപാടുകൾ കൊണ്ട് നിരന്തരം വാർത്തകളിൽ നിറഞ്ഞ സെർബിയൻ സംവിധായൻ, എമിർ കുസ്റ്റുറിച്ച. ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ കയോസ് ആൻഡ് കണ്ട്രോൾ, സിനിമ ഓഫ് എമിർ കുസ്റ്ററിക്ക എന്ന വിഭാഗത്തിൽ അദ്ദേഹത്തിന്റെ നാല് ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.

ആദ്യ ചിത്രത്തിന് വെനീസ് ചലച്ചിത്രമേളയിൽ നിന്നും സിൽവർ ലയൺ പുരസ്കാരം കരസ്ഥമാക്കുമ്പോൾ കുസ്റ്റുറിച്ചയ്ക്ക് വയസ്സ് 27. ചലച്ചിത്ര സംവിധായകൻ എന്നതിലുപരി സംഗീതജ്ഞനായും എഴുത്തുകാരനായും ഒപേറാ സംവിധായകനായും പ്രവർത്തിച്ചു. കാൻ ഫിലിം ഫെസ്റ്റിവലിൽ നൽകുന്ന ഏറ്റവും ഉയർന്ന സമ്മാനമായ പാം ഡി ഓർ പുരസ്കാരം രണ്ട് തവണയാണ് അദ്ദേഹം കരസ്ഥമാക്കിയത്. 1995 ൽ പുറത്തിറങ്ങിയ അണ്ടർ ഗ്രൗണ്ട് എന്ന ചിത്രത്തിനും 1985 ൽ വെൻ ഫാദർ വാസ് എവേ ഓൺ ബിസിനസ് എന്ന ചിത്രത്തിനുമാണ് പുരസ്കാരം ലഭിച്ചത്.

സമൂഹത്തിൽ മാറ്റിനിർത്തപ്പെട്ടതും, വലിച്ചെറിയപ്പെട്ടതുമായ ജീവിതങ്ങളാണ് അദ്ദേഹത്തിന്റെ സിനിമകളിൽ നിറഞ്ഞു നിൽക്കുന്നത്. ഡു യു റിമെമ്പർ ഡോളി ബെൽ എന്ന ആദ്യ ചിത്രത്തിൽ, നായകനായ സ്കൂൾ വിദ്യാർഥി ഡീനോ, ലൈംഗിക തൊഴിലാളിയായ ഡോളി ബെല്ലുമായി പ്രണയത്തിലാകുന്നതാണ് കഥ. 1981 ൽ പുറത്തിറങ്ങിയ ചിത്രം ആ കാലഘട്ടത്തിൽ മുൻപോട്ട് വച്ച ആശയം വളരെയധികം ചർച്ച ചെയ്യപ്പെട്ടു.

തുടർന്ന് അങ്ങോട്ടുള്ള എല്ലാ ചിത്രങ്ങളും, ആ നാട്ടിലെ രാഷ്ട്രീയം, അവിടുത്തെ ആളുകളെയും അവരുടെ കുടുംബങ്ങളെയും എങ്ങനെ ബാധിക്കുന്നു എന്ന് ചർച്ച ചെയ്യുന്നവയായിരുന്നു. സിനിമയിലെ രാഷ്ട്രീയത്തെക്കുറിച്ച് വളരെ വ്യക്തമായ നിലപാടുള്ള അദ്ദേഹം വിശ്വസിക്കുന്നത് സിനിമ കലാമൂല്യത്തെ വെട്ടിച്ചുരുക്കുന്നു എന്നാണ്.

മറ്റു സംവിധായകരിൽ നിന്നും വ്യത്യസ്തമായ ചിത്രീകരണ രീതി കുസ്റ്റുറിച്ചയുടെ പ്രത്യേകതകളിൽ ഒന്നാണ്. സാമാന്യബോധത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച്, ഉന്മാദത്തിന്റെ വക്കിലെത്തുന്ന സർറിയലിസ്റ്റിക് ഭാവനയോടെയാണ്, ദുരിതവും സ്വാതന്ത്ര്യമില്ലായ്മയും അനുഭവിക്കുന്ന നാടിന്റെയും ആളുകളുടെയും കഥ അദ്ദേഹം പറയുന്നത്. അസാധാരണവും അവിശ്വസനീയവുമായ ഇത്തരത്തിലുള്ള ചിത്രീകരണ രീതിയാണ് കുസ്റ്റുറിച്ചയുടെ സിനിമകളെ എന്നും വ്യത്യസ്തമാക്കുന്നതും, അദ്ദേഹത്തെ ലോക സിനിമയിലെ സമാനതകളില്ലാത്ത ചലച്ചിത്രകാരന്മാരിൽ ഒരാളാക്കി മാറ്റിയതും.

logo
The Fourth
www.thefourthnews.in