'...എന്നിവർ' പറയുന്നു, അതേ 'ചാവേർ' രാഷ്ട്രീയം
GardeniQ

'...എന്നിവർ' പറയുന്നു, അതേ 'ചാവേർ' രാഷ്ട്രീയം

കഥാപരമായി ടിനു പാപ്പച്ചൻ ചിത്രം 'ചാവേറു'മായി ഏറെ സാമ്യതയുളള ചിത്രം എന്ന നിലയ്ക്കുകൂടി പ്രേക്ഷകരാൽ പരി​ഗണിക്കപ്പെടേണ്ട സിനിമയാണ് സിദ്ധാർത്ഥ ശിവയുടെ 'എന്നിവർ'
Updated on
2 min read

തഴമ്പിച്ച പരുവത്തിൽ രാഷ്ട്രീയ ഉള്ളടക്ക സിനിമകൾ കണ്ടുപോന്നിട്ടുളള മലയാളിക്ക് ഒരു തുടർകാഴ്ച കൂടി സമ്മാനിക്കുകയാണ് സിദ്ധാർത്ഥ ശിവയുടെ എന്നിവർ. അടുത്ത് ചർച്ച ചെയ്യപ്പെട്ട അതേ ചാവേർ രാഷ്ട്രീയം. 2021ൽ മികച്ച സംവിധായകനുളള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് സിദ്ധാർത്ഥ ശിവയെ അർഹനാക്കിയ എന്നിവർ ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രേക്ഷകരിലേയ്ക്ക് എത്തിയത്. കഥാപരമായി ടിനു പാപ്പച്ചൻ ചിത്രം ചാവേറുമായി ഏറെ സാമ്യതയുളള ചിത്രം എന്ന നിലയ്ക്കുകൂടി പ്രേക്ഷകരാൽ പരി​ഗണിക്കപ്പെടേണ്ട സിനിമയാണിത്.

ഒന്നിനുപിന്നിൽ മറ്റൊന്നായി അടുക്കിവെക്കപ്പെടുന്ന അഥവാ പ്രതിചേർക്കപ്പെടുന്ന ഒരു പറ്റം മനുഷ്യർ, ഇന്നു ഞാൻ നാളെ നീ എന്ന കണക്കിൽ ഇല്ലായ്മ ചെയ്യപ്പെടുന്നതിന്റെ യാഥാർത്ഥ്യം കൂടിയാണല്ലോ രാഷ്ട്രീയ കൊലപാതകങ്ങൾ. അങ്ങനെ മുളയിലേ ഇല്ലായ്മ ചെയ്യപ്പെടുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയാനുദ്ദേശിക്കുന്നതും. ക്യാമ്പസ് രാഷ്ട്രീയത്തിന്റെ കൂട്ടിരുപ്പിൽ നേരിടാനിടയുളള പിൻചവിട്ടുകൾ വ്യക്തമായിത്തന്നെ പറഞ്ഞുവെക്കുന്നു ചിത്രം.

ഒരു കയ്യാങ്കളിക്കു പിന്നാലെ ഓടിമാറുന്ന കുറച്ച് ചെറുപ്പക്കാരിലൂടെയാണ് സിനിമ തുടങ്ങുന്നത്. സംഘടനാപ്രവർത്തനങ്ങളിൽ സജീവമായ ഇവർ പാർട്ടി താത്പര്യത്തിനു വഴങ്ങിയാണ് അടിപിടിക്ക് ഇറങ്ങിത്തിരിക്കുന്നത്. പോലീസിനെ ഭയന്നുളള ഓട്ടത്തിൽ ഇവർ പാമ്പും കോണിയിലെ കരുക്കളെപ്പോലെ അന്യതാത്പര്യത്തിന് വഴങ്ങി കഴിഞ്ഞുകൂടേണ്ടി വരുന്നു. ഇതൊരു സിസ്റ്റമാണ്, ഇത് നമ്മളെ സംരക്ഷിക്കും എന്നതാണ് സംഘടനയ്ക്ക് മേലുളള ഓരോ പ്രവർത്തകന്റേയും വിശ്വാസം. പക്ഷെ സിസ്റ്റത്തിനുള്ളിലും അനേകം വ്യക്തിതാത്പര്യങ്ങൾ മറഞ്ഞിരിക്കുന്നു എന്ന യാഥാർത്ഥ്യം തിരിച്ചറിയുന്നിടത്താണ് സിസ്റ്റം ഒരു ചിലന്തിവലയാണെന്ന സത്യവും പുറത്തുവരുന്നത്.

എന്നിവരിലെ ഓരോരുത്തർക്കും ജീവിതമുണ്ട്. സം​ഗീതസംവിധായകനെന്ന നിലയ്ക്ക് മാത്രം പരിചയമുളള സൂരജ് എസ് കുറുപ്പിന്റെ കുഞ്ഞിപ്പാൻ അതിശയിപ്പിച്ച കഥാപാത്രമാണ്. പ്രധാന കഥാപാത്രമെന്നതിലുപരി സൂരജിന്റെ പശ്ചാത്തല സംഗീതവും സിനിമയെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ജിയോ ബേബി, സുധീഷ്, ബിനു പപ്പു, സർജനോ ഖാലിദ് തുടങ്ങി വിരലിലെണ്ണാവുന്ന അഭിനേതാക്കളെ മാത്രം ഉൾപ്പെടുത്തി മുന്നേറുന്ന കഥ ഇവരുടെയെല്ലാം സ്വാഭാവിക പ്രകടനം കൊണ്ടും ദൃശ്യഭം​ഗി കൊണ്ടും മികവ് പുലർത്തുന്നു. കെട്ടുറപ്പുളള തിരക്കഥയും അലോസരപ്പെടുത്താത്ത സംഭാഷണങ്ങളുമാണ് എന്നിവർ പ്രേക്ഷകന് സമ്മാനിക്കുന്ന വ്യക്തത. കഥാപാത്രങ്ങളുടെ ഉള്ളറിയിക്കുന്നത് അവരുടെ വർത്തമാനങ്ങളാണ്. അതിലൂടെ സംവിധായകൻ വരച്ചുവെക്കുന്നത് നമുക്കേറെ അടുപ്പം തോന്നുന്ന മറ്റു ചിലരെ കൂടിയാണ്.

ചാവേറിൽ പറയാൻ വിട്ടുപോയതും ഇത്തരം വ്യക്തിബന്ധങ്ങളായിരുന്നു. പ്രേക്ഷകന് കഥാപാത്രങ്ങളെയും കഥാപരിസരത്തേയും ഉള്ളുകൊണ്ട് അടുപ്പിക്കാൻ കഴിയാതെപോയതും സംഭാഷണങ്ങളിലെ ആഴമില്ലായ്മ ആയിരുന്നു. ആ പോരായ്മ എപ്രകാരം നികത്തപ്പെടുന്നു എന്നതിന് ഉദാഹരണം കൂടിയാണ് എന്നിവർ. സ്വന്തമായി എഴുതി ഉണ്ടാക്കിയ തിരക്കഥയ്ക്ക് ദൃശ്യഭാഷ കൊടുത്ത ആൾ തന്നെ എഡിറ്ററായപ്പോൾ കൃത്യത ഇരട്ടി. വലിയ ക്യാൻവാസോ മുതൽമുടക്കോ അവകാശപ്പെടാനില്ലെന്നത് ഒഴിച്ചാൽ പ്രേക്ഷകന്റെ സമയത്തെ വിലമതിക്കുന്ന ചെറു രാഷ്ട്രീയ സിനിമയാണ് എന്നിവർ.

logo
The Fourth
www.thefourthnews.in