സിനിമാ താരങ്ങളുടെ ലഹരി ഉപയോഗത്തിൽ പിടിമുറുക്കി സർക്കാർ; ടിനി ടോമിനെ മൊഴിയെടുക്കാൻ വിളിപ്പിച്ച് എക്സൈസ് കമ്മീഷണർ

സിനിമാ താരങ്ങളുടെ ലഹരി ഉപയോഗത്തിൽ പിടിമുറുക്കി സർക്കാർ; ടിനി ടോമിനെ മൊഴിയെടുക്കാൻ വിളിപ്പിച്ച് എക്സൈസ് കമ്മീഷണർ

ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക ഉണ്ടെന്ന ബാബുരാജിൻ്റെ ആരോപണം തള്ളി താരസംഘടനയായ അമ്മ
Updated on
1 min read

സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിൽ അന്വേഷണം ആരംഭിച്ച് സർക്കാർ. നടനും അമ്മ എക്സിക്യൂട്ടിവ് മെമ്പറുമായ ടിനി ടോമിനെ മൊഴിയെടുക്കാൻ എക്സൈസ് വകുപ്പ് വിളിപ്പിച്ചു. ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക നിർമാതാവ്  ആന്റണി പെരുമ്പാവൂരിന്റെ കൈവശമുണ്ടെന്ന ടിനി ടോമിൻ്റെ വെളിപ്പെടുത്തലിലാണ് മൊഴിയെടുക്കുന്നത്.

എക്സൈസ് കമ്മീഷണർ മൊഴിയെടുക്കാൻ വിളിപ്പിച്ചതായും അറിയാവുന്ന കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുമെന്നും ടിനി ടോം ദ ഫോർത്തിനോട് പറഞ്ഞു. അറിയാവുന്ന കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ എക്സൈസ് നിർദേശമുള്ളതിനാൽ കൂടുതൽ പ്രതികരിക്കാനാകില്ലെന്നും ടിനി ടോം കൂട്ടിച്ചേർത്തു.

ലഹരി ഉപയോഗിക്കുന്നവരെ എല്ലാവർക്കും അറിയാം, പക്ഷെ  പട്ടികയൊന്നും തയ്യാറാക്കിയിട്ടില്ല- മണിയന്‍പിള്ള രാജു

ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക താരസംഘടനയുടെ കൈവശമുണ്ടെന്ന ആരോപണത്തിൽ നടൻ ബാബുരാജിനെയും എക്സൈസ് സംഘം മൊഴിയെടുക്കാൻ വിളിപ്പിച്ചേക്കും.  അതേസമയം, ലഹരി ഉപയോഗിക്കുന്നവരുടെ പട്ടികയില്ലെന്ന് താരസംഘടനയായ  അമ്മ പറയുന്നത്.

ലഹരി ഉപയോഗിക്കുന്നവരെ എല്ലാവർക്കും അറിയാം, പക്ഷെ  പട്ടിക തയ്യാറാക്കിയിട്ടില്ലെന്ന് വൈസ് പ്രസിഡന്റ് മണിയൻപിള്ള രാജു ദ ഫോർത്തിനോട് പറഞ്ഞു. ലഹരി ഉപയോഗിക്കുന്നവരെ കൊണ്ട് സിനിമാ മേഖലയിൽ ബുദ്ധിമുട്ടുണ്ടെന്നത് വാസ്തവമാണ്, എന്നിരുന്നാലും ഒരു സംഘടന അത്തരമാളുകളുടെ പട്ടിക തയാറാക്കി സൂക്ഷിക്കുകയെന്നത് പ്രായോഗികമല്ലെന്നും മണിയൻപിള്ള രാജു പറഞ്ഞു. 

ഒരു സംഘടനയ്ക്ക് ലഹരി ഉപയോഗിക്കുന്നവർ, ഉപയോഗിക്കാത്തവർ എന്നിങ്ങനെ തരം തിരിച്ച് പട്ടിക സൂക്ഷിക്കാനാകുമോ?- ടിനി ടോം

ഒരു സംഘടനയ്ക്ക് ലഹരി ഉപയോഗിക്കുന്നവർ, ഉപയോഗിക്കാത്തവർ എന്നിങ്ങനെ തരംതിരിച്ച് പട്ടിക സൂക്ഷിക്കാനാകുമോയെന്ന് ടിനി ടോമും ചോദിക്കുന്നു.  ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നതെന്ന് എല്ലാവർക്കും അറിയാമെന്ന്  ടിനി ടോമും പറഞ്ഞു. 

ലഹരി ഉപയോഗം ശരിയല്ലെന്ന് മാത്രമേ ഈ ഘട്ടത്തിൽ പ്രതികരിക്കാനാകൂയെന്ന് എക്സിക്യൂട്ടീവ് അംഗം സുധീർ കരമനയും പറയുന്നു. ലഹരി ഉപയോഗത്തെക്കുറിച്ച് ചർച്ച ചെയ്ത അമ്മയുടെ കഴിഞ്ഞ യോഗത്തിൽ പങ്കെടുക്കാത്തതിനാൽ ഇക്കാര്യത്തിൽ കൂടുതലൊന്നും പറയാനാകില്ലെന്നും സുധീർ വ്യക്തമാക്കി.

രാസലഹരി ഉപയോഗിക്കുന്നവരുമായി സഹകരിക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം ഫെഫ്കയുമായുള്ള ചർച്ചയിൽ നിർമ്മാതാക്കൾ നിലപാടെടുത്തതോടെയാണ് സിനിമാമേഖലയിലെ ലഹരി ഉപയോഗം വീണ്ടും സജീവ ചർച്ചയായത്. ഇതേത്തുടർന്നാണ് സർക്കാർ ഇപ്പോൾ  അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 

logo
The Fourth
www.thefourthnews.in