പാട്ടെഴുത്തുകാരുടെ 'ചന്ദ്രയാൻ'
മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയത് 1969 ജൂലൈ 20ന്. തൊട്ടടുത്ത വര്‍ഷം ഡിസംബറില്‍ റിലീസായ 'പേള്‍വ്യൂ' എന്ന ചിത്രത്തിനുവേണ്ടി വയലാര്‍ രാമവര്‍മ എഴുതി:
''തങ്കത്താഴികക്കുടമല്ല
താരാപഥത്തിലെ രഥമല്ല
ചന്ദ്രബിംബം കവികൾ പുകഴ്ത്തിയ
സ്വർണ്ണമയൂരമല്ല...''
സിനിമാപാട്ടുകളില്‍ അതുവരെ കാല്‍പ്പനിക ലാവണ്യമണിഞ്ഞുനിന്ന ചന്ദ്രബിംബത്തെ യാഥാര്‍ഥ്യബോധത്തോടെ അവതരിപ്പിച്ച ആദ്യ ഗാനരചയിതാവ് വയലാര്‍ ആവണം.
''കസ്തൂരിമാനില്ല കല്ലോലിനിയില്ല
കല്പകത്തളിർമരത്തണലില്ല
ഏതോ വിരഹത്തിൻ
ഇരുൾവന്നുമൂടുമൊരേകാന്ത ശൂന്യതയല്ലോ
അവിടെയൊരേകാന്ത ശൂന്യതയല്ലോ...''
എന്നെഴുതുമ്പോള്‍ വയലാര്‍ മനസ്സില്‍ കണ്ടത് നീല്‍ ആംസ്ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും കണ്‍മുന്നില്‍ കണ്ട ഏകാന്തമൂകമായ അതേ ചന്ദ്രോപരിതലം തന്നെ.
എങ്കിലും ചലച്ചിത്രഗാനങ്ങളില്‍ റൊമാന്റിക്ക് പരിവേഷത്തോടെ ലാസ്യഭാവമണിഞ്ഞ് നില്‍ക്കാനാണ് അന്നുമിന്നും ചന്ദ്രന് യോഗം. ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ദൗത്യം ഫലപ്രാപ്തിയോടടുക്കുമ്പോള്‍, മലയാളത്തിലെ പാട്ടെഴുത്തുകാര്‍ക്കൊപ്പം ഒരു ചാന്ദ്രയാത്ര; തിങ്കളും പൗര്‍ണമിയും നിലാവലകളും നിറഞ്ഞ പാട്ടുകളിലൂടെ.
വയലാര്‍:
ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ
ചന്ദനം പൂക്കുന്ന ദിക്കിൽ
തൃത്താപ്പൂവിനു മുത്തം കൊടുക്കുന്നു
തൃക്കാർത്തിക രാത്രി
(ഒതേനന്റെ മകൻ)
വെണ്‍ചന്ദ്രലേഖയൊരപ്സര സ്ത്രീ
വിപ്രലംഭ ശൃംഗാര നൃത്തമാടാന്‍ വരും
അപ്സരസ്ത്രീ
(ചുക്ക്).
പി ഭാസ്‌കരന്‍:
മഞ്ഞലയിൽ മുങ്ങിത്തോർത്തി
ധധുമാസ ചന്ദ്രിക വന്നു
നിന്നെ മാത്രം കണ്ടില്ലല്ലോ
നീ മാത്രം വന്നില്ലല്ലോ
പ്രേമചകോരീ ചകോരീ ചകോരീ
(കളിത്തോഴന്‍)
പതിവായി പൗർണമിതോറും
പടിവാതിലിനപ്പുറമെത്തി
കണിവെള്ളരി കാഴ്ചവെയ്ക്കും
കനകനിലാവേ..കനകനിലാവേ..
(ആദ്യകിരണങ്ങള്‍).
ഒ എന്‍ വി:
വാർതിങ്കൾ തോണിയേറി
വാസന്ത രാവിൽ വന്ന
ലാവണ്യ ദേവതയല്ലേ നീ
വിശ്വ ലാവണ്യ ദേവതയല്ലേ
(കരുണ)
നീരാടുവാൻ നിളയിൽ നീരാടുവാൻ
നീയെന്തെ വൈകി വന്നൂ പൂന്തിങ്കളേ
(നഖക്ഷതങ്ങള്‍).
ശ്രീകുമാരന്‍ തമ്പി:
ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനെ നീ
എന്റെ നെഞ്ചിൽ തുള്ളി വന്നതെന്തിനാണ്
(പുള്ളിമാന്‍)
പൗർണമി ചന്ദ്രിക തൊട്ടുവിളിച്ചു
പത്മരാഗം പുഞ്ചിരിച്ചു
(റെസ്റ്റ് ഹൗസ്).
മങ്കൊമ്പ് ഗോപാലകൃഷ്ണന്‍:
നവനീത ചന്ദ്രികേ തിരി താഴ്ത്തൂ
നക്ഷത്ര യാമിനീ മിഴികൾ പൊത്തൂ
(അവള്‍ക്ക് മരണമില്ല).
ബിച്ചു തിരുമല:
നീല നിലാവൊരു തോണി
അരയന്ന ചിറകുള്ള തോണി
നിശയുടെ കായല്‍ത്തിരകളില്‍ നീന്തും
തോണീ പൂന്തോണി
(കടല്‍ക്കാറ്റ്).
പൂവച്ചല്‍ ഖാദര്‍:
മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ
കയ്യില്‍ വാര്‍മതിയേ
(ദശരഥം).
കൈതപ്രം:
വെണ്ണിലാ ചന്ദനക്കിണ്ണം
പുന്നമടക്കായലിൽ വീണേ
(അഴകിയ രാവണന്‍).
ഗിരീഷ് പുത്തഞ്ചേരി:
നിലാവിന്‍റെ നീലഭസ്മ കുറിയണിഞ്ഞവളേ
കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ,
ഏതപൂർവ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ
രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം
(അഗ്‌നിദേവന്‍).
സത്യന്‍ അന്തിക്കാട്:
പൊൻ മുകിലിൻ പൂമടിയിലെ വെൺചന്ദ്രലേഖ
മാനസവേദിയിൽ വിരുന്നുവന്നു
(അരങ്ങും അണിയറയും).
യൂസഫലി കേച്ചേരി:
മാന്‍കിടാവിനെ മാറിലേന്തുന്ന തിങ്കളേ
മലര്‍ത്തിങ്കളേ
(ഉദ്യോഗസ്ഥ).
എഴാച്ചേരി രാമചന്ദ്രന്‍:
ചന്ദനമണിവാതിൽ പാതിചാരി
ഹിന്ദോളം കണ്ണിൽ തിരയിളക്കി,
ശൃംഗാരചന്ദ്രികേ നീരാടി നീ നിൽക്കേ
എന്തായിരുന്നൂ മനസ്സിൽ?
(മരിക്കുന്നില്ല ഞാന്‍).
ആര്‍ കെ ദാമോദരന്‍:
ചന്ദ്രകിരണത്തിൻ ചന്ദനമുണ്ണും
ചകോര യുവമിഥുനങ്ങൾ
(മിഴിനീര്‍പൂവുകള്‍).
എം ഡി രാജേന്ദ്രന്‍:
ശശികല ചാർത്തിയ ദീപാവലയം
നിശയൊരു കാർത്തിക വർണാഭരണം
(ദേവരാഗം).
വയലാര്‍ ശരത്:
ആലിലത്താലിയുമായ് വരു നീ
തിങ്കളേ ഇതിലേ ഇതിലേ
(മിഴി രണ്ടിലും).
റഫീക്ക് അഹമ്മദ്:
ചന്ദ്രബിംബത്തിന്‍ ചന്തം ചിന്തും നന്ദ വൃന്ദാവനം
(സ്നേഹവീട്).
ശശികല മേനോന്‍:
ചന്ദ്രിക വിതറിയ താഴ്വരയിൽ
ചന്ദനക്കുട പൊൻ തിരുനാളിൽ
(വയനാടന്‍ തമ്പാന്‍).
ഷിബു ചക്രവര്‍ത്തി:
ദൂരേ മാമലയിൽ പൂത്തൊരു ചെമ്പകത്തിൻ
പൂവാകെ നുള്ളി പൂമാല കോർക്കുന്നതാരോ
ആരോ ആവണിത്തിങ്കളോ
(വീണ്ടും).
ഹരിനാരായണന്‍:
നിലാക്കുടമേ നിലാക്കുടമേ
നിശീഥിനിയായ് വിണ്ണോരം വാ
(ചിറകൊടിഞ്ഞ കിനാവുകള്‍).
സന്തോഷ് വര്‍മ:
മാനത്തെ വെള്ളിത്തിങ്കള്‍ മാഞ്ഞാലും
ഉള്ളിന്നുള്ളില്‍ മായല്ലേ ഓര്‍മ്മത്തിങ്കള്‍
(മാഡ് ഡാഡ്).
രാജീവ് ആലുങ്കല്‍:
തിങ്കള്‍ നിലാവില്‍ മഞ്ഞള്‍ നിലാവില്‍
തരളമായനുരാഗ മുഖം
(ഹരിഹരന്‍ പിള്ള ഹാപ്പിയാണ്).