ഇന്ത്യ - ശ്രീലങ്ക ഏഷ്യാ കപ്പ് വേദിയും ഇളക്കിമറിച്ച് ലിയോ; വീഡിയോ വൈറൽ
കടൽ കടന്നും തരംഗം സൃഷ്ടിച്ച് വിജയ് യും അനിരുദ്ധും. ഇന്ത്യാ - ശ്രീലങ്ക ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനിടെ ലിയോയിലെ 'നാ റെഡി താ വരവാ' ഗാനം പ്ലേ ചെയ്ത് സംഘാടകർഡ. ഗാനം കേട്ട് ചുവടു വയ്ക്കുന്ന ആരാധകരുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ഇതോടെ വിദേശരാജ്യങ്ങളിലും നാ റെഡി താൻ വരവാ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുകയാണ്
അതേസമയം ഗാനരംഗങ്ങളിൽ മാറ്റം വരുത്തണമെന്ന സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ നിർദേശങ്ങളോട് അണിയറ പ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല. 'നാ റെഡി താ വരവാ' ഗാനത്തിലെ പുകവലി രംഗങ്ങളും മദ്യത്തെ പരാമർശിക്കുന്ന വരികളും മാറ്റണമെന്നാണ് സെൻസർ ബോർഡ് നിർദേശം . ആനൈത്തു മക്കൾ കച്ചി പാർട്ടിയിലെ രാജേശ്വരിപ്രിയ നൽകിയ പരാതിയിലാണ് നടപടി.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഗ്യാങ്സ്റ്റർ ആക്ഷൻ ഡ്രാമയാണ് ലിയോ. ദളപതിക്ക് പുറമെ സഞ്ജയ് ദത്ത്, തൃഷ, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, പ്രിയ ആനന്ദ്, മൻസൂർ അലി ഖാൻ, മാത്യു തോമസ്, സാൻഡി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ രണ്ടാമത്തെ സിങ്കിൾ ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. ചിത്രം ഒക്ടോബർ 19ന് റിലീസ് ചെയ്യും. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ പാൻ-ഇന്ത്യൻ റിലീസായിരിക്കും ചിത്രം.