പരാതികള്‍ വാട്‌സാപ്പില്‍ സ്വീകരിക്കാന്‍ ഫെഫ്ക; സിനിമാ സീരിയല്‍ രംഗത്തെ സ്ത്രീകളനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ പ്രത്യേക ഫോണ്‍ നമ്പര്‍
സിനിമയിലും സീരിയലിലും പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് തൊഴിലിടത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരാതിയായി ടെക്സ്റ്റ് മെസ്സേജ് വാട്‌സാപ്പ് വഴി അറിയിക്കാന്‍ പ്രത്യേക നമ്പര്‍ പുറത്തുവിട്ട് ഫെഫ്ക. 8590599946 എന്ന നമ്പറിലേക്കാണ് പരാതികള്‍ അറിയിക്കേണ്ടത്.
ഹേമ കമ്മറ്റി റിപ്പോര്‍ട്ടും അതുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതികളും സമൂഹത്തില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പരാതിയറിയിക്കാന്‍ പ്രത്യേക നമ്പര്‍ പുറത്തുവിട്ടുകൊണ്ട് ഫെഫ്ക രംഗത്തെത്തുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക കൃത്യമായി പ്രവര്‍ത്തിച്ചില്ല എന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
സംവിധായകന്‍ ആഷിക്ക് അബു ഫെഫ്കയില്‍ നിന്ന് രാജിവയ്ക്കുന്നതുള്‍പ്പെടെയുള്ള സാഹചര്യമുണ്ടായതിനു ശേഷമാണ് സ്ത്രീകള്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ പ്രത്യേക മൊബൈല്‍ നമ്പറുമായി ഫെഫ്ക രംഗത്തെത്തുന്നത്.
പരാതി സമര്‍പ്പിക്കുന്നവരുമായി ആശയവിനിമയം നടത്തുന്നത് മുഴുവന്‍ സ്ത്രീകള്‍ മാത്രമായിരിക്കുമെന്നും ഫെഫ്ക അറിയിക്കുന്നു. എല്ലാ സിനിമാ സെറ്റുകളിലും ഇന്റേണല്‍ കംപ്ലൈന്റ്‌റ് കമ്മിറ്റി രൂപീകരിക്കുന്നതുള്‍പ്പെടെ ഹേമകമ്മറ്റി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ നേരത്തെ തന്നെ പുറത്ത് വന്നിട്ടും അതൊന്നും നടപ്പിലാക്കാന്‍ സാധിച്ചില്ല എന്ന സാഹചര്യം കൂടി നിലനില്‍ക്കുന്ന സമയത്താണ് ഫെഫ്ക പരാതിയറിയിക്കാന്‍ മൊബൈല്‍ നമ്പര്‍ അവതരിപ്പിക്കുന്നത്.