ഇനി ഇടനിലക്കാരില്ല; സിനിമ വിതരണം നേരിട്ട് ഏറ്റെടുക്കാന്‍ ഫിയോക്ക്
ഇടനിലക്കാരെ ഒഴിവാക്കി സിനിമകളുടെ വിതരണം നേരിട്ട് ഏറ്റെടുക്കാന്‍ തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. സംഘടനയുടെ ചെയര്‍മാന്‍ കൂടിയായ ദിലീപിന്റെ 'കെയര്‍ ടേക്കര്‍' ആണ് ഫിയോക്ക് വിതരണക്കമ്പനി തീയേറ്ററുകളിലെത്തിക്കുന്ന ആദ്യ ചിത്രം.
വിതരണക്കമ്പനിയുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ തീയേറ്റര്‍ ഉടമകള്‍ നാളെ കൊച്ചിയില്‍ യോഗം ചേരുന്നുണ്ട്. കെയര്‍ ടേക്കറിന്റെ ഓഡിയോ ലോഞ്ച് നടക്കുന്ന ഏപ്രില്‍ 18ന് വിതരണക്കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്യും.
മലയാളത്തിലെ മിക്ക നിര്‍മ്മാതാക്കള്‍ക്കും സ്വന്തം വിതരണക്കമ്പനികളുണ്ട്. അതിനാല്‍ വിതരണക്കാര്യത്തില്‍ നിര്‍മാതാക്കളുമായി നേരിട്ട് കാരാറിലേര്‍പ്പെടുന്നത് സാമ്പത്തികമായും ഗുണം ചെയ്യുമെന്നാണ് ഫിയോക്കിന്റെ വിലയിരുത്തല്‍.
രജിനികാന്ത് നായകനായ ജയിലറിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കാന്‍ ഫിയോക്ക് മുന്‍പ് ശ്രമിച്ചിരുന്നു. എന്നാല്‍ സംഘടനയിലെ ചില അംഗങ്ങള്‍ എതിര്‍ത്തതോടെ നീക്കമുപേക്ഷിക്കുകയായിരുന്നു.
ചലച്ചിത്ര നിര്‍മാതാക്കള്‍ക്കും തീയേറ്റര്‍ ഉടമകള്‍ക്കും ഇടയിലുള്ള പാലമായിരുന്നു വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍. എന്നാല്‍ അഴിമതി ആരോപണത്തെത്തുടര്‍ന്ന് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടു. ചെറുകിട സിനിമകളുടെ റിലീസ് ചാര്‍ട്ടിങ്ങിന് പോലും ചില വിതരണക്കാര്‍ അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ വാങ്ങിയെന്നായിരുന്നു ആരോപണം.
ഇതിനുപുറമേ പോസ്റ്റര്‍ പതിക്കല്‍, പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവയ്ക്കു വേറെയും തുക നല്‍കണമായിരുന്നു. മികച്ച അഭിപ്രായമുയര്‍ന്ന ചെറിയ ബജറ്റ് സിനിമകള്‍ക്കു പ്രധാനപ്പെട്ട ഷോകള്‍ കിട്ടാത്ത സ്ഥിതിയും വന്നു. ഇതോടെയാണ് ഇടനിലക്കാരെ ഒഴിവാക്കി സിനിമകളുടെ വിതരണം ഏറ്റെടുക്കാന്‍ ഫിയോക്ക് തീരുമാനിച്ചത്.
ഫിയോക് സിനിമ വിതരണം ഏറ്റെടുക്കുന്നതിനെ സ്വാഗതം ചെയ്യുന്നതായി നിര്‍മാതാവും വിതരണക്കാരനുമായ സിയാദ് കോക്കര്‍ ദ ഫോര്‍ത്തിനോട് പ്രതികരിച്ചു. അതുകൊണ്ട് വിതരണക്കാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധിയുണ്ടാവുമെന്ന് കരുതുന്നില്ല. എല്ലാ സിനിമയും ഫിയോക്കിന് നേരിട്ട് ഏറ്റെടുക്കാന്‍ കഴിയില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.