അതുല്യനടന്റെ അവസാന അരങ്ങ്, മഹാനടന്റെ അരങ്ങേറ്റം; ചരിത്രത്തില്‍ അടയാളപ്പെടുത്തിയ 'അനുഭവങ്ങൾ പാളിച്ചകൾ'

അതുല്യനടന്റെ അവസാന അരങ്ങ്, മഹാനടന്റെ അരങ്ങേറ്റം; ചരിത്രത്തില്‍ അടയാളപ്പെടുത്തിയ 'അനുഭവങ്ങൾ പാളിച്ചകൾ'

സത്യന്റെ അവസാന സിനിമയും മമ്മൂട്ടി ക്യാമറക്ക് മുന്നിലെത്തിയ ആദ്യ സിനിമയും.
Updated on
2 min read

സത്യന്റെ അവസാന സിനിമയും മമ്മൂട്ടി ക്യാമറക്ക് മുന്നിലെത്തിയ ആദ്യ സിനിമയും. 1971ന് പ്രദർശനത്തിനെത്തിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയെ മലയാളസിനിമയുടെ ചരിത്രമെന്ന് വിശേഷിപ്പിക്കാം. അതുല്യനടൻ അരങ്ങൊഴിഞ്ഞ അതേ വേദിയിൽ മറ്റൊരു മഹാനടൻ അരങ്ങേറുകയായിരുന്നു. അക്കാലത്ത് നാടകശൈലി കൈമുതലാക്കി സിനിമയിലെത്തിപ്പെട്ടവർ ഉച്ചത്തിലുളള സംഭാഷണ രീതി കൊണ്ടും അമിത ഭാവാഭിനയം കൊണ്ടും ശീലം തുടർന്നപ്പോൾ തന്മയത്വത്തോടെ മിതമായ ഭാഷയിൽ കഥാപാത്രങ്ങൾക്ക് ജീവൻ കൊടുത്ത നടനായിരുന്നു സത്യൻ. പിന്നീടെപ്പൊഴോ മമ്മൂട്ടിയുടെ സ്വാഭാവിക അഭിനയ ശൈലിയെ സത്യനുമായി താരതമ്യപ്പെടുത്തുന്നതും കണ്ടതാണ്.

തോപ്പിൽ ഭാസിയുടെ തിരക്കഥയിൽ കെ. എസ്. സേതുമാധവൻ ഒരുക്കിയ ശക്തമായ 'രാഷ്ട്രീയ സിനിമ'യായി മാറി അനുഭവങ്ങൾ പാളിച്ചകൾ. തകഴി ശിവശങ്കരപ്പിള്ളയുടെ ഇതേ പേരിലുളള നോവലിന്റെ ചലചിത്രാവിഷ്കാരം. മലയാളത്തിൽ അതുവരെ ഇറങ്ങിയ ചുവപ്പൻ സിനിമകളിലെ ശക്തരായ കമ്യൂണിസ്റ്റ് നായകന്മാരിൽ ഒരാളെന്നും വിശേഷിപ്പിക്കപ്പെട്ടു സത്യന്റെ കഥാപാത്രം സഖാവ് ചെല്ലപ്പൻ. സിനിമയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അവതരിപ്പിച്ച രീതിയോട് പല വിയോജിപ്പുകളും ആ കാലത്ത് ഉയർന്നിരുന്നെങ്കിലും മലയാള സിനിമാ ചരിത്രത്തിലെ അതുല്യ സൃഷ്ടികളിൽ ഒന്നായി ഇന്നും അടയാളപ്പെടുത്തുന്നു അൻപത് വർഷങ്ങൾക്ക് മേൽ പഴക്കമുളള സിനിമ.

'അനുഭവങ്ങൾ പാളിച്ചകൾ' ചിത്രത്തിലെ സത്യനും നസീറും ഒന്നിക്കുന്ന കള്ളുഷാപ്പ് രം​ഗം
'അനുഭവങ്ങൾ പാളിച്ചകൾ' ചിത്രത്തിലെ സത്യനും നസീറും ഒന്നിക്കുന്ന കള്ളുഷാപ്പ് രം​ഗം

1993ൽ സേതുമാധവൻ ദൂരദർശന് നൽകിയ ഒരു അഭിമുഖത്തിൽ ചിത്രീകരണ സമയത്തെ ഓർമ്മകൾ പങ്കുവെക്കുന്നുണ്ട്.

''ഒരു സീനിന്റെ ചിത്രീകരണ സമയത്ത് സത്യൻറെ മൂക്കിലൂടെ രക്തം വരുന്നുണ്ടായിരുന്നു. ഷൂട്ടിങ് നിർത്താം, നമുക്ക് ആശുപത്രിയിൽ പോകാമെന്ന് സംവിധായകൻ,

‘നിങ്ങൾ ഷോട്ട് എടുക്കണം മിസ്റ്റർ’ എന്ന് സത്യൻ.

സത്യന് ഏറ്റവും ദേഷ്യം വരുമ്പോഴാണ് പേരിനൊപ്പം മിസ്റ്റർ ചേർത്തു വിളിക്കുന്നത്.

അതുപോലെ സത്യൻ മണ്ണ് കിളയ്ക്കുന്ന ഒരു രംഗം ഷൂട്ട് ചെയ്യുന്നതിനായി സേതുമാധവനും ഛായാഗ്രാഹകൻ മെല്ലി ഇറാനിയും തയ്യാറെടുക്കുന്നു. കാൻസർ രോ​ഗത്തിന്റെ ബുദ്ധിമുട്ടുകൾ വലിയ രീതിയിൽ സത്യൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന സമയം, ഇതറിയാവുന്ന സേതുമാധവൻ പറഞ്ഞു,

ക്ലോസപ്പ് ഷോട്ട് എടുക്കാം, ലോങ്ഷോട്ടിൽ ഒരു ഡ്യൂപ്പിനെക്കൊണ്ട് ചെയ്യിക്കാം.

പക്ഷെ സത്യൻ അതിന് തയ്യാറായില്ല..

ഡ്യൂപ്പൊന്നും വേണ്ട, ഞാൻ ചെയ്തുകൊള്ളാം. ഒരു ഭീരുവിനെ പോലെ മരിക്കുന്നതിനേക്കാൾ അഭിനയിച്ചു കൊണ്ട് മരിക്കുന്നതാണ് എനിക്കിഷ്ടം.''

അഗ്നിപർവതം പുകഞ്ഞു എന്ന പാട്ട് സത്യന്റെ മരണശേഷമാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. ചെല്ലപ്പനെ തൂക്കിക്കൊല്ലാൻ വിധിക്കുന്ന നിർണ്ണായകമായ കോടതിവിധി രംഗം സത്യന്റെ അഭാവത്തിലും ആ ഇല്ലായ്മ അനുഭവപ്പെടാത്ത രീതിയിൽ സ്ക്രീനിൽ കൊണ്ടുവരാൻ സേതുമാധവന് കഴിഞ്ഞു.

മരണശേഷം സത്യനെ കാണാനെത്തിയ എംജിആർ, സമീപത്ത് പ്രേം നസീർ
മരണശേഷം സത്യനെ കാണാനെത്തിയ എംജിആർ, സമീപത്ത് പ്രേം നസീർ

കൂട്ടത്തിലൊരാളായി ഓടിവന്ന് മുഖത്ത് ചില ഭാവങ്ങൾ ഇട്ടുകൊടുത്തു എന്നതൊഴിച്ചാൽ കാര്യമായി ഒന്നും ചെയ്യാനില്ലാതെ ഡയലോ​ഗ് പോലുമില്ലാതെ മമ്മൂട്ടി നിൽക്കുന്ന രം​​ഗം

മരണം എപ്പോൾ വേണമെങ്കിലും സംഭവിച്ചേക്കാം, ഉടനെ സിനിമ ചെയ്തു തീർക്കണമെന്ന വാശിയായിരുന്നു സത്യന്. സത്യന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളെ എടുത്തുനോക്കിയാൽ ‘അനുഭവങ്ങൾ പാളിച്ചകളി’ലെ സഖാവ് ചെല്ലപ്പൻ ഉറപ്പായും ഉണ്ടാകും. ജയിലിൽ നിന്നിറങ്ങി ചെല്ലപ്പൻ മകളുടെ ശവകുടീരത്തിന് മുന്നിൽ വന്നു നിൽക്കുന്ന സീനിലെ സത്യന്റെ അഭിനയത്തെ കവച്ചുവെക്കുന്ന പ്രകടനം പിന്നീട് മലയാള സിനിമയിൽ ഉണ്ടായിട്ടേയില്ലെന്നാണ് പറയപ്പെടുന്നത്.

ആ നടനെ കണ്ട് അഭിനയം തുടങ്ങിയ നടനാണ് മമ്മൂട്ടി. സിനിമയിൽ സത്യൻ ചെയ്ത കഥാപാത്രമായ ചെല്ലപ്പനെ സഹായിച്ചു എന്നാരോപിച്ച് ബഹദൂറിന്റെ ഹംസ എന്ന കഥാപാത്രത്തിന്റെ പെട്ടിക്കട, മുതലാളിയുടെ ഗുണ്ടകൾ ചേർന്ന് നശിപ്പിക്കുന്നുണ്ട്. അതറിഞ്ഞു ബഹദൂറിന്റെ കൂടെ ഓടിവരുന്ന നാട്ടുകാരിൽ ഒരാളാണ് അനുഭവങ്ങൾ പാളിച്ചകളിൽ മമ്മൂട്ടി. കൂട്ടത്തിലൊരാളായി ഓടിവന്ന് മുഖത്ത് ചില ഭാവങ്ങൾ ഇട്ടുകൊടുത്തു എന്നതൊഴിച്ചാൽ കാര്യമായി ഒന്നും ചെയ്യാനില്ലാതെ ഡയലോ​ഗ് പോലുമില്ലാതെ മമ്മൂട്ടി നിൽക്കുന്ന രം​​ഗം. ആ തുടക്കത്തിൽ നിന്ന് പിന്നീട് സത്യന് ശേഷം എന്ന് പറയപ്പെടാവുന്ന നിലയിലേയ്ക്ക് ഉയർന്നതും ചില കഥാപാത്രങ്ങൾ കാണുമ്പോൾ സത്യനെ ഓർമ്മിപ്പിക്കുന്നു എന്ന് പറയിപ്പിച്ചതും മമ്മൂട്ടി എന്ന നടന്റെ അത്ഭുതനേട്ടം.

logo
The Fourth
www.thefourthnews.in