ഓസ്‌കാര്‍ എന്‍ട്രി ലഭിച്ച സിനിമയ്ക്ക് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തി പാകിസ്താന്‍
സെയിം സാദിഖ് സംവിധാനം ചെയ്ത ജോയ്‌ലാന്‍ഡ് എന്ന ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തി പാകിസ്താന്‍ സര്‍ക്കാര്‍. ചിത്രം സാമൂഹിക മൂല്യങ്ങള്‍ ഇല്ലാത്തതും മാന്യതയും ധാര്‍മികതയുമില്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യത്ത് ചിത്രം പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയത്. നവംബര്‍ 18ന് തീയേറ്ററില്‍ റിലീസ് ചെയ്യാനിരിക്കെയാണ് പാകിസ്താന്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‌റെ നടപടി.
2023 ഓസ്‌കറിലേക്ക് പാകിസ്താനില്‍ നിന്ന് പ്രവേശനം ലഭിച്ച ഏക സിനിമയായിരുന്നു ജോയ്‌ലാന്‍ഡ്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തിയ പാകിസ്താനി ചിത്രം കൂടിയാണ് ജോയ്‌ലാന്‍ഡ്
ലാഹോറിന്റെ പശ്ചാത്തലം പ്രമേയമാകുന്ന ചിത്രം സമൂഹത്തിലെ പുരുഷാധിപത്യത്തെയാണ് തുറന്നുകാട്ടുന്നത്. വീൽ ചെയറിലിരിക്കുന്ന അവസ്ഥയിലും മക്കളോടും മരുമക്കളോടും ഒരു ഗൃഹനാഥൻ പുലർത്തുന്ന അധികാരമനോഭാവമാണ് ചിത്രത്തിന്റെ ഉള്ളടക്കം. ഇളയ മകന്‍ ഹൈദര്‍, ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിൽപ്പെട്ട നര്‍ത്തകിയുമായി പ്രണയത്തിലാകുന്നതോടെ ആ വീട്ടിലുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ചിത്രം അന്താരാഷ്ട്രതലങ്ങളിൽ ശ്രദ്ധിക്കപ്പെടുമ്പോഴും ഉള്ളടക്കത്തിനെതിരെ പാകിസ്താനിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനം ഏർപ്പെടുത്തിയ തീരുമാനവും വരുന്നത് .
എന്നാൽ പാകിസ്താൻ ആദ്യമായി നിരോധിക്കുന്ന ചിത്രമല്ല ജോയ്‌ലാന്‍ഡ്. 2006 മുതല്‍ 2022 വരെ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നാല്പതോളം ചിത്രങ്ങളാണ് പാകിസ്താന്‍ നിരോധിച്ചത്