ഹരികൃഷ്ണന്‍സ്
ഹരികൃഷ്ണന്‍സ്

ഹരികൃഷ്ണന്‍സിലെ ഇരട്ട ക്ലൈമാക്‌സിന് പിന്നില്‍; 24 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍

കൊച്ചി രാജ്യാന്തര പുസ്തകോത്സവത്തില്‍ ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ളയുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങിലാണ് 24 കൊല്ലമായി പറയാതിരുന്ന രഹസ്യം മഹാനടന്‍ വെളിപ്പെടുത്തിയത്
Updated on
1 min read

ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിലെ രഹസ്യം വെളിപ്പെടുത്തി മമ്മൂട്ടി. മലയാളത്തിലെ മഹാ നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച സിനിമയ്ക്ക് ഇരട്ട ക്ലൈമാക്സ് വന്നതും, അത് പ്രേക്ഷകരിലേയ്ക്ക് എത്തിയ രീതിയുമാണ് 24 വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടി പങ്കുവയ്ച്ചിരിക്കുന്നത്. കൊച്ചി രാജ്യാന്തര പുസ്തകോത്സവത്തില്‍ ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ളയുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

രണ്ടു തരം കഥാന്ത്യങ്ങള്‍ ഉണ്ടാകുമ്പോള്‍, രണ്ട് തരവും കാണാന്‍ ആളുകള്‍ വരും

ഹരികൃഷ്ണന്‍സ് എന്ന സിനിമയുടെ ഇരട്ട ക്ലൈമാക്സ് പലയിടങ്ങളിലും എത്തിയത് പ്രിന്റ് അയക്കുന്ന ആളുകള്‍ക്ക് പറ്റിയ തെറ്റാണെന്നാണ് മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍. 'അന്നത്തെ കാലത്ത് സിനിമയുടെ പ്രചരണത്തിനായി രണ്ട് തരത്തിലുള്ള ക്ലൈമാക്‌സുകള്‍ വെച്ചിരുന്നു. ഒന്ന് മീരയെ ഹരിക്ക് കിട്ടുന്നതും മറ്റൊന്ന് മീരയെ കൃഷ്ണന് കിട്ടുന്നതും. അതിങ്ങനെ പ്രത്യേക സ്ഥലങ്ങളില്‍ കാണിക്കണമെന്ന് കരുതി ചെയ്ത കാര്യമല്ല. ഒരു നഗരത്തില്‍ തന്നെ രണ്ടു തീയറ്ററുകളില്‍ രണ്ട് തരം കഥാന്ത്യങ്ങള്‍ ഉണ്ടാകുമ്പോള്‍, രണ്ടും കാണാന്‍ ആളുകള്‍ വരും എന്നുള്ള ദുര്‍ബുദ്ധിയോട് കൂടിയോ സുബുദ്ധിയോട് കൂടിയോ ചെയ്തൊരു കാര്യമാണ്. പക്ഷെ പ്രിന്റ് അയക്കുന്ന ആളുകള്‍ക്ക് തെറ്റുപറ്റി. അവര്‍ കേരളത്തിലെ രണ്ട് ഭാഗങ്ങളിലേക്കായി പ്രിന്റ് അയക്കുകയായിരുന്നു'. എന്നാണ് മമ്മൂട്ടിയുടെ പ്രതികരണം.

32 പ്രിന്റുകളായിരുന്നു അന്ന് സിനിമയുടേതായി റിലീസ് ചെയ്തത്.

പ്രണവം ആര്‍ട്‌സിന്റെ ബാനറില്‍ സുചിത്ര മോഹന്‍ലാലായിരുന്നു ഹരികൃഷ്ണന്‍സ് നിര്‍മിച്ചത്. പ്രണവം മൂവീസ് ആയിരുന്നു ചിത്രം വിതരണം ചെയതത്. 32 പ്രിന്റുകളായിരുന്നു അന്ന് സിനിമയുടേതായി റിലീസ് ചെയ്തത്. അതില്‍ 16 എണ്ണത്തില്‍ മോഹന്‍ലാലും ജൂഹി ചൗളയും ഒന്നിക്കുന്നതും മറ്റ് പതിനാറെണ്ണത്തില്‍ മമ്മൂട്ടിയും ജൂഹി ചൗളയും ഒന്നിക്കുന്നതുമായിരുന്നു ക്ലൈമാക്സ്.

logo
The Fourth
www.thefourthnews.in