വെള്ളിത്തിരയിലെ 'വിജയ്' മരണത്തെ അതിജീവിച്ച 'അമിതാഭ്'; 81-ാം ജന്മദിനം ആഘോഷിക്കുന്ന ബിഗ് ബി
ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചന്റെ 81-ാം ജന്മദിനമാണിന്ന്. ക്ഷുഭിത യൗവനത്തില്‍ നിന്നും ബിഗ്ബിയിലേക്കുള്ള അമിതാഭ് ബച്ചന്റെ വളര്‍ച്ച ഇന്ത്യന്‍ സിനിമയുടെ കൂടി വളര്‍ച്ചയായാണ് വിലയിരുത്തപ്പെടുന്നത്. 1970 മുതല്‍ 1980 വരെ അമിതാഭ് ബച്ചന്‍ എന്ന പേര് ഇന്ത്യന്‍ സിനിമയുടെ പര്യായമായി മാറി. ഈ കാലയളവിലാണ് ഫ്രഞ്ച് സംവിധായകന്‍ ഫ്രാങ്കോയിസ് ട്രൂഫൗട്ട് അദ്ദേഹത്തെ 'വണ്‍-മാന്‍ ഇന്‍ഡസ്ട്രി' എന്ന് വിശേഷിപ്പിച്ചത്.
1942 ലാണ് പ്രശസ്ത കവി ഹരിവംശ് റായ് ബച്ചന്റെയും സാമൂഹിക പ്രവര്‍ത്തക തേജി ബച്ചന്റെയും മകനായി അമിതാഭ് ബച്ചന്‍ ജനിച്ചത്. ഇന്‍ക്വിലാബ് ശ്രീവാസ്തവ എന്നായിരുന്നു മാതാപിതാക്കള്‍ അമിതാഭിന് നല്‍കിയിരുന്ന പേര്. പിന്നീട് സുഹൃത്തും കവിയുമായിരുന്ന സുമിത്രാനന്ദന്റെ നിര്‍ദ്ദേശപ്രകാരം ഹരിവംശ് റായ് മകന്റെ പേര് 'ഒരിക്കലും അണയാത്ത വെളിച്ചം' എന്നര്‍ത്ഥം വരുന്ന അമിതാഭ് എന്നാക്കി.
1969 ല്‍ മൃണാള്‍ സെന്നിന്റെ ഭുവന്‍ ഷോം എന്ന് സിനിമയില്‍ ശബ്ദ സാന്നിധ്യമായാണ് അമിതാഭ് ബച്ചന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് 1968ല്‍ മുംബൈയില്‍ എത്തിയ ബച്ചന്‍ 1969-ല്‍ ഖ്വാജാ അഹ്‌മദ് അബ്ബാസ് സംവിധാനം ചെയ്ത സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തി. മലയാളത്തിന്റെ സ്വന്തം മധുവും ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ആദ്യ ചിത്രത്തിലെ അഭിനയം തന്നെ മികച്ച പുതുമുഖത്തിനുള്ള ദേശീയ പുരസ്‌കാരം ബച്ചനു നേടിക്കൊടുത്തു.
സഞ്ജീര്‍, ദിവാര്‍, ഷോലെ, ഷഹെന്‍ ഷാ, ഡോണ്‍ തുടങ്ങി എക്കാലത്തെയും നിരവധി ഹിറ്റ് ചിത്രങ്ങളാണ് അമിതാഭിന്റെതായി പുറത്തിങ്ങിയത്. മികച്ച നടനുള്ള അവാര്‍ഡ് നാല് തവണയും സമഗ്രസംഭാവനയ്ക്കുള്ള ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
വെള്ളിത്തിരയിലെ വിജയ്
വിജയ് എന്ന പേരിലാണ അമിതാബ് ബച്ചന്‍ ഏറ്റവും കൂടുതല്‍ തവണ വെള്ളിത്തിരയില്‍ എത്തിയത്. 20 തവണയോളം അദ്ദേഹം വിജയ് എന്ന പേരില്‍ വെള്ളിത്തിരയില്‍ എത്തി. ബിഗ് ബിയുടെ ആദ്യ സിനിമ മുതല്‍ തുടര്‍ച്ചയായി 12 സിനിമകള്‍ ബോക്‌സോഫീസില്‍ പരാജയപ്പെട്ടിരുന്നു. പിന്നീടാണ് സഞ്ജീര്‍ എന്ന ചിത്രം റീലീസ് ചെയ്യുന്നത്. അമിതാഭ് ബച്ചന്റെ ആദ്യ ഹിറ്റ് ചിത്രമായിരുന്നു ഇത് ചിത്രത്തില്‍ വിജയ് ഖന്ന എന്ന കഥാപാത്രമായിട്ടായിരുന്നു അദ്ദേഹം എത്തിയത്.
തുടര്‍ന്ന് റൊട്ടി കപട ഔര്‍ മകാന്‍, ദീവാര്‍, ഹേരാ ഫേരി,ത്രിശൂല്‍, ദി ഗ്രേറ്റ് ഗാംബ്ലര്‍, ദോ ഔര്‍ ദോ പാഞ്ച്, ഷാന്‍, ശക്തി, ആഖ്രി രാസ്ത, ഡോണ്‍, കാലാ പട്ടര്‍, ദോസ്താന, ഷഹെന്‍ഷാ, അഗ്‌നിപഥ്, അകൈല, ഏക് റിഷ്ത-ദ ബോണ്ട് ഓഫ് ലവ്, ആംഖെന്‍ നിശബ്ദ്, റാണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ അമിതാഭ് ബച്ചന്‍ വിജയ് എന്ന പേരില്‍ അഭിനയിച്ചു.
മരണത്തെ അതിജീവിച്ച അമിതാഭ് ബച്ചന്‍
ഷോലെ, ദീവാര്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ അമിതാഭ് ബച്ചന്റെ കഥാപാത്രങ്ങള്‍ മരിക്കുന്നതായിട്ടാണ് കാണിക്കുന്നത്. സമാനമായ രീതിയില്‍ തന്നെ മന്‍മോഹന്‍ ദേശായി സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രവും അദ്ദേഹം കഥാവസാനത്തില്‍ മരിക്കുന്നതായി കാണിക്കാനായിരുന്നു തീരുമാനം. ഇതിനിടെയാണ് ചിത്രത്തിലെ സംഘട്ടന രംഗത്തിന്റെ ചിത്രീകരണത്തിനിടെ ബച്ചന് ഗുരുതരമായി പരുക്കേറ്റത്.
മേശ പുറത്ത് നിന്ന് താഴേക്ക് വീഴുന്ന രീതിയിലായിരുന്നു രംഗം ചിത്രീകരിച്ചിരുന്നത് എന്നാല്‍ ചാടുന്നതിനിടെ മേശയുടെ അരിക് അദ്ദേഹത്തിന്റെ അടിവയറ്റില്‍ തട്ടി. ഗുരുതരമായ പരിക്ക് പറ്റി. പ്ലീഹയ്ക്ക് പരിക്ക് പറ്റുകയും രക്തം നഷ്ടമാവുകയും ചെയ്തു. തുടര്‍ന്ന് അമിതാഭിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായിവന്നു.
മരണത്തോട് മല്ലടിച്ച് മാസങ്ങളോളമാണ് അമിതാഭ് ബച്ചന്‍ ആശുപത്രിയില്‍ കിടന്നത്. പലതരത്തില്‍ വാര്‍ത്തകള്‍ പടര്‍ന്നു. പലപ്പോഴും ആരോഗ്യനില ഗുരുതരാവസ്ഥയില്‍ ആയി. നീണ്ടനാളത്തെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം സുഖം പ്രാപിച്ച് തിരികെയെത്തി. ചിത്രീകരണം പുനരാരംഭിച്ചു. മരണത്തെ അതിജീവിച്ച് എത്തിയ ആളെ വെള്ളിത്തിരയില്‍ കൊല്ലാന്‍ സംവിധായകന് മടിച്ചു. തുടര്‍ന്ന് തിരക്കഥയില്‍ വേണ്ട മാറ്റം വരുത്തിയാണ് കൂലി ചിത്രീകരിച്ചത്.
സിനിമയിലെ സംഘട്ടന രംഗത്ത് അദ്ദേഹത്തിന് പരുക്ക് പറ്റുന്ന രംഗങ്ങള്‍ രംഗം നിര്‍ത്തിവെച്ച് ആളുകള്‍ക്ക് കാണിച്ചും കൊടുക്കുകയും ചെയ്തിരുന്നു. ചിത്രം ബോക്‌സോഫീസില്‍ വലിയ വിജയമായി മാറി.