സിനിമ, ഡോക്യുമെന്ററി സംവിധായകന്‍ കെ പി ശശി അന്തരിച്ചു
സിനിമ, ഡോക്യുമെന്ററി സംവിധായകന്‍ കെ പി ശശി (64) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊച്ചി സ്വദേശിയായ ശശി കാര്‍ട്ടൂണിസ്റ്റ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്ന കെ ദാമോദരന്റെ മകനാണ്. മുംബൈയിലെ ഫ്രീ പ്രസ്സ് ജേര്‍ണലില്‍ കാര്‍ട്ടൂണിസ്റ്റായിരുന്നു. വിബ്‌ജ്യോര്‍ ഫിലിം ഫെസ്റ്റിവലിന്റെ സ്ഥാപകരില്‍ ഒരാള്‍ കൂടിയായിരുന്നു. സംസ്‌കാരം നാളെ നടക്കും.
ജെഎന്‍യുവില്‍ വിദ്യാര്‍ഥിയായിരിക്കെ കാര്‍ട്ടൂണിസ്റ്റായാണ് തുടക്കം. എണ്‍പതുകളുടെ തുടക്കത്തില്‍ ചലച്ചിത്ര ജീവിതം ആരംഭിച്ച ശശി റെസ്റ്റിങ് ഫിയര്‍, ഡവലപ്‌മെന്റ് അറ്റ് ഗണ്‍പോയിന്റ്, ഇന്‍ ദ നേം ഓഫ് മെഡിസിന്‍, വോയിസസ് ഫ്രം എ ഡിസാസ്റ്റര്‍ എന്നീ ഡോക്യുമെന്ററികളും 25 ഓളം സിനിമകളും സംവിധാനം ചെയ്തു. 1991ല്‍ സ്ത്രീകള്‍ അനുഭവിക്കുന്ന സാമൂഹികവും മാനസികവുമായ അതിക്രമങ്ങള്‍ തുറന്നു പറഞ്ഞ ഫീച്ചര്‍ ഫിലിം, ഇലയും മുള്ളും ദേശീയ പുരസ്കാരം നേടിയിരുന്നു. 2013ൽ പുറത്തിറങ്ങിയ ഡോക്യുമെന്ററി, ഫാബ്രിക്കേറ്റഡ് വലിയ ചർച്ചയായിരുന്നു.
2003ല്‍ അനുപം ഖേര്‍, നന്ദിതദാസ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ശശി സംവിധാനം ചെയ്ത ഹിന്ദി ചിത്രമാണ് ഏക് അലഗ് മൗസം. വികസന കാഴ്ചപാടുകളെ കുറിച്ച് പറയുന്ന നിശബ്ദ രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയായ ശ്...സൈലന്‍സ് പ്ലീസ്' ശശിയുടെ സൃഷ്ടിയാണ്. 2000ല്‍ പക്ഷികള്‍ പാടുന്നു എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.