ഗുജറാത്തി ചിത്രം 'ഛെല്ലോ ഷോ' ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി; ആർആർആറിനെയും കശ്മീർ ഫയൽസിനെയും പിന്തള്ളി
95 -മത് ഓസ്കാർ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഗുജറാത്തി ചിത്രം 'ഛെല്ലോ ഷോ' ( അവസാനത്തെ സിനിമാ പ്രദർശനം) തിരഞ്ഞടുക്കപ്പെട്ടു. മികച്ച ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിൽ ആണ് ചിത്രം രാജ്യത്തെ പ്രതിനിധീകരിക്കുക. കന്നഡ സംവിധായകൻ ടി എസ് നാഗഭരണ തലവനായ ജൂറി ആണ് ചിത്രത്തെ തിരഞ്ഞെടുത്തത്. എസ് എസ് രാജമൗലിയുടെ ആർ ആർ ആർ, വിവേക് അഗ്നിഹോത്രിയുടെ ദ കശ്മീർ ഫയൽസ്, മലയാളം ചിത്രം മലയൻ കുഞ്ഞ് ,രാഹുൽ സംകൃത്യന്റെ ശ്യാം സിംഹ റോയ് തുടങ്ങിയ ചിത്രങ്ങളെ പിന്തള്ളിയാണ് 'ഛെല്ലോ ഷോ' ഓസ്കാർ എൻട്രിയായത്.
പാൻ നളിൻ സംവിധാനം ചെയ്ത അർധ- ആത്മകഥാപരമായ ചിത്രത്തിന്റെ വേൾഡ് പ്രീമിയർ ട്രിബിക്കാ ചലച്ചിത്ര മേളയിലായിരുന്നു. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ഒന്നിലധികം അവാർഡുകൾ ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്. സ്പെയിനിലെ 66 -മത് വല്ലാഡോലിഡ് ഫിലിം ഫെസ്റ്റിവലിലെ ഗോൾഡൻ സ്പൈക്ക് പുരസ്കാരവും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. വിദേശത്ത് വലിയ വാണിജ്യ വിജയം നേടിയ സിനിമ കൂടിയാണിത്. ഒക്ടോബർ 14 നാണ് ഇന്ത്യയിൽ ചിത്രം പ്രദർശനത്തിനെത്തുക.
സൗരാഷ്ട്രയിലെ ഒരു ഗ്രാമത്തിൽ ജീവിക്കുന്ന കുട്ടിയുടെ സിനിമാ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രം ഇന്ത്യൻ സിനിമ ശാലകളുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഭവിൻ റബാരി, വികാസ് ബട്ട, റിച്ച മീന, ഭാവേഷ് ശ്രീമാലി, ദിപെൻ റാവൽ, രാഹുൽ കോലി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത്.
2013 ലെ ഡി ഗുഡ് റോഡിന് ശേഷം ഇത് രണ്ടാം തവണയാണ് ഒരു ഗുജറാത്തി ചിത്രം ഓസ്കാർ എൻട്രി നേടുന്നത്. കഴിഞ്ഞ വർഷം, വിനോദ്‌രാജ് പിഎസ് സംവിധാനം ചെയ്ത കൂഴങ്ങൾ എന്ന തമിഴ് ചിത്രമായിരുന്നു ഓസ്‌കാറിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രി. 2001 -ൽ അശുതോഷ് ഗോവാരിക്കറുടെ ലഗാൻ ആയിരുന്നു ഓസ്കാർ നാമനിർദേശം നേടിയ അവസാന ഇന്ത്യൻ ചിത്രം.