വരാഹരൂപം പ്രദർശനം: താത്‌കാലിക വിലക്കിന് ഹൈക്കോടതി സ്റ്റേ
കാന്താരയിലെ 'വരാഹരൂപം' ഒടിടിയിലോ തിയേറ്ററിലോ പ്രദർശിപ്പിക്കുന്നതിന് കോഴിക്കോട് അഡീഷണൽ ജില്ലാ കോടതി ഏർപ്പെടുത്തിയ താത്‌കാലിക വിലക്കിന് ഹൈക്കോടതിയുടെ സ്റ്റേ. കീഴ്ക്കോടതി ഉത്തരവിനെതിരെ കാന്താരയുടെ നിർമാതാക്കളായ ഹോമ്പാല ഫിലിംസ് സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഇടപെടൽ. ഈ മാസം 28 വരെയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് കീഴ്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. മാതൃഭൂമിയുടെ ഹർജയിലാണ് വരാഹരൂപത്തിന് അഡീഷണൽ സെഷൻസ് കോടതി വിലക്കേർപ്പെടുത്തിയത്.
പ്രഥമദൃഷ്ട്യാ പകർപ്പവകാശലംഘനം നടന്നിട്ടുണ്ടെന്ന വിലയിരുത്തലിലാണ് കോഴിക്കോട് അഡീഷണൽ ജില്ലാ കോടതി വരാഹരൂപത്തിന്റെ പ്രദർശനം താത്കാലികമായി തടഞ്ഞത്. ഗാനം പ്രദർശിപ്പിക്കുകയാണെങ്കിൽ മാതൃഭൂമിക്കും തൈക്കുടം ബ്രിഡ്ജിനും അതിന്റെ അംഗീകാരം നൽകണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
മാതൃഭൂമി പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനി ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള കപ്പ ടിവിയിൽ പ്രദർശിപ്പിച്ച തൈക്കുടം ബ്രിഡ്ജ് ബാൻഡ് അവതരിപ്പിച്ച നവരസം ഗാനത്തിന്റെ കോപ്പിയാണ് വരാഹരൂപം എന്നായിരുന്നു ആരോപണം. മാതൃഭൂമിയും തൈക്കുടം ബ്രിഡ്ജും നൽകിയ പരാതിയിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പകർപവകാശ നിയമത്തിലെ സെക്ഷൻ 63 പ്രകാരം കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിൽ ആണ് കേസ് രജിസ്റ്റർ ചെയ്തത്.
ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരായ പൃഥ്വിരാജ് ഉള്‍പ്പെടെ ഒമ്പത് എതിര്‍ കക്ഷികളാണ് കേസിലുള്ളത്
'വരാഹരൂപം' ഉള്‍പ്പെട്ട 'കാന്താര' സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധി സുപ്രീം കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. നിർമാതാവിന്റെയും സംവിധായകന്റെയും മുൻകൂർ ജാമ്യഹർജി പരിഗണിക്കുമ്പോളാണ് വരാഹരൂപത്തിനും ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയത്. ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ ഉണ്ടാകുന്നതുവരെ വരാഹരൂപം കാന്താരയിൽ ഉൾപ്പെടുത്തരുതെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ വിധിയെ രൂക്ഷമായി വിമർശിച്ച ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്, പകർപ്പവകാശ പ്രശ്നങ്ങൾ മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പാക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
സുപ്രീംകോടതി നിർദേശപ്രകാരം ഋഷഭ് ഷെട്ടിയും ചിത്രത്തിന്റെ നിർമാതാവ് വിജയ് കിരഗന്ദൂരും കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിൽ മൊഴി നൽകിയിരുന്നു. പകർപവകാശ ലംഘനം ആരോപിച്ച് പരാതിക്കാർ ഇതിനകം രണ്ട് വ്യത്യസ്ത സിവിൽ ഹർജികൾ ഫയൽ ചെയ്തിട്ടുണ്ട്. ഈ ഹർജികൾ കോഴിക്കോട്, പാലക്കാട് ജില്ലാ കോടതികളാണ് ആദ്യം പരിഗണിച്ചത്. ജില്ലാ കോടതി ഉത്തരവുകൾ ചോദ്യം ചെയ്ത് മാതൃഭൂമിയും തൈക്കുടവും നൽകിയ ഹർജികളും ഹൈക്കോടതിയുടെ പരിഗണനയിലാണ്.