ചലച്ചിത്ര അക്കാദമിയുടെ പ്രതികരണം; വീണ്ടും ആരോപണവുമായി ഷിജു ബാലഗോപാലും വിനയനും

ചലച്ചിത്ര അക്കാദമിയുടെ പ്രതികരണം; വീണ്ടും ആരോപണവുമായി ഷിജു ബാലഗോപാലും വിനയനും

തേർഡ് പാർട്ടി വഴി ഡൗണ്‍ലോഡ്‌ ചെയ്തതാണെങ്കിൽ ആ ഫയൽ 5 ജി ബിയിൽ കുറവായതുകൊണ്ട് തന്നെ ആർക്കു വേണമെങ്കിലും കോപ്പി മോഷ്ടിക്കാമെന്ന് ഷിജു ബാലഗോപാലൻ
Updated on
2 min read

കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഐ എഫ് എഫ് കെയിൽ മലയാളം സിനിമ ടുഡേ വിഭാഗത്തിലേക്കയച്ച മുഴുവൻ സിനിമകളും ജൂറി കണ്ടിട്ടില്ല എന്ന സംവിധായകൻ ഷിജു ബാലഗോപാലിന്റെ ആരോപണത്തിൽ ചലച്ചിത്ര അക്കാഡമിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് പറഞ്ഞ് സംവിധായകൻ വീണ്ടും രംഗത്ത്. ചലച്ചിത്ര മേളകൾക്കയക്കുന്ന സിനിമാകോപ്പികൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോൾ ബാലഗോപാൽ ഉന്നയിക്കുന്നത്.

തന്റെ സിനിമ ഫയൽ ട്രാൻസ്‌ഫർ ചെയ്യുന്ന ഡാറ്റാബേസ് ആയ വിമിയോ വഴി പാസ്സ്‌വേർഡ് ഉൾപ്പടെ നൽകിയാണ് അക്കാദമിക്ക് നൽകിയതെന്നും, എന്നാൽ ഡാറ്റാബേസിന്റെ അനലിറ്റിക്‌സ് പരിശോധിച്ചപ്പോൾ സിനിമ ജൂറി പ്രിവ്യൂ ചെയ്തതായി കാണിക്കുന്നില്ലെന്നുമായിരുന്നു സംവിധായകൻ ഷിജു ബാലഗോപാലിന്റെ ആരോപണം. ഇതിനു വിശദീകരണവുമായി ചലച്ചിത്ര അക്കാദമിയും രംഗത്തെത്തി. എല്ലാ സിനിമകളും ഡൗണ്‍ലോഡ്‌ ചെയ്താണ് ജൂറിക്ക് നൽകുന്നതെന്നും, ലിങ്ക് വഴി കാണുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ബഫറിങ് ഒഴിവാക്കി നിലവാരമുള്ള കോപ്പി തന്നെ ജൂറിക്ക് കാണാൻ സാധിക്കുന്നതിനു വേണ്ടിയാണ് ഇത് ചെയ്തതെന്നും ചലച്ചിത്ര അക്കാദമി ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. സംശയമുള്ളവർക്ക് അക്കാദമിയിലെത്തി രേഖകൾ പരിശോധിക്കാമെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു.

ഇതിനെ തുടർന്ന് ജൂറി അംഗമായ എഴുത്തുകാരൻ ഒ പി സുരേഷ് സിനിമകൾ മുഴുവൻ രണ്ടാഴ്ചയെടുത്ത് കണ്ട്, നിരവധി ചർച്ചകൾ നടത്തിയാണ് അവസാന ലിസ്റ്റ് തയ്യാറാക്കിയതെന്നും അനാവശ്യ വിവാദമാണ് ഇപ്പോൾ നടക്കുന്നതെന്നും ഫേസ്ബുക് പോസ്റ്റിലൂടെ പ്രതികരിച്ചു. എന്നാൽ അക്കാദമിയുടെയും ജൂറി അംഗംങ്ങളുടെയും പ്രതികരണങ്ങൾക്ക് ശേഷം ഗുരുതരമായ ആരോപണവുമായി സംവിധായകൻ ഷിജു ബാലഗോപാലൻ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. സിനിമ വിമിയോ ലിങ്ക് വഴി ഡൗൺലോഡ് ചെയ്താൽ അനലിറ്റിക്സിൽ നിന്ന് മനസിലാക്കാനാകുമെന്നും, ഇപ്പോഴും തന്റെ സിനിമയുടെ അനാലിറ്റിക്സിൽ ഡൗൺലോഡ് ചെയ്തതായി കാണിക്കുന്നില്ലെന്നും പറയുന്നു. അതുകൊണ്ട്തന്നെ ഒന്നുകിൽ ജൂറി സിനിമ കണ്ടിട്ടില്ലെന്നും, അല്ലെങ്കിൽ ഒരു തേർഡ് പാർട്ടി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തങ്ങളുടെ സിനിമകൾ അക്കാദമി ഡൗൺലോഡ് ചെയ്തു എന്നുമാണ് ഷിജു ബാലഗോപാൽ ആരോപിക്കുന്നത്.

ഇതിൽ രണ്ടാമത്തേതാണ് അക്കാദമി ചെയ്തതെങ്കിൽ അത് ഗുരുതര ആരോപണമാണെന്നും, സിനിമകളുടെ പൈറസി ഇല്ലാതാക്കാൻ ശ്രമിക്കുന്ന കാലത്ത് ചലച്ചിത്ര അക്കാദമിതന്നെ പൈറസിയെ പ്രോത്സാഹിപ്പിക്കുകയാണോ എന്നും ഷിജു ബാലഗോപാലൻ ചോദിക്കുന്നു. ഫെസ്റ്റിവലിന് അയക്കുന്ന ഭൂരിഭാഗം സിനിമകളും എവിടെയും റിലീസ് ചെയ്തിട്ടില്ലാത്ത സിനിമകളാണ്. തേർഡ് പാർട്ടി വഴി ഡൗണ്‍ലോഡ് ചെയ്തതാണെങ്കിൽ ആ ഫയൽ 5 ജി ബിയിൽ കുറവായതുകൊണ്ട് ആർക്കു വേണമെങ്കിലും കോപ്പി മോഷ്ടിക്കാമെന്നും സംവിധായകൻ പറയുന്നു. മേളയിലേക്ക് എൻട്രിയായി ലഭിക്കുന്ന സിനിമകൾ മുഴുവൻ ജൂറി കാണുന്നുണ്ടോ എന്നതിൽ നിന്ന് സിനിമ പൈറസിപോലെ ഒരു ഗുരുതരമായ വിഷയത്തിലേക്കാണ് കാര്യങ്ങൾ ഒടുവിൽ എത്തുന്നത്.

ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങളെ വിമർശിച്ച് നിരവധി സംവിധായകരും സിനിമാ പ്രവർത്തകരും ഇതിനോടകം രംഗത്തെത്തി. കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത് ഇടപെട്ട് തന്റെ സിനിമയെ തഴഞ്ഞു എന്ന് പരാതി ഉന്നയിച്ച സംവിധായൻ വിനയൻ ഇപ്പോൾ ആരോപണങ്ങളുയർത്തിയ സിനിമാ പ്രവർത്തകരെ അനുകൂലിച്ച് രംഗത്തെത്തി. സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ ആയിരിക്കുന്ന കാലത്ത് ഇതിലപ്പുറവും സംഭവിക്കുമെന്ന് വിനയൻ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു .

logo
The Fourth
www.thefourthnews.in