ഇന്ത്യന്‍ 2 റിവ്യൂ: പ്രതീക്ഷകള്‍ തകര്‍ത്തെറിഞ്ഞ് ഷങ്കറും ഉലകനായകനും
96ലെ ഇന്ത്യന്‍ ഷങ്കറിന്റെ കരിയറില്‍ കൊടുത്ത ഹൈപ്പ് 28 വര്‍ഷത്തിനിപ്പുറം കൂപ്പുകുത്തുകയാണ്. സേനാപതി വീണ്ടും വരുമ്പോള്‍ ട്രെയ്‌ലറില്‍ തോന്നിപ്പിച്ച നിരാശ തെല്ലും കുറവില്ലാതെ സിനിമയില്‍ പ്രതിഫലിക്കുന്നുണ്ട്. 'നിയമം കയ്യിലെടുക്കുന്ന ഇന്ത്യന്‍' എന്ന പ്രമേയം പോലും വര്‍ഷത്തിനിപ്പുറം ഇന്ത്യന്‍ 2വിനു തിരിച്ചടിയാവുമ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നത് ഷങ്കര്‍ ഒരുക്കുന്ന ക്യാന്‍വാസിലും അനിരുദ്ധിന്റെ സംഗീതത്തിലും കമല്‍ഹാസന്‍ എന്ന നടനിലുമായിരുന്നു. എന്നാല്‍ ഷങ്കറിന്റെ ഫ്രെയ്മുകളില്‍ ബജറ്റിന്റെ വലിപ്പം തെളിവാകുന്നു എന്നതല്ലാതെ കാര്യമായ അത്ഭുതമൊന്നും സംഭവിച്ചിട്ടില്ല.
പ്രോസ്തറ്റിക് മേക്കപ്പിന്റെ മറയ്ക്കുള്ളില്‍നിന്നുകൊണ്ട് ഉലകനായകന് ഒന്നും തന്നെ ചെയ്യാന്‍ കഴിഞ്ഞിട്ടുമില്ല. രൂപം മാറിയുളള ഓരോ വരവും ബിഗ് സ്‌ക്രീനില്‍ യാതൊരു സുഖവും സമ്മാനിച്ചില്ലെന്ന് മാത്രമല്ല ജീവനില്ലാത്ത ഡമ്മി വേഷങ്ങളായി അനുഭവപ്പെടുകയും ചെയ്തു. ഇതുവരെ ചെയ്തിട്ടുളളതില്‍ വെച്ച് അനിരുദ്ധിന്റെ ക്രെഡിറ്റില്‍ വരുന്ന ഏറ്റവും മോശം ആല്‍ബവുമാണ് ഇന്ത്യന്‍ 2. മുമ്പ് കേട്ടുപോയ അനിരുദ്ധിന്റെ തന്നെ സംഗീതത്തിന്റെ വാല്‍ക്കഷ്ണമെന്ന് തോന്നിപ്പിച്ചു ഓരോ ബീറ്റും.
അഴിമതിക്കാരെ ബെല്‍റ്റുറയിലെ കത്തികൊണ്ട് ഒറ്റക്കുത്തിന് കൊന്നൊടുക്കുന്ന സേനാപതി അന്നും ഇന്നും അംഗീകരിക്കാനാവാത്ത നായകന്‍ തന്നെയാണ്. ആശയപരമായി ഏറെ മുന്നോട്ട് സഞ്ചരിച്ചെത്തിയ കാലത്ത് വന്നുനില്‍ക്കുമ്പോള്‍ വിജിലാന്റി കഥകള്‍ക്ക് മുമ്പത്തെപ്പോലെ കയ്യടി കിട്ടില്ലെന്ന തിരിച്ചറിവ് ഷങ്കറിന് വേണമായിരുന്നു. മാത്രമല്ല ഇത്തരം കഥകള്‍ പറയുമ്പോള്‍ തിരക്കഥയിലെങ്കിലും അല്പം ക്വാളിറ്റി ഉറപ്പാക്കിയിരുന്നെങ്കില്‍ ആശയത്തോട് വിയോജിപ്പെങ്കിലും ഗംഭീര സിനിമാ അനുഭവമെന്ന് പറയിപ്പിക്കാമായിരുന്നു. ഇതിപ്പോള്‍ അതുമില്ലാതായി.
അഴിമതിരഹിത സ്വതന്ത്ര്യ ഇന്ത്യ സ്വപ്നം കാണുന്ന നായകന്‍ പല ഘട്ടങ്ങളിലും കോമാളിയാവുന്നു. നാടിനെ മൊത്തം നന്നാക്കുകയെന്ന പാഴ്‌ദൗത്യത്തിന് ഇറങ്ങിത്തിരിച്ച് പാരലല്‍ വേള്‍ഡില്‍ പോലും നിലനില്പ് അര്‍ഹിക്കാത്ത കഥാപാത്രമാണെന്ന് സിനിമ കാണുമ്പോള്‍ വ്യക്തമാവുന്നു. പിന്നെ പ്രായോഗികമായി ചിന്തിച്ചാല്‍ അന്നേ വയസനായിരുന്ന സേനാപതി 28 വര്‍ഷങ്ങള്‍ കഴിഞ്ഞും ആയുരാരോഗ്യത്തോടെ ഫൈറ്റിനിറങ്ങുമോയെന്ന ലോജിക്കൊന്നും ചിന്തിച്ചുപോകണ്ട. കാരണം അതിനൊക്കെ മേലെ അര്‍ഥമില്ലാത്ത മര്‍മാണിപ്രയോഗങ്ങളാണ് അഴിമതിക്കാര്‍ക്കു നേരെ സേനാപതി പ്രയോഗിക്കുന്നത്.
കോമാളിത്തരങ്ങള്‍ കൊണ്ട് അടിമുടി അരോചകമാണ് തീയറ്ററില്‍ ഇന്ത്യന്‍ 2. വിവേകമില്ലാത്തവരും എടുത്തുചാട്ടക്കാരും സോഷ്യല്‍ മീഡിയ കൈകളിലെ നൂല്‍പ്പാവകളുമാണ് ഇന്ത്യയിലെ യുവാക്കളെന്നാണ് സിനിമ പറയുന്നത്. ഇന്റര്‍നെറ്റ് റെവല്യൂഷന്റെ തുടക്കകാലത്തെ, അതും തമിഴില്‍ തന്നെ പല കൊമേഴ്സ്യല്‍ പടങ്ങളും പല തവണയായി ഉപയോഗിച്ച് മടുപ്പിച്ച ട്രെൻഡിങ് ഹാഷ്ടാഗ് ടെക്‌നിക് കഥയിലെ ടേണിങ് പോയിന്റായി കൊണ്ടുവന്നിരിക്കുന്നു. പിന്നെ തമിഴ് പ്രേക്ഷകരെ മുമ്പൊക്കെ കഥയിലേക്കു വീഴ്ത്താന്‍ സിനിമാക്കാര്‍ സ്ഥിരം ഉപയോഗിക്കുമായിരുന്ന അമ്മ, അപ്പ, തങ്കച്ചി പാസം ക്ലൈമാക്‌സോട് അടുക്കുമ്പോള്‍ മറക്കാതെ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.
നെടുമുടി വേണു അവസാനമായി ചെയ്ത സിനിമകളില്‍ ഒന്നായിരുന്നല്ലോ ഇന്ത്യന്‍ 2. സിനിമയിലെ അദ്ദേഹത്തിന്റെ ചില ഭാഗങ്ങള്‍ മുമ്പേ ചിത്രീകരിച്ചിരുന്നതാണ്. പക്ഷേ ചില സീനുകള്‍ എഐ ഉപയോഗിച്ചാണ് ചെയ്‌തെടുത്തിരിക്കുന്നത്. അതിന്റെ ആര്‍ട്ടിഫിഷ്യല്‍ സ്വഭാവം നന്നേ പ്രകടവുമാണ്. ആ സീനില്ലെങ്കിലും കഥയ്ക്ക് യാതൊന്നും സംഭവിക്കില്ലെന്നത് മറ്റൊരു വശം. എങ്കിലും സാങ്കേതികവിദ്യകളെ ഒരു പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചുനോക്കാമെന്ന സംവിധായകന്റെ തോന്നലിനെ കുറ്റം പറയാനില്ല.
രണ്ടാം ഭാഗം ചെയ്‌തെടുത്തപ്പോള്‍ ആറു മണിക്കൂറിനുമേല്‍ ഉണ്ടായിരുന്നുവെന്നും ഒരു സീന്‍ പോലും ഒഴിവാക്കാനവില്ലെന്ന് തോന്നിയതിനാല്‍ ഇന്ത്യന്‍ 2, ഇന്ത്യന്‍ 3 എന്നീ രണ്ട് ഭാഗങ്ങളായി തിരിക്കുകയുമായിരുന്നുവെന്നാണ് ഷങ്കര്‍ പറഞ്ഞിരുന്നത്. സിനിമയുടെ അവസാനം ഇന്ത്യന്‍ 3യുടെ ട്രെയ്‌ലറും കാണിച്ചിട്ടുണ്ട്. ഉള്ളതു പറഞ്ഞാല്‍ മൂന്നു മണിക്കൂര്‍ വരുന്ന സിനിമയേക്കാള്‍ നന്നായിരുന്നു മിനുറ്റുകള്‍ മാത്രം ദൈര്‍ഘ്യമുളള മൂന്നാം ഭാഗത്തിന്റെ ട്രെയ്‌ലര്‍. ഒരുപക്ഷെ ആ ആറു മണിക്കൂറിനെ വെട്ടിച്ചുരുക്കി ഒറ്റ സിനിമ ആക്കിയിരുന്നെങ്കില്‍ ഇതിനേക്കാള്‍ ഇംപാക്ട് ലഭിക്കുമായിരുന്നു.