'രാജ്യാന്തരതലത്തിൽ തിളങ്ങും'; 'സൗദി വെള്ളക്ക'യ്ക്കും തരുണ്‍ മൂര്‍ത്തിയ്ക്കും ഇറാനിയൻ സംവിധായകൻ പനാ പനാഹിയുടെ അഭിനന്ദനം
ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ മലയാള സിനിമ സൗദി വെള്ളയ്ക്കയ്ക്കും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിക്കും അഭിനന്ദനങ്ങളുമായി പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ പനാ പനാഹി. തരുണിന്റെ സിനിമ വളരെയധികം ഇഷ്ടമായെന്നും ഭാവിയില്‍ അന്താരാഷ്ട്രതലത്തില്‍ തിളങ്ങുമെന്നുമായിരുന്നു പനാ പനാഹിയുടെ അഭിനന്ദനം. സോഷ്യല്‍ മീഡിയയിലൂടെ തരുണ്‍ തന്നെയാണ് തനിക്ക് വന്ന സന്ദേശം പുറത്തുവിട്ടത്. മലയാള സിനിമയിലെ ഒരു സംവിധായകനായതില്‍ അത്രയേറെ സന്തോഷവും അഭിമാനവും തോന്നുന്നെന്ന് തരുണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.
താന്‍ ഒരു നീണ്ട യാത്രയില്‍ ആയിരുന്നെന്നും പിന്നീട് കോവിഡ് പിടിപെട്ടതിനാല്‍ ആണ് സന്ദേശം അയക്കാന്‍ വൈകിയതെന്നും പനാഹി സന്ദേശത്തില്‍ പറഞ്ഞു. 'വാസ്തവത്തില്‍, നിങ്ങള്‍ക്ക് മറുപടി അയയ്ക്കാനും നിങ്ങളുടെ സിനിമയിലെ നിങ്ങളുടെ സംവിധാനം എത്രമാത്രം ഇഷ്ടപ്പെട്ടുവെന്ന് പറയാനും ഞാന്‍ ആഗ്രഹിച്ചിരുന്നു. സിനിമയിലെ കാസ്റ്റിംഗ്, സിനിമയിലെ രംഗസംവിധാനമെല്ലാം ഉയര്‍ന്ന നിലവാരമുള്ളതായിരുന്നു' എന്നും പനാഹി സന്ദേശത്തില്‍ പറഞ്ഞു.
ഭാവിയില്‍ നിങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തിളങ്ങുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ സിനിമയില്‍ അരമണിക്കൂറോളം (മിക്കവാറും രണ്ടാം പകുതി) വെട്ടിച്ചുരുക്കുകയും ചില സീനുകളില്‍ കുറച്ചുകൂടി പശ്ചാത്തല സംഗീതം ഒഴിവാക്കുകയും ചെയ്തിരുന്നെങ്കില്‍ സിനിമ വളരെ മികച്ചതാവുമായിരുന്നു- എന്ന ഉപദേശവും പനാഹി സന്ദേശത്തില്‍ നല്‍കുന്നുണ്ട്. നിങ്ങളുടെ (തരുണിന്റെ) സിനിമ കണ്ടതില്‍ വളരെ സന്തോഷമുണ്ടെന്നും ഭാവിയില്‍ എന്തുചെയ്യുമെന്ന് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നെന്നും പനാ പനാഹി അയച്ച സന്ദേശത്തില്‍ പറഞ്ഞു.
ഉര്‍വശി തീയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മിച്ച് തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിര്‍വഹിച്ചസൗദി വെള്ളക്ക നേരത്തെ ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സൗദി വെള്ളക്ക തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ കോടതികളില്‍ കെട്ടിക്കിടക്കുന്ന പതിനായിരക്കണിക്കിനു കേസുകളും അതിനു പിറകില്‍ പെട്ടു പോകുന്ന ജീവിതങ്ങളും പ്രമേയമായ ചിത്രത്തിന് വലിയ പ്രേഷക പിന്തുണ ലഭിച്ചിരുന്നു. ഗോവയിലെ ഇന്ത്യന്‍ പനോരമയില്‍ ഉള്‍പ്പെടെ നിരവധി ഫെസ്റ്റിവലുകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.