തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ അന്തരിച്ചു
എഴുത്തുകാരനും തിരക്കഥാകൃത്തുമായ ബൽറാം മട്ടന്നൂർ (62) അന്തരിച്ചു. കളിയാട്ടം, കർമയോഗി, അക്വേറിയം, പിതാവിനും പുത്രനും, സമവാക്യം തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയിരുന്നു.
ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം എന്ന ചിത്രത്തിലൂടെയാണ് ബൽറാം സിനിമയിലെത്തുന്നത്. സിനിമയോട് കുട്ടിക്കാലത്തുതന്നെ താല്പര്യമുണ്ടായിരുന്ന ബൽറാം ചങ്ങമ്പുഴ കൃഷ്ണപിള്ളയെക്കുറിച്ച് പ്രേമസന്യാസി എന്ന നോവൽ എഴുതുകയും അത് തിരക്കഥ രൂപത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
പിന്നീട് സംവിധായകൻ ജയരാജിനെ കണ്ടുമുട്ടിയ ബൽറാം അദ്ദേഹത്തിന്റെ നിർദേശപ്രകാരം കളിയാട്ടം സിനിമയുടെ തിരക്കഥ ഒരുക്കുകയായിരുന്നു. വിശ്വപ്രസിദ്ധ നാടകമായ ഒഥല്ലോയുടെ തീം സ്വീകരിച്ച് തെയ്യത്തിന്റെ പശ്ചാത്തലത്തിലാണ് കളിയാട്ടത്തിന്റെ സ്വതന്ത്ര തിരക്കഥ ബൽറാം ഒരുക്കിയത്. ഷേക്‌സ്പിയറിന്റെ തന്നെ ഹാംലറ്റ് അടിസ്ഥാനമാക്കി വി കെ പ്രകാശിനുവേണ്ടി കർമയോഗി എന്ന സിനിമയും ബൽറാം എഴുതി.
ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ നോവൽ എഴുതിയ ബൽറാമിന്റെ ആദ്യ നോവൽ 20-ാം വയസിൽ പ്രസിദ്ധീകരിച്ച മുയൽഗ്രാമം ആണ്. 1983ൽ മുയൽഗ്രാമം ബാലസാഹിത്യത്തിനുള്ള യുവസാഹിതി അവാർഡും ദർശനം അവാർഡും നേടി. പൂജാരി, കാട്ടിലോട്, നാട്ടിലോട് , പാവപ്പെട്ട കഥ, ബാലൻ, അനന്തം എന്നിവയാണ് മറ്റുപ്രധാന സാഹിത്യകൃതികൾ.
1962 ൽ കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ സി എം ജാനകിയമ്മയുടെയും സി എച്ച് പത്മനാഭൻ നമ്പ്യാരുടെയും രണ്ടാമത്തെ മകനായാണ് സി എം ബൽറാം എന്ന ബൽറാം മട്ടന്നൂർ ജനിക്കുന്നത്. 28 വയസുവരെ തലശേരിയിലെ മനേക്കരയിൽ ജീവിച്ച ബൽറാമിന്റെ കുടുംബം 1990-ൽ മട്ടന്നൂരിലേക്ക് താമസം മാറുകയായിരുന്നു.
കെ എൻ സൗമിനിയാണ് ബൽറാം മട്ടന്നൂരിന്റെ ഭാര്യ. മകൾ ഗായത്രി. സംസ്‌കാരം ഉച്ചയ്ക്ക് രണ്ടിന് കണ്ണൂർ പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ.