ആരാധകര്‍ക്ക് വീണ്ടും നിരാശ; ലിയോ ആദ്യ ഷോ തുടങ്ങുക 9 മണിക്ക്, ഉത്തരവില്‍ വ്യക്തത വരുത്തി മന്ത്രി

ആരാധകര്‍ക്ക് വീണ്ടും നിരാശ; ലിയോ ആദ്യ ഷോ തുടങ്ങുക 9 മണിക്ക്, ഉത്തരവില്‍ വ്യക്തത വരുത്തി മന്ത്രി

നിര്‍മാതാക്കളുടെ അഭ്യര്‍ഥന അംഗീകരിച്ച് സ്‌പെഷല്‍ ഷോ നടത്താന്‍ സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നെങ്കിലും സമയം സംബന്ധിച്ച് ഉത്തരവില്‍ പറഞ്ഞിരുന്നില്ല
Updated on
2 min read

തമിഴ്‌നാട്ടില്‍ വിജയ് ചിത്രം ലിയോ ആദ്യ ഷോ 9 മണി മുതല്‍ ആയിരിക്കുമെന്ന് വ്യക്തമാക്കി തമിഴ്‌നാട് വാര്‍ത്താവിതരണ മന്ത്രി എം പി സ്വാമിനാഥന്‍. നേരത്തെ ലിയോ സിനിമയ്ക്ക് നിര്‍മാതാക്കളുടെ അഭ്യര്‍ഥന അംഗീകരിച്ച് ആദ്യ ആഴ്ച അഞ്ച് സ്‌പെഷ്യല്‍ ഷോകള്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറത്തിറങ്ങിയിരുന്നെങ്കിലും സമയം സംബന്ധിച്ച് ഉത്തരവില്‍ പറഞ്ഞിരുന്നില്ല.

അനുമതി ലഭിച്ചതിനു പിന്നാലെ തമിഴ്‌നാട്ടിലെ വിവിധ തീയേറ്ററുകളില്‍ നാലു മണിക്ക് തന്നെ ഷോ നടത്താനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചിരുന്നു. ഇതോടെയാണ് പഴയ ഉത്തരവ് പിന്‍വലിച്ച് സമയത്തിന്റെ കാര്യത്തില്‍ മന്ത്രിതന്നെ വ്യക്തത വരുത്തിയത്.

പുതിയ ഉത്തരവിന്‍റെ പകര്‍പ്പ്
പുതിയ ഉത്തരവിന്‍റെ പകര്‍പ്പ്

പ്രത്യേക അനുമതിയുടെ പുറത്ത് ആദ്യ ആഴ്ച ലിയോയുടെ അഞ്ച് ഷോകള്‍ ഒരു ദിവസം നടത്താം. രാവിലെ 9 മണിക്ക് ഷോ ആരംഭിക്കുകയും രാത്രി 1.30 നുള്ളില്‍ അവസാനിക്കുകയും ചെയ്യുന്ന തരത്തില്‍ വേണം അഞ്ച് ഷോകള്‍ സംഘടിപ്പിക്കാനെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

തമിഴ്‌നാട്ടില്‍ ഏത് സിനിമയുടെയും ആദ്യ ഷോ 9 മണിക്ക് മാത്രമായിരിക്കുമെന്ന് നേരത്തെ തീരുമാനിച്ചതാണ്. നേരത്തെ വിക്രം സിനിമയ്ക്ക് തമിഴ്‌നാട്ടില്‍ ഇളവ് നല്‍കിയിരുന്നെന്നും സമാനമായ ഇളവാണ് ഇപ്പോള്‍ ലിയോയ്ക്ക് നല്‍കിയതെന്നും സ്വാമിനാഥന്‍ വ്യക്തമാക്കി.

അതേസമയം ജയിലര്‍ സിനിമയുടെ നിര്‍മാതാക്കള്‍ ഇത്തരത്തില്‍ ഒരാവശ്യം ഉന്നയിച്ചിരുന്നില്ലെന്നും അതിനാലാണ് പ്രത്യേക ഇളവ് അനുവദിക്കാതിരുന്നതെന്നും തിയേറ്ററുകളില്‍ അതിരുവിട്ട ആഘോഷങ്ങള്‍ക്ക് സമ്മതിക്കരുതെന്നും മന്ത്രി പറഞ്ഞു.

വിജയ് യുടെ കരിയറിലെതന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ലിയോ എത്തുന്നത്. വിജയ് യും ലോകേഷും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ലിയോ. ആദ്യ ചിത്രമായ മാസ്റ്റര്‍ സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും വാണിജ്യപരമായി വിജയം നേടിയിരുന്നു. 14 വര്‍ഷങ്ങള്‍ക്കു ശേഷം വിജയിനോടൊപ്പം തൃഷ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ലിയോ.

സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിട്ടുള്ളത്.

logo
The Fourth
www.thefourthnews.in