IFFI ഗോവ: സ്ത്രീകളുടെ ഉള്‍ക്കരുത്തായി 'അറിയിപ്പ്', മേള കൈയ്യടക്കി കുട്ടിത്താരങ്ങള്‍

IFFI ഗോവ: സ്ത്രീകളുടെ ഉള്‍ക്കരുത്തായി 'അറിയിപ്പ്', മേള കൈയ്യടക്കി കുട്ടിത്താരങ്ങള്‍

സിനിമയുടെ ഇന്ത്യയിലെ ആദ്യപ്രദര്‍ശനമാണ് മേളയില്‍ നടന്നത്
Updated on
1 min read

അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷകശ്രദ്ധ നേടി മഹേഷ് നാരായണന്‍റെ 'അറിയിപ്പ്'. നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ച അറിയിപ്പ് ചലച്ചിത്രമേളയില്‍ മലയാളത്തില്‍ നിന്നുള്ള ശക്തമായ സാന്നിദ്ധ്യമായി മാറി. സ്വന്തം അഭിമാനം സംരക്ഷിക്കുന്നതിനേക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്ന് അറിയിപ്പിലെ രശ്മിയിലൂടെ മഹേഷ് നാരായണന്‍ ബോധ്യപ്പെടുത്തുന്നു. സിനിമയുടെ ഇന്ത്യയിലെ ആദ്യപ്രദര്‍ശനമാണ് മേളയില്‍ നടന്നത്.

ടേക്ക് ഓഫില്‍ പ്രതിസന്ധികളെ അതിജീവിക്കാന്‍ കരുത്തോടെ നില്‍ക്കുന്ന സമീറയെ അവതരിപ്പിച്ച മഹേഷ്, അറിയിപ്പില്‍ രശ്മിയിലൂടെ അഭിമാനത്തിനായി പ്രലോഭനങ്ങളെ അവഗണിക്കുന്ന സ്ത്രീകളുടെ ഉള്‍ക്കരുത്ത് തുറന്നു കാട്ടി. അരക്ഷിതമായ തൊഴിലിടങ്ങളില്‍ സംഭവിക്കുന്ന അപകടം അവഗണിച്ച് മുന്നോട്ട് പോകാന്‍ സമൂഹം പ്രേരിപ്പിക്കുന്നുവെങ്കിലും തന്റെ മാനം തെളിയിക്കാനുള്ള ബാദ്ധ്യത സ്വയം ഏറ്റെടുക്കുന്ന രശ്മി മാതൃകയാകുന്ന കാഴ്ചയാണ് അറിയിപ്പിലുള്ളത്.

രണ്ടു ദിവസങ്ങളായി ചലച്ചിത്ര മേള കൈയ്യടക്കുന്നത് കുട്ടിത്താരങ്ങളാണ്. മത്സര വിഭാഗത്തിലും ലോക സിനിമാ വിഭാഗത്തിലും ഇന്ത്യന്‍ പനോരമയിലുമൊക്കെ എത്തുന്ന വലിയ ആശയങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന സിനിമകള്‍ ബാലതാരങ്ങളെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്. ആദ്യ ദിവസങ്ങളില്‍ പ്രദര്‍ശിപ്പിച്ച ഐലന്‍ഡ് ഓഫ് ലോസ്റ്റ് ഗേള്‍സ് മൂന്ന് ബാലതാരങ്ങളുടെ മികച്ച അഭിനയം കൊണ്ട് ശ്രദ്ധേയമായിരുന്നു.

ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിച്ച രണ്ട് തമിഴ് ചിത്രങ്ങളും ബാലതാരങ്ങളെ കേന്ദ്രീകരിച്ച് ശ്രദ്ധയാകര്‍ഷിച്ചു. റാ വെങ്കിടേശന്റെ കിടയെന സിനിമ കതിര്‍ എന്ന ബാലനും അവന്റെ കറുപ്പന്‍ എന്ന ആടുമായിരുന്നു. കമലാ കണ്ണന്റെ കുരങ്കു പെഡലിലും ബാലതാരങ്ങളായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിലെ അവധിക്കാലം ആഘോഷിക്കുന്ന കുട്ടികളിലൂടെ വികസിക്കുന്ന കഥ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ചര്‍ച്ചയാക്കുന്നു.

ചലച്ചിത്ര മേള നാലുദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഗൗരവമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രങ്ങളുമായി ശ്രദ്ധേയമാകുകയാണ്. ഇന്ന് പ്രിയനന്ദന്റെ ഇരുള ഭാഷയിലെ ധബാരി കുരുവി പ്രദര്‍ശനത്തിനെത്തും. ചരിത്രത്തിലാദ്യമായാണ് ഗോത്രവിഭാഗമായ ഇരുളര്‍ മാത്രം അഭിനയിച്ച ഒരു സിനിമ രാജ്യാന്തര ചലച്ചിത്ര മേളയിലെത്തുന്നത്. തന്റെ ശരീരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാനുള്ള സ്വന്തം അവകാശത്തെ ഉയര്‍ത്തിപ്പിടിക്കുന്ന യുവതിയുടെ കഥയാണ് ധബാരി കുരുവി.

അട്ടപ്പാടിയില്‍ 150 ലധികം പേര്‍ പങ്കെടുത്ത ശില്‍പ്പശാലയില്‍ നിന്നുമാണ് അഭിനേതാക്കളെ തിരഞ്ഞെടുത്തത്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മയും സിനിമയില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

logo
The Fourth
www.thefourthnews.in