ഗോഡ്ഫാദറില്ലാതെ ഇടംപിടിച്ചവര്‍; നിവിൻ പോളിയും ആന്റണി വർഗീസും സാമ്യതകളേറെ
ഒക്ടോബർ 11 മലയാള സിനിമയിലെ രണ്ട് യുവ താരങ്ങളുടെ ജന്മദിനമാണിന്ന്. നിവിൻ പോളിയുടെയും ആന്റണി വർഗീസിന്റെയും. ജന്മദിനത്തിൽ മാത്രമല്ല ഗോഡ്ഫാദർമാരുടെ സഹായമില്ലാതെ മലയാള സിനിമയിൽ സ്വന്തം ഇടം കണ്ടെത്തിയവർ എന്ന സാമ്യത കൂടി ഇരുവരുടെയും ജീവിതത്തിൽ ഉണ്ട്. ആദ്യ സിനിമയിലൂടെ തന്നെ ഇരുവരും ശ്രദ്ധിക്കപ്പെട്ടു.
1984 ൽ ആലുവയിലാണ് നിവിൻ ജനിക്കുന്നത്. എഞ്ചിനീയറിംഗിന് ശേഷം ഇൻഫോസിസിൽ ജോലിയില്‍ പ്രവേശിച്ച നിവിൻ 2008 ൽ ഐടി കരിയര്‍ ഉപക്ഷേിച്ച് കേരളത്തിലേക്ക് തിരികെയെത്തി. സിനിമ സ്വപ്‌നം കാണുന്ന ഒരു കൂട്ടം സുഹൃത്തുക്കൾ ആലുവയിലും പരിസരപ്രദേശത്തും നിവിന് ഉണ്ടായിരുന്നു.
പിന്നീട് സംവിധായകനായി മാറിയ അൽഫോൺസ് പുത്രൻ, നടന്മാരായ ശബരീഷ്, കൃഷ്ണ ശങ്കർ, സിജു വിൽസൺ എന്നിവരൊക്കെ നിവിന്റെ സുഹൃത്തുക്കളായിരുന്നു. വർഷങ്ങൾക്ക് ശേഷം ഇവരെല്ലാം ഇന്ന് മലയാളസിനിമയിൽ സ്വന്തമായി ഇടം കണ്ടെത്തിയെന്നത് മറ്റൊരു പ്രത്യേകത.
സിനിമ ഒരു സ്വപ്‌നമായി കൊണ്ടുനടക്കുന്നതിനിടെയാണ് വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന മലർവാടി ആർസ് ക്ലബ്ബിന്റെ ഓഡീഷന് നിവിൻ എത്തുന്നത്. അന്ന് കാലിന് പരിക്ക് പറ്റി സ്ട്രച്ചറിൽ എത്തിയ നിവിൻ പിന്നീട് ആ സിനിമയിലെ നായകനായി മാറി.
വിനീതിന്റെ തന്നെ രണ്ടാമത്തെ സിനിമയായി തട്ടത്തിൻ മറയത്ത് എന്ന ചിത്രം നിവിന്റെ കരിയറിൽ തന്നെ ബ്രേക്ക് ആവുകയും ചെയ്തു. 13 വർഷമായി നിവിൻ സിനിമയിൽ എത്തിയിട്ട് ഇതിനിടെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌ക്കാരവും നിവിൻ സ്വന്തമാക്കിയിട്ടുണ്ട്. പ്രേമം എന്ന സിനിമയിലൂടെ കേരളത്തിന് പുറത്തും ആരാധകരെ സ്വന്തമാക്കാൻ നിവിന് സാധിച്ചു.
അങ്കമാലിക്കാരൻ ആന്റണി
1989 ൽ അങ്കമാലിയിലെ വർഗീസിന്റെയും അൽഫോൺസയുടെയും മകനായിട്ടാണ് ആന്റണി ജനിച്ചത്. മഹാരാജാസ് കോളേജിൽലെ പഠനകാലത്താണ് സിനിമാതാൽപ്പര്യം ആന്റണിയിൽ ശക്തമാകുന്നത്. പഠനകാലത്ത് ഷോർട് ഫിലിമുകളിൽ അഭിനയിച്ച ആന്റണി പിന്നീട് ഓഡീഷനിലൂടെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആങ്കമാലി ഡയറീസിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ചിത്രത്തിലെ വിൻസന്റ് പെപ്പെ എന്ന നായകകഥാപാത്രത്തിനെ അവതരിപ്പിച്ച ആന്റണിയെ ആരാധകർ കഥാപാത്രത്തിന്റെ പേര് കൂടി ചേർത്ത് സ്‌നേഹത്തോടെ പെപ്പെ എന്ന് വിളിച്ചു തുടങ്ങി. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' എന്ന ചിത്രമായിരുന്നു ആന്റണിയുടെ രണ്ടാമത്തെ ചിത്രം. സിനിമയിൽ എത്തിയതിന്റെ ആറാം വർഷമാണിത്. ഈ കാലയളവിനിടയിൽ ചെയ്ത ചിത്രങ്ങളിൽ കൂടുതലും ആക്ഷന് പ്രാധാന്യമുള്ളതായിരുന്നു.
ജല്ലിക്കട്ട്, അജഗജാന്തരം എന്നീ ചിത്രങ്ങൾ കൂടി റിലീസ് ആയതോടെ ആക്ഷൻ വേഷങ്ങൾ മാത്രമാണ് ആന്റണി വർഗീസ് ചെയ്യുന്നതെന്ന വിമർശങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെ തന്റെ സ്ഥിരം ശൈലിയിൽ നിന്ന് മാറി കോമഡി റൊമാന്റിക് ചിത്രങ്ങളുമായി ആന്റണിയെത്തി, എന്നാൽ ബോക്‌സോഫീസിൽ ഈ ചിത്രങ്ങൾ വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ ആർഡിഎക്‌സിലൂടെ ഈ ക്ഷീണമെല്ലാം ആന്റണി മാറ്റി.
ഭാവി
കരിയറിൽ മികച്ച കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാൻ ഈ രണ്ട് നടന്മാരും ശ്രദ്ധിക്കാറുണ്ട്. അടുത്തവീട്ടിലെ പയ്യൻ എന്ന ഇമേജ് ബ്രേക്ക് ചെയ്യുന്ന നിരവധി കഥാപാത്രങ്ങൾ ചുരുങ്ങിയ കാലം കൊണ്ട് നിവിന് ചെയ്യാൻ സാധിച്ചിട്ടുണ്ട്. 1983 യിലെ രമേശൻ, ആക്ഷൻ ഹീറോ ബിജുവിലെ ബിജു പൗലോസ്, മൂത്തോനിലെ അക്ബർ, ഹെയ് ജൂഡിലെ ജൂഡ് തുടങ്ങിയ കഥാപാത്രങ്ങളെല്ലാം നിവിന്റെ കരിയറിലെ തന്നെ മികച്ച വേഷങ്ങളാണ്. ഇതിന് പുറമെ തന്റെ ഏറ്റവും സേഫ് സോണായ റോമാന്റിക്, കോമഡി നായക കഥാപാത്രങ്ങളും നിവിൻ മികച്ചതാക്കാറുണ്ട്.
ഡിജോ ജോസ് ആന്റണി, വിനീത് ശ്രീനിവാസൻ എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രങ്ങളിലാണ് നിവിൻ ഇപ്പോൾ അഭിനയിക്കുന്നത്. ഇതിന് പുറമെ തമിഴ് സംവിധായകൻ റാം സംവിധാനം ചെയ്യുന്ന ഏഴ് കടൽ ഏഴ് മലൈ എന്നിവയും അണിയറയിൽ ഒരുങ്ങുന്നു. അവസാനം ഇറങ്ങിയ ചിത്രങ്ങൾ ബോക്‌സോഫീസിൽ ചലനങ്ങൾ സൃഷ്ടിച്ചില്ലെങ്കിലും വരാനിരിക്കുന്ന ചിത്രങ്ങളിലൂടെ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ നിവിന് സാധിക്കുമെന്ന് ഉറപ്പാണ്.
ആർഡിഎക്‌സിൽ ഡോണിയെന്ന ആന്റണിയുടെ കഥാപാത്രം ആക്ഷന് പുറമെ ഇമോഷണൽ രംഗങ്ങളിലും മികച്ച അഭിപ്രായമാണ് ഉണ്ടാക്കിയത്. ചാവേറിലെ തെയ്യം കലാകാരനായുള്ള വേഷവും മികച്ച അഭിപ്രായം നേടികൊടുക്കുന്നുണ്ട്. കരിയറിൽ തന്നെ മികച്ച വേഷങ്ങളുമായി ആന്റണി വർഗീസും പ്രേക്ഷകർക്ക് മുന്നിലെത്തുമെന്ന് ഉറപ്പാണ്.