കാന്താരയിലെ 'വരാഹ രൂപം' തൈക്കുടം ബ്രിഡ്ജിന്റെ നവരസം കോപ്പി; ആരോപണവുമായി ഹരീഷ് ശിവരാമകൃഷ്ണന്‍
ഏറ്റവും പുതിയ കന്നഡ ചിത്രം കാന്താര ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്. ബോളിവുഡിനെ അമ്പരപ്പിച്ച ചിത്രം കേരളത്തിലും തരംഗമായി മാറുകയാണ്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ വിതരണം പൃഥ്വിരാജിനാണ്. എന്നാല്‍ സിനിമയിലെ 'വരാഹ രൂപം' എന്ന ഗാനം കോപ്പിയടിയാണെന്ന ആരോപണം ശക്തമാകുകയാണ്. 'തൈക്കൂടം ബ്രിഡ്ജിന്റെ 'നവരസം' എന്ന ഗാനത്തെ അപ്പാടെ പകര്‍ത്തിയിരിക്കുകയാണെന്ന ആരോപണവുമായി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണനാണ് രംഗത്തെത്തിയിരിക്കുന്നത്.
'നവരസം' ഗാനത്തിന്റെ 90 ശതമാനം ഓര്‍ക്കസ്ട്ര അറേഞ്ച്‌മെന്റും യാതൊരു ക്രെഡിറ്റും നല്‍കാതെ കോപ്പിയടിച്ചതാണ് 'വരാഹരൂപം' എന്ന ഗാനമെന്നാണ് ഹരീഷ് ചുണ്ടിക്കാട്ടുന്നത്. ഇത് ഒരേ രാഗമായതുകൊണ്ട് തോന്നുന്ന ഒന്നല്ല. എനിക്കുറപ്പാണെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു. ഹരീഷിന്റെ പോസ്റ്റ് സാമൂഹ്യ മാധ്യങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുകയും ചെയ്തിട്ടുണ്ട്.
അതേസമം, കോപ്പിയടി ആരോപണങ്ങള്‍ക്ക് വരാഹരൂപത്തിന്റെ സംഗീത സംവിധായകന്‍ അജനീഷ് ലോകേഷ് മറുപടിയുമായെത്തി. ഈണങ്ങളൊന്നും കോപ്പിയടിച്ചിട്ടില്ലെന്നും രചന തികച്ചും വ്യത്യസ്തമാണെന്നും അജനീഷ് പറഞ്ഞു. റോക്ക് സംഗീതത്തിന്റെ ശൈലി, താളം, മെലഡി എന്നിവ ഈ ഗാനത്തിന് പ്രചോദനമായി. നവരസ പാട്ട് മുമ്പും കേട്ടിട്ടുണ്ട്. അതെന്നെ ഒരുപാട് പ്രചോദിപ്പിച്ചു. എന്നാല്‍ പകര്‍പ്പാണെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് അജനീഷിന്റെ പ്രതികരണം.