റാണി മുഖർജി എഴുത്തുകാരിയാകുന്നു : ആത്മകഥ അടുത്ത വർഷം ജന്മദിനത്തിൽ
എഴുത്തുകാരിയായി അരങ്ങേറ്റം നടത്താൻ ബോളിവുഡ് താരം റാണി മുഖർജി.അടുത്ത വർഷം റാണി മുഖർജിയുടെ ജന്മദിനത്തിലാകും പുസ്തകം പുറത്തിറങ്ങുക. പുസ്തകം പ്രസിദ്ധീകരിക്കുന്ന ഹാർപ്പർ കോളിൻസ് ഇന്ത്യയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ കഴിഞ്ഞ ദിവസം വാർത്ത പുറത്തുവിട്ടത്. റാണി മുഖർജിയുടെ ജീവിതത്തിന്റെ സത്യസന്ധമായ ആഴത്തിലുള്ള വിവരണമാവും പുസ്തകം.
തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് പൊതുവേ മൗനം പാലിക്കുന്നയാളാണ് റാണി മുഖർജി. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളോടെയാണ് ആരാധകർ ആത്മകഥ കാത്തിരിക്കുന്നത്. " കഴിഞ്ഞ 25 വർഷത്തിനിടയിൽ, എന്റെ ജീവിതത്തെക്കുറിച്ചും സിനിമയിലെ യാത്രയെക്കുറിച്ചും ഞാൻ ഹൃദയം തുറന്നു സംസാരിച്ചിട്ടില്ല. സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെന്ന നിലയിൽ, ഞങ്ങൾ നിരന്തരം വിലയിരുത്തപ്പെടുന്നുണ്ട്. കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സമയത്ത് നേരിട്ട പരീക്ഷണങ്ങളിലേക്കും, കഷ്ടപ്പാടുകളിലേക്കും, അതുണ്ടാക്കിയ സ്വാധീനത്തിലേക്കുമൊക്കെ ആഴ്ന്നിറങ്ങുന്നതാണ് ഈ പുസ്തകം. ജീവിതത്തില്‍ ഇതുവരെ തിരിഞ്ഞു നോക്കി, മുൻകാലത്തെ കുറിച് പരിശോധിക്കാനും ആത്മപരിശോധന നടത്താനുമൊന്നും സമയം ലഭിച്ചിരുന്നില്ല" റാണി മുഖർജി പറഞ്ഞു.
" കുട്ടിക്കാലം മുതൽ ഞാൻ അനുഭവിച്ച കാര്യങ്ങൾ ഓർത്തെടുക്കുന്നതിനുള്ള ഒരു മാർഗമായിരുന്നു ഈ ആത്മകഥ. ഇത് എന്റെ ആരാധകർക്കും എനിക്ക് അതിരില്ലാത്ത സ്നേഹം നൽകുകയും എന്നെ നിലനിർത്തുകയും ചെയ്ത ഓരോരുത്തർക്കും വേണ്ടിയുള്ളതാണ്. അവരുടെ പ്രതികരണങ്ങൾക്കായി ഞാൻ കാത്തിരിക്കുകയാണ്. അടുത്ത വർഷം എന്റെ ജന്മദിനത്തിൽ ഈ പുസ്തകം പുറത്തിറങ്ങും, അത് ആ ദിവസത്തെ കൂടുതൽ സവിശേഷമാക്കുന്നു!' അവർ കൂട്ടിച്ചേർത്തു.
റാണി മുഖർജിയുടെ 45ാം പിറന്നാൾ ദിനത്തിലാണ് പുസ്തകം പ്രസിദ്ധീകരിക്കുക. 1996-ൽ രാജാ കി ആയേഗി ബരാത്ത് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന റാണി മുഖർജി 25 വർഷത്തിലേറെയായി ബോളിവുഡിലെ സജീവ സാന്നിധ്യമാണ്. ബ്ലാക്ക്, വീർ-സാര, യുവ, കുച്ച് കുച്ച് ഹോത്താ ഹേ, നോ വൺ കിൽഡ് ജെസ്സിക്ക, മർദാനി, ഹിച്കി തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന റാണി എക്കാലത്തും പ്രേക്ഷകരുടെ പ്രിയതാരമാണ് .