സംവിധായകന്‍ വിനയന്‍
സംവിധായകന്‍ വിനയന്‍

പത്തൊന്‍പതാം നൂറ്റാണ്ടിനെ ഐഎഫ്എഫ്‌കെയില്‍ നിന്ന് ഒഴിവാക്കിയത് രഞ്ജിത്തിന്റെ കുബുദ്ധി: വിനയൻ

സംവിധായകനും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റുമായ എന്‍.അരുണ്‍ പത്തൊന്‍പതാം നൂറ്റാണ്ടിനെ പറ്റി പറഞ്ഞ നല്ല വാക്കുകള്‍ക്കു നന്ദി
Updated on
1 min read

കേരളത്തിന്റെ ചരിത്രം പരാമര്‍ശിച്ച പത്തൊന്‍പതാം നൂറ്റാണ്ട് എന്ന തന്റെ സിനിമ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാതിരുന്നത് അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിന്റെ കുബുദ്ധി കാരണമെന്ന് സംവിധായകന്‍ വിനയന്‍. അക്കാദമിയുടെ ബൈലോ എന്ന മുട്ടാപോക്ക് ന്യായം നിരത്തിയാണ് ചിത്രത്തെ മേളയില്‍ നിന്നൊഴുവാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക മന്ത്രി നേരിട്ടു വിളിച്ചു പറഞ്ഞിട്ടുപോലും ഒരു അടിസ്ഥാനവുമില്ലാത്ത കാരണങ്ങള്‍ നിരത്തിയായിരുന്നു സിനിമ തഴഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംവിധായകനും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റുമായ എന്‍ അരുണ്‍ പത്തൊന്‍പതാം നൂറ്റാണ്ടിനെ കുറിച്ചു പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു വിനയന്റെ ഫേസ്ബുക്ക് കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സംവിധായകനും എഐവൈഎഫിന്റെ സംസ്ഥാന പ്രസിഡന്റും ആയ ശ്രീ എന്‍.അരുണ്‍ പത്തൊന്‍പതാം നൂറ്റാണ്ടിനെ പറ്റി പറഞ്ഞ നല്ല വാക്കുകള്‍ക്കു നന്ദി.

എന്റെ സുഹൃത്തും ചലച്ചിത്ര അക്കാദമി ചെയര്‍മാനും ആയ പ്രശസ്ത സംവിധായകന്‍ രഞ്ജിത്തിനെ വ്യക്തിപരമായി വിമര്‍ശിക്കുകയല്ല ഞാന്‍ ചെയ്തത്. അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ ബഹു: സാംസ്‌കാരിക മന്ത്രി നേരിട്ടു വിളിച്ചു പറഞ്ഞിട്ടു പോലും 'പത്തൊന്‍പതാം നൂറ്റാണ്ട്' എന്ന സിനിമ ഐഎഫ്എഫ്‌കെയിലെ ഡെലിഗേറ്റ്‌സിനു വേണ്ടി ഒരു അനൗദ്യോഗിക ഷോ പോലും കളിക്കാന്‍ ബൈലോ അനുവദിക്കുന്നില്ല എന്ന ചെയര്‍മാന്റെ വാശിയേക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്.

ആലപ്പുഴയിലെ ഒരു യോഗത്തില്‍ പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയെ മുക്തകണ്ഡം പ്രശംസിച്ച ശേഷം ബഹു.മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞത്, ഔദ്യോഗിക വിഭാഗത്തില്‍ ഇല്ലെങ്കില്‍ കൂടി പുതിയ തലമുറ കണ്ടിരിക്കേണ്ടതും മണ്‍മറഞ്ഞ നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥപറയുന്നതുമായ ചരിത്ര സിനിമ എന്നനിലയിലും കലാ മൂല്യത്തിലും ടെക്‌നിക്കലായും മികച്ച രീതിയില്‍ എടുത്ത സിനിമ എന്ന നിലയിലും ഐഎഫ്എഫ്കെയിൽ പ്രത്യേക പ്രദര്‍ശനം നടത്താന്‍ വേണ്ടതു ചെയ്യും എന്നാണ്. അദ്ദേഹം ആ നിര്‍ദ്ദേശം മുന്നോട്ടു വച്ചു എന്നും പറഞ്ഞു..

ശ്രീ രഞ്ജിത്തിന്റെ 'പലേരിമാണിക്യം' അന്തരിച്ച ടി പി രാജീവന്‍ എന്ന പ്രമുഖ സാഹിത്യകാരന്റെ ട്രിബ്യൂട്ടായി കാണിച്ചതു പ്രശംസനീയം തന്നെ. അതു പോലെ തന്നെ ചരിത്രത്തിന്റെ ഏടുകള്‍ തമസ്‌കരിച്ച കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ സിനിമയും നമ്മുടെ മന്ത്രി പറഞ്ഞപോലെ വേണമെങ്കില്‍ കാണിക്കാമായിരുന്നു. പ്രത്യേകിച്ച് ഇത്തരം നവോത്ഥാന കഥകള്‍ പാടിപുകഴ്തുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത്.

വിനയനെ തമസ്‌കരിക്കാനും, സിനിമ ചെയ്യിക്കാതിരിക്കാനും ഒക്കെ മുന്‍കൈ എടുത്ത മനസ്സുകള്‍ക്ക് മാറ്റമുണ്ടായി എന്ന എന്റെ ചിന്തകള്‍ വൃഥാവിലാവുകയാണോ എന്നു ഞാന്‍ ഭയക്കുന്നു.

logo
The Fourth
www.thefourthnews.in