'വരാഹരൂപം കോപ്പിയടിയല്ല, ഞങ്ങളുടെ ഒറിജിനൽ വർക്ക് തന്നെ'; നിലപാടിലുറച്ച് ഋഷഭ് ഷെട്ടി

'വരാഹരൂപം കോപ്പിയടിയല്ല, ഞങ്ങളുടെ ഒറിജിനൽ വർക്ക് തന്നെ'; നിലപാടിലുറച്ച് ഋഷഭ് ഷെട്ടി

പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിൽ മൊഴി നൽകാനെത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം
Updated on
1 min read

കാന്താര സിനിമയിലെ വരാഹരൂപം ഗാനം കോപ്പിയടിയല്ലെന്ന് ആവർത്തിച്ച് സംവിധായകൻ ഋഷഭ് ഷെട്ടി. പാട്ടിന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിൽ മൊഴി നൽകാനെത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. ''വരാഹരൂപം കോപ്പിയടിച്ചതല്ല. ഒറിജിനൽ ആണ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് സ്വാഭാവിക നടപടിക്രമങ്ങളാണ്. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ചിത്രത്തിന് ലഭിച്ച പിന്തുണയ്ക്ക് നന്ദി'' എന്നും ഋഷഭ് ഷെട്ടി പ്രതികരിച്ചു.

ഋഷഭ് ഷെട്ടിയെ കൂടാതെ ചിത്രത്തിന്റെ നിർമാതാവ് വിജയ് കിരഗന്ദൂരും മൊഴി നൽകാനെത്തിയിരുന്നു. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് ഇരുവരും കോഴിക്കോട് സിറ്റി പോലീസിന് മുൻപാകെ ഹാജരായത്. ഇരുവരുടെയും മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമുണ്ടെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പകർപ്പവകാശ ലംഘന കേസിൽ അന്തിമ ഉത്തരവ് ഉണ്ടാകുന്നതുവരെ വരാഹരൂപം ചിത്രത്തിൽ പ്രദർശിപ്പിക്കരുതെന്ന കേരളാ ഹൈക്കോടതിയുടെ ഉത്തരവ് ഫെബ്രുവരി 10ന് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ ഫെബ്രുവരി 12, 13 തീയതികളിൽ ഹർജിക്കാർ അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണമെന്നും ഇരുവരേയും അറസ്റ്റ് ചെയ്താൽ ഉടൻ ജാമ്യത്തിൽ വിടണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇന്നും നാളെയും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് കാന്താരയുടെ സംവിധായകനും നിർമാതാവിനും കേരള ഹൈക്കോടതിയുടെ നി‍ർദേശം

ഗാനം കോപ്പിയടിച്ചതാണെന്ന് ആരോപിച്ച് കോഴിക്കോട് പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇരുവർക്കും ഫെബ്രുവരി 8ന് ഹൈക്കോടതി മുൻകൂർ ജാമ്യവും അനുവദിച്ചിരുന്നു.

'വരാഹരൂപം കോപ്പിയടിയല്ല, ഞങ്ങളുടെ ഒറിജിനൽ വർക്ക് തന്നെ'; നിലപാടിലുറച്ച് ഋഷഭ് ഷെട്ടി
കാന്താരയിൽ വരാഹരൂപം ഉപയോഗിക്കാം ; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

തൈക്കുടം ബ്രിഡ്ജ് ബാൻഡ് അവതരിപ്പിച്ച നവരസത്തിന്റെ കോപ്പിയാണ് വരാഹരൂപം എന്നതാണ് ആരോപണം. പകർപ്പവകാശ ലംഘനം ആരോപിച്ച് പരാതിക്കാർ ഇതിനകം രണ്ട് വ്യത്യസ്ത സിവിൽ ഹർജികൾ ഫയൽ ചെയ്തിട്ടുണ്ട്. ഈ ഹർജികൾ കോഴിക്കോട്, പാലക്കാട് ജില്ലാ കോടതികളാണ് ആദ്യം പരിഗണിച്ചത്. ജില്ലാ കോടതി ഉത്തരവുകൾ ചോദ്യം ചെയ്ത് മാതൃഭൂമിയും തൈക്കുടവും നൽകിയ ഹർജികളും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

logo
The Fourth
www.thefourthnews.in