'ചലച്ചിത്ര അക്കാദമി ചെയർമാനെതിരെ ഇത്തരം ആരോപണം ആദ്യം'; രഞ്ജിത്ത് സ്ഥാനമൊഴിയണമെന്ന് ആവശ്യം
ചലച്ചിത്ര പുരസ്കാര വിവാദത്തിൽ സാംസ്കാരിക വകുപ്പിന്റെ പരിശോധനയ്ക്ക് പിന്നാലെ രഞ്ജിത്ത് അക്കാദമി ചെയർമാൻ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആദ്യമായാണ് അക്കാദമി ചെയർമാൻ ഇത്തരത്തിലൊരു ആരോപണം നേരിടുന്നതെന്നാണ് ചലച്ചിത്ര മേഖലയിൽ നിന്നുള്ളവരടക്കം പ്രതികരിക്കുന്നത്.
ചലച്ചിത്ര അക്കാദമിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഒരു ചെയർമാനെതിരെ സർക്കാർതലത്തിൽ അന്വേഷണം വരുന്നതെന്നായിരുന്നു ഛായാഗ്രാഹകനായ പ്രതാപ് ജോസഫിന്റെ പ്രതികരണം. ഉളുപ്പുണ്ടെങ്കിൽ രഞ്ജിത്ത് രാജി വയ്ക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സാംസ്കാരിക വകുപ്പിന് കീഴിലുള്ള ചലച്ചിത്ര അക്കാദമിയുടെ ചെയർമാനെ പറ്റി സാംസ്കാരിക വകുപ്പ് തന്നെ ചലച്ചിത്ര അക്കാദമിയോട് റിപ്പോർട്ട് വാങ്ങുന്ന അന്വേഷണം ആണെങ്കിൽ ഗംഭീരമായിരിക്കുമെന്നാണ് സംവിധായകൻ ഡോ. ബിജു ഫേസ്ബുക്കിൽ കുറിച്ചത്.
ഡോ. ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ചലച്ചിത്ര അക്കാദമി ചെയർമാൻ അവാർഡ് നിർണയത്തിൽ ജൂറികളെ സ്വാധീനിച്ചു എന്ന വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്വാഗതാർഹമായ കാര്യം. പക്ഷെ ഒരു സംശയം. അന്വേഷണം നടത്തുന്നത് സാംസ്കാരിക വകുപ്പ്. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് ചലച്ചിത്ര അക്കാദമിയും. അങ്ങനെയാണോ ഈ അന്വേഷണം. അതോ മറ്റേതെങ്കിലും ആളുകൾ ആണോ. ഏതെങ്കിലും സെക്രട്ടറി റാങ്കിൽ ഉള്ള ആളുകൾക്കാണോ അന്വേഷണ ചുമതല ? അതല്ല സാംസ്കാരിക വകുപ്പിന് കീഴിലുള്ള ചലച്ചിത്ര അക്കാദമിയുടെ ചെയർമാനെ പറ്റി സാംസ്കാരിക വകുപ്പ് തന്നെ ചലച്ചിത്ര അക്കാദമിയോട് റിപ്പോർട്ട് വാങ്ങുന്ന അന്വേഷണം ആണെങ്കിൽ ഗംഭീരം ആയി. പ്രത്യേകിച്ചും സാംസ്കാരിക മന്ത്രി അക്കാദമി ചെയർമാൻ മഹാ ലോക ഇതിഹാസം ആണ്, അവാർഡിൽ ഇടപെട്ടിട്ടില്ല എന്നൊക്കെ മുന്നേ തന്നെ പ്രസ്താവന ഇറക്കിയ സ്ഥിതിക്ക് സാംസ്കാരിക വകുപ്പ് നൽകുന്ന റിപ്പോർട്ട് വൻ കോമഡി ആയി മാറാൻ സാധ്യത ഉണ്ട്. ഞങ്ങൾക്കെതിരെ ഉള്ള ആരോപണം ഞങ്ങൾ തന്നെ അന്വേഷിച്ചു ഞങ്ങൾ തന്നെ റിപ്പോർട്ട് കൊടുക്കുന്ന ഒരു പ്രത്യേക തരം അന്വേഷണം ആയി ഇത് മാറുമോ.
ചലച്ചിത്ര പുരസ്കാര നിർണയത്തിൽ ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്നും ജൂറി അംഗങ്ങളെ സമ്മർദ്ദത്തിലാക്കി പല പുരസ്കാരങ്ങളും മാറ്റിയെന്നുമാണ് ആരോപണം. ചട്ടം ലംഘിച്ച് പുരസ്കാര നിർണയത്തിൽ ഇടപെട്ട രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ വിനയൻ മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പ് മന്ത്രിക്കും പരാതി നൽകിയിരുന്നു. ജൂറി അംഗങ്ങളായ നേമം പുഷ്പരാജും ജെൻസി ഗ്രിഗറിയും ഇക്കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്ന ഓഡിയോ വിനയൻ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. അതേസമയം പുരസ്കാര നിർണയത്തിൽ ബാഹ്യ ഇടപെടലോ സ്വാധീനമോ സമ്മർദമോ ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് ചലച്ചിത്ര അക്കാദമി.