അനധികൃതമായി മരങ്ങൾ മുറിച്ചു; ​ഗീതു മോഹൻദാസ്-യഷ് ചിത്രം ടോക്സിക്കിന്റെ നിർമാതാക്കൾക്കെതിരെ കേസെടുത്ത്‌ വനം വകുപ്പ്

അനധികൃതമായി മരങ്ങൾ മുറിച്ചു; ​ഗീതു മോഹൻദാസ്-യഷ് ചിത്രം ടോക്സിക്കിന്റെ നിർമാതാക്കൾക്കെതിരെ കേസെടുത്ത്‌ വനം വകുപ്പ്

പീനിയയിലെ 599 ഏക്കര്‍ ഭൂമിക്ക് മേൽ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എച്ച്.എം.ടി.യും സംസ്ഥാന വനംവകുപ്പും തമ്മില്‍ നിലനിൽക്കുന്ന തര്‍ക്കത്തിലാണ് ​ടോക്സിക്കും പെട്ടുപോയത്.
Updated on
2 min read

ഗീതുമോഹന്‍ദാസിന്റെ സംവിധാനത്തിൽ യഷ് നായകനാകുന്ന ടോക്‌സികിന്റെ നിര്‍മാതാക്കള്‍ക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് കര്‍ണാടക വനംവകുപ്പ്. സിനിമാ ചിത്രീകരണത്തിനായി ചിത്രത്തിന്റെ അണിയറക്കാർ വനഭൂമിയില്‍ നിന്ന് മരങ്ങള്‍ വെട്ടിമാറ്റിയെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തൽ. മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാതാവും മറ്റു രണ്ടുപേരേയും പ്രതിചേര്‍ത്തുകൊണ്ട് വനംവകുപ്പ് കേസെടുത്തിരിക്കുന്നത്. 1963-ലെ കര്‍ണാടക വനംവകുപ്പ് നിയമം പ്രകാരം നിര്‍മാതാക്കളായ കെ.വി.എന്‍. മാസ്റ്റര്‍മൈന്‍ഡ് ക്രിയേഷന്‍സ്, കനറാ ബാങ്ക് ജനറല്‍ മാനേജര്‍, എച്ച്.എം.ടി. ജനറല്‍ മാനേജര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കര്‍ണാടക വനംമന്ത്രി ഈശ്വർ ഖന്ദ്രേ കേസിന് ആധാരമായ സ്ഥലം സന്ദർശിക്കുന്നു

സിനിമാ ചിത്രീകരണത്തിനായി നൂറിലേറെ മരങ്ങള്‍ അനധികൃതമായി മുറിച്ചുമാറ്റിയെന്നാണ് സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തിയ കര്‍ണാടക വനംമന്ത്രി ഈശ്വർ ഖന്ദ്രേയുടെ ആരോപണം. സ്ഥലത്തെ ഉപഗ്രഹചിത്രങ്ങള്‍ ഇതിന് തെളിവായുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ എക്സിലെ പോസ്റ്റ്. പ്രദേശത്തിന്റെ പഴയതും പുതിയതുമായ ഉപഗ്രഹ ചിത്രങ്ങള്‍ തെളിവിനായി അദ്ദേഹം എക്സില്‍ പങ്കുവെച്ചിട്ടുണ്ട്.

പീനിയയിലെ 599 ഏക്കര്‍ ഭൂമിക്ക് മേൽ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എച്ച്.എം.ടി.യും സംസ്ഥാന വനംവകുപ്പും തമ്മില്‍ നിലനിൽക്കുന്ന തര്‍ക്കത്തിലാണ് ​ടോക്സിക്കും പെട്ടുപോയത്.

1960-ല്‍ നിയമവിരുദ്ധമായി എച്ച്.എം.ടി.ക്ക് കൈമാറിയ വനംവകുപ്പിന്റെ അധീനതയിലുളള റിസര്‍വ് വനമാണിതെന്നാണ് ഈശ്വർ ഖന്ദ്രേയുടെ വാദം. എച്ച്.എം.ടി. ഭൂമി ദുരുപയോഗം ചെയ്യുകയാണെന്നും മന്ത്രി ആരോപിച്ചു. എച്ച്.എം.ടി. പുനരുദ്ധരിക്കാനുള്ള പദ്ധതി കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി പ്രഖ്യാപിച്ചതിനുപിന്നാലെയായിരുന്നു ഭൂമിയുടെ ഉടമസ്ഥതയെ ചൊല്ലി തര്‍ക്കം രൂക്ഷമായത്. സ്വകാര്യസ്ഥലത്താണ് ചിത്രീകരണം നടക്കുന്നതെന്നും അനധികൃതമായി മരങ്ങൾ വെട്ടിയിട്ടില്ലെന്നുമാണ് വിവാദങ്ങൾക്ക് പിന്നാലെ സിനിമാ നിര്‍മാതാക്കളുടെ പ്രതികരണം.

logo
The Fourth
www.thefourthnews.in