കറുത്തവംശജനായ ആദ്യ 'ആക്ഷൻ ഹീറോ'; വിഖ്യാത ഹോളിവുഡ് നടൻ റിച്ചാർഡ് റൗണ്ട്ട്രീ അന്തരിച്ചു

കറുത്തവംശജനായ ആദ്യ 'ആക്ഷൻ ഹീറോ'; വിഖ്യാത ഹോളിവുഡ് നടൻ റിച്ചാർഡ് റൗണ്ട്ട്രീ അന്തരിച്ചു

ഷാഫ്റ്റ് സിനിമ പരമ്പരയിലെ 'ജോൺ ഷാഫ്റ്റ്' എന്ന കഥാപാത്രത്തിലൂടെ എഴുപതുകളിൽ 'ബ്ലാക്സ്പ്ലോയിറ്റേഷൻ' വിഭാഗത്തിലെ മുൻനിര നായകന്മാരിലൊരാളായിരുന്നു റൗണ്ട്ട്രീ
Updated on
2 min read

ഹോളിവുഡിലെ കറുത്തവംശജനായ ആദ്യ 'ആക്ഷൻ ഹീറോ' വിഖ്യാത നടൻ റിച്ചാർഡ് റൗണ്ട്ട്രീ അന്തരിച്ചു. 81 വയസ്സായിരുന്നു. എഴുപതുകളുടെ തുടക്കത്തിൽ 'ഷാഫ്റ്റ്' സിനിമ പരമ്പരയിലൂടെ 'ജോൺ ഷാഫ്റ്റ്' എന്ന കഥാപാത്രമായി വെള്ളിത്തിരയിൽ നിറഞ്ഞാടിയ റിച്ചാർഡ് റൗണ്ട്ട്രീ അർബുദത്തെത്തുടർന്നാണ് അന്തരിച്ചത്.

പാൻക്രിയാറ്റിക് അർബുദ ബാധിതനായിരുന്ന റൗണ്ട്ട്രീ ചൊവ്വാഴ്ച ലോസ് ഏഞ്ചൽസിലെ വസതിയിൽ അന്തരിച്ചതായി അദ്ദേഹത്തിന്റെ മാനേജർ പാട്രിക് മക്മിനാണ് അറിയിച്ചത്.

ഹോളിവുഡിലെ വിഖ്യാത നടന്മാരിലൊരാളായ റൗണ്ട്ട്രീയുടെ അഭിനയജീവിതവും പ്രവര്‍ത്തനവുമെല്ലാം ആഫ്രിക്കൻ വംശജരായ അമേരിക്കൻ പൗരന്മാർക്ക് വഴിത്തിരിവായിരുന്നു. 28-ാം വയസ്സിൽ, മോഡലായി കരിയർ ആരംഭിച്ച റൗണ്ട്ട്രീ ഹോളിവുഡ് സിനിമയുടെ മുൻനിരയിലേക്കെത്തുന്നത് 1971ൽ പുറത്തിറങ്ങിയ 'ഷാഫ്റ്റ്' എന്ന ചിത്രത്തിലൂടെയാണ്. തൊട്ടടുത്ത വർഷം തന്നെ മികച്ച പുതുമുഖത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരപ്പട്ടികയിലും റൗണ്ട്ട്രീ ഇടം നേടി. 1994ൽ എംടിവി അവാർഡ്‌സിൽ സിനിമ ജീവിതത്തിലെ സംഭാവനകൾക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡിനും അർഹനായി.

എഴുപതുകളിൽ കറുത്ത വംശജരായ താരങ്ങളെ പ്രധാന വേഷങ്ങളിലേക്ക് പരിഗണിക്കുന്നതിലും ഹോളിവുഡ് സിനിമകളിലേക്ക് ഉൾപ്പെടുത്തുന്നതിനുമെല്ലാം പ്രധാന പങ്കുവഹിച്ച ചിത്രമാണ് ഒട്ടേറെ പ്രശസ്തമായ റൗണ്ട്ട്രീ നായകനായി എത്തിയ 'ഷാഫ്റ്റ്'. ഈ ചിത്രത്തിലൂടെ ഹോളിവുഡിലെ കറുത്തവംശജനായ ആദ്യ 'ആക്ഷൻ ഹീറോ' എന്ന ചരിത്ര നേട്ടവും റിച്ചാർഡ് റൗണ്ട്ട്രീയുടെ പേരിൽ ചേർക്കപ്പെട്ടു.

അടിച്ചമർത്തപ്പെട്ടുകൊണ്ടിരുന്ന കറുത്തവംശജരായ താരങ്ങളുടെ സാന്നിധ്യം ഹോളിവുഡ് സിനിമകളിൽ ഉറപ്പാക്കാൻ ഉയർന്നു വന്ന വിപ്ലവനീക്കമായിരുന്നു 'ബ്ലാക്സ്പ്ലോയിറ്റേഷൻ'. എഴുപതുകളിൽ ഹോളിവുഡിൽ കറുത്തവംശജരായ അഭിനേതാക്കളെ പ്രധാന കഥാപാത്രങ്ങളിൽ അവതരിപ്പിക്കുകയും ആഫ്രിക്കൻ അമേരിക്കൻ പ്രേക്ഷകരെ ലക്ഷ്യം വച്ചുള്ളതുമായ സിനിമകളെ മൊത്തമായി പറയുന്നതാണ് 'ബ്ലാക്സ്പ്ലോയിറ്റേഷൻ വിഭാഗം'. ഷാഫ്റ്റ് എന്ന സിനിമയിലെ 'ജോൺ ഷാഫ്റ്റ്' എന്ന കഥാപാത്രത്തിലൂടെ എഴുപതുകളിൽ ബ്ലാക്സ്പ്ലോയിറ്റേഷൻ വിഭാഗത്തിലെ മുൻനിര നായകന്മാരിലൊരാളായിരുന്നു റൗണ്ട്ട്രീ.

കറുത്തവംശജനായ ആദ്യ 'ആക്ഷൻ ഹീറോ'; വിഖ്യാത ഹോളിവുഡ് നടൻ റിച്ചാർഡ് റൗണ്ട്ട്രീ അന്തരിച്ചു
ലോകം കീഴടക്കിയ സീക്രട്ട് ഏജന്റ്, ജെയിംസ് ബോണ്ട് സീരീസിലെ റോജർ മൂര്‍

ഷാഫ്റ്റ് സിനിമയുടെ വിജയത്തിനുശേഷം, ഷാഫ്റ്റിന്റെ തുടർച്ചയായി 1972ൽ പുറത്തിറങ്ങിയ 'ഷാഫ്റ്റ്സ് ബിഗ് സ്‌കോർ' എന്ന സിനിമയിലൂടെയും 1973ൽ പുറത്തിറങ്ങിയ 'ഷാഫ്റ്റ് ഇൻ ആഫ്രിക്ക' എന്ന ചിത്രത്തിലൂടെയും വിഖ്യാതമായ 'ജോൺ ഷാഫ്റ്റ്' എന്ന കഥാപാത്രമായി റൗണ്ട്ട്രീ വീണ്ടും വെള്ളിത്തിരയിലെത്തി. അതേ വർഷം തന്നെ, ഏഴ് എപ്പിസോഡുകൾ നീണ്ടുനിന്ന ഷാഫ്റ്റ് എന്ന സിബിഎസ് ടെലിവിഷൻ പരമ്പരയിലും ജോൺ ഷാഫ്റ്റ് എന്ന ഡിറ്റക്ടീവായി റൗണ്ട്ട്രീ വേഷമിട്ടു.

റിച്ചാർഡ് റൗണ്ട്ട്രീയുടെ ജോൺ ഷാഫ്റ്റ് എന്ന കഥാപാത്രം
റിച്ചാർഡ് റൗണ്ട്ട്രീയുടെ ജോൺ ഷാഫ്റ്റ് എന്ന കഥാപാത്രം

അൻപതിതിലധികം വർഷം നീണ്ടുനിൽക്കുന്നതാണ് റൗണ്ട്ട്രീയുടെ സിനിമാ ജീവിതം. 2022ൽ പുറത്തിറങ്ങിയ 'മൂവിങ് ഓൺ' എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. പുറമെ ധാരാളം ടെലിവിഷൻ സീരീസുകളിലും റൗണ്ട്ട്രീ നിറസാന്നിധ്യമായിരുന്നു.

logo
The Fourth
www.thefourthnews.in