പ്രഥമ ഇന്നസെന്റ് പുരസ്‌കാരം ഇടവേള ബാബുവിന്
ലെജന്റ്‌സ് ഓഫ് ഇരിങ്ങാലക്കുട ഏര്‍പ്പെടുത്തിയ പ്രഥമ ഇന്നസെന്റ് പുരസ്‌കാരം ഇടവേള ബാബുവിന്. , സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഇരിങ്ങാലക്കുടയില്‍ നടന്ന ഇന്നസെന്റ് സ്മൃതി സംഗമത്തില്‍ മന്ത്രി ആര്‍ ബിന്ദു കൈമാറി.
സ്വന്തമായ ശരീരഭാഷയും സംസാരശൈലിയും കൈമുതലായുള്ള, നാടിന്റെ നന്മകളെ ചേര്‍ത്തുപിടിച്ച ബഹുമുഖ പ്രതിഭയായിരുന്നു ഇന്നസെന്റെന്ന് മന്ത്രി അനുസ്മരിച്ചു. ഏവരുടെയും ഹൃദയത്തിലിടം നേടിയ വ്യക്തിയായിരുന്നു അദ്ദേഹം. പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് ആത്മവിശ്വാസം പകരുന്ന വലിയ പ്രചോദനമാണ് ഇന്നസെന്നിന്റെ 'കാന്‍സര്‍ വാര്‍ഡിലെ ചിരി' എന്ന പുസ്തകമെന്നും മന്ത്രി പറഞ്ഞു.
ഇരിങ്ങാലക്കുട നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണുക്കാടന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ലെജന്റ്‌സ് ഓഫ് ഇരിങ്ങാലക്കുട ജനറല്‍ കണ്‍വീനര്‍ ഷാജന്‍ ചക്കാലക്കല്‍, പ്രസിഡന്റ് ലിയോ താണിശേരിക്കാരന്‍ ജൂനിയര്‍ ഇന്നസെന്റ് എന്നിവര്‍ സംസാരിച്ചു.