പ്രവചനങ്ങൾ തെറ്റി, മമ്മൂട്ടിയുടേയും സംഘത്തിന്റേയും വാശി ജയിച്ചു, 'ന്യൂഡൽഹി' വന്‍ഹിറ്റ്‌

പ്രവചനങ്ങൾ തെറ്റി, മമ്മൂട്ടിയുടേയും സംഘത്തിന്റേയും വാശി ജയിച്ചു, 'ന്യൂഡൽഹി' വന്‍ഹിറ്റ്‌

ഡെന്നിസ് ജോസഫിന്റെ പിറന്നാൾ ദിനത്തിൽ ഓർമ്മിക്കാൻ അദ്ദേഹത്തിന്റെ സിനിമാവഴിയിലെ ഒരു വലിയ വാശിയുടെ വിജയകഥ. മമ്മൂട്ടി-ജോഷി-ഡെന്നീസ് ജോസഫ് കൂട്ടിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ കഥ
Updated on
2 min read

സായം സന്ധ്യ, ന്യായവിധി, ആയിരം കണ്ണുകൾ എന്നിങ്ങനെ മൂന്ന് വമ്പൻ പരാജയങ്ങൾക്ക് ശേഷം മമ്മൂട്ടി-ജോഷി-ഡെന്നീസ് ജോസഫ് ടീമിന് ഇന്റസ്ട്രിയിൽ നിന്നും ഒഴിവാക്കലുകൾ മാത്രം നേരിടേണ്ടി വന്ന ഒരു കാലമുണ്ടായിരുന്നു. മൂന്നുപേർക്കും ഒരു ബമ്പർ വിജയം അത്യാവശ്യമായിരുന്ന സമയം. ഒന്നിച്ചുനിന്നുതന്നെ ആ വിജയം നേടണമെന്ന് മൂവർക്കും വാശി. പക്ഷെ ആ സമയത്ത് നിർമ്മാതാക്കൾ ആരും തന്നെ ഈ മൂവർ കൂട്ടുകെട്ടിൽ ഒരു സിനിമ ചെയ്യാൻ ധൈര്യപ്പെട്ടില്ല. വേണമെങ്കിൽ മൂന്നുപേരെയും പിരിച്ച് വേറെ വേറെ കോമ്പിനേഷനുകളിൽ സിനിമ ചെയ്യാമെന്ന് നിർമ്മാതാക്കൾ. എന്നാൽ ഒരുമിച്ച് നിന്നുകൊണ്ടുതന്നെ ഒരു വിജയമെന്ന സ്വപ്നം വിടാൻ അവരും തയ്യാറായില്ല. മമ്മൂട്ടി-ജോഷി- ഡെന്നീസ് ജോസഫ് കോമ്പോയിലുളള സിനിമാലോകത്തിന്റെ വിശ്വാസമില്ലായ്മ പൂർണമായും തിരുത്തലായിരുന്നു ഉദ്ദേശം.

പക്ഷെ തുടർപരാജയങ്ങൾ കാരണം ജോഷി-ഡെന്നീസ് ജോസഫ് ടീം പതിയെ മലയാളസിനിമയിൽ നിന്ന് ഇല്ലാതാവുന്ന അവസ്ഥ വരെയായി. മമ്മൂട്ടിയെ വച്ച് ഒരു സിനിമ ചെയ്യാൻ പോലും നിർമാതാക്കൾ മടിക്കുന്ന അവസ്ഥയിലേക്ക് എത്തിയോ എന്ന് സംശയം. അതേ സമയം മോഹൻലാലിന്റെ സിനിമകൾ അപ്പുറത്ത് വിജയകരമായി പ്രദർശനം തുടർന്നു. അങ്ങനെയിരിക്കെയാണ് നിർമാതാവ് ജൂബിലി ജോയ് എന്ന ജോയ് തോമസ് ഒരു ദിവസം ഡെന്നിസ് ജോസഫിനെ കാണാൻ വരുന്നത്. മമ്മൂട്ടിയേയും മോഹൻലാലിനെയും വച്ച് നിരവധി സൂപ്പർഹിറ്റ് സിനിമകൾ ജോയ് തോമസ് ആ കാലത്ത് നിർമിച്ചിട്ടുണ്ട്. അതിൽതന്നെ ഹിറ്റുകൾ കൂടുതൽ മമ്മൂട്ടിക്ക് തന്നെ. മമ്മൂട്ടിയുടെ തുടർച്ചയായ പരാജയങ്ങൾ ജോയിയേയും സംവിധായകൻ ജോഷിയേയും ഡെന്നിസിനേയും വല്ലാതെ വിഷമിപ്പിച്ചിരുന്നു. ഒരു സൂപ്പർഹിറ്റ് സിനിമ ചെയ്ത് പൂർവാധികം ശക്തിയോടെ മമ്മൂട്ടിയെ തിരികെ ഇൻഡസ്ട്രിയിൽ കൊണ്ടു വരണമെന്ന് ആത്മാർത്ഥമായി തന്നെ ഇരുവരും ആഗ്രഹിച്ചു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ‌ഒരു വാശി. ആ വാശിക്ക് പിന്നിൽ മമ്മൂട്ടി എന്ന സുഹൃത്തിനോടുളള സ്നേഹം മാത്രമായിരുന്നു.

പ്രവചനങ്ങൾ തെറ്റി, മമ്മൂട്ടിയുടേയും സംഘത്തിന്റേയും വാശി ജയിച്ചു, 'ന്യൂഡൽഹി' വന്‍ഹിറ്റ്‌
ഓര്‍മയുണ്ടോ ജോണി എന്ന ഹീറോയെ?

അങ്ങനെ മമ്മൂട്ടിക്കായി ഇവർ പല കഥകളും ആലോചിച്ചു. അങ്ങനെയാണ് ഡെന്നിസ് ജോസഫ് സ്‌കൂളിൽ പഠിച്ച ഒരു കഥയെ കുറിച്ച് ഓർത്തെടുക്കുന്നത്. പയ്യമ്പള്ളി ചന്തു! പഴയ വടക്കൻ പാട്ടു സിനിമകളുടെ മാതൃകയിൽ പയ്യമ്പള്ളി ചന്തുവിന്റെ കഥ സിനിമയാക്കിയാലോ എന്നൊരാലോചന. ഡെന്നിസ് ജോസഫിന്റെ ഈ ആശയം ജോയിയും ജോഷിയും സമ്മതിച്ചു. പഴയ ഉദയ സിനിമകളുടെ മാതൃകയിൽ നല്ല പാട്ടുകളെല്ലാം ഉൾപ്പെടുത്തി ഒരു പക്കാ കൊമേഷ്യൽ സിനിമയായിട്ടാണ് ഡെന്നിസ് സിനിമയെ ആലോചിച്ചിരുന്നത്. ആ സിനിമ ചെയ്യാൻ പദ്ധതിയിട്ട് നിൽക്കുമ്പോഴാണ് പ്രിയദർശൻ-മോഹൻലാൽ ടീമിനെ വച്ച് സാജൻ ഗ്രൂപ്പ്, വടക്കൻ പാട്ട് പശ്ചാത്തലത്തിൽ ഒരു സിനിമ ചെയ്യാൻ ആലോചിക്കുന്ന കാര്യം ഇവരറിയുന്നത്. ജോയിക്കും ജോഷിക്കും അത് കേട്ടപ്പോൾ വലിയ ബുദ്ധിമുട്ട് തോന്നി. അത് കൊണ്ട് തന്നെ മോഹൻലാലിന്റെ ഒരു സിനിമയോട് അതേ ആശയത്തിലുളള മറ്റൊരു സിനിമ വച്ച് മത്സരം വേണ്ട എന്നവർ തീരുമാനിച്ചു.

ഇനിയെന്ത് എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് 'ന്യൂഡൽഹി' എന്ന സിനിമയുടെ പ്ലോട്ട് ഡെന്നിസ് ജോസഫ് പറയുന്നത്. ആരെയും ത്രില്ലടിപ്പിക്കുന്ന ഒരു യഥാർത്ഥ സംഭവമായിരുന്നു ആ കഥയുടെ പിന്നിൽ. പത്രം നടത്തി പൊളിഞ്ഞു പാളീസായ ഒരു ടാബ്ലോയ്‌ഡ് പത്രക്കാരൻ അയാൾക്കായി മാത്രം ഒരു വാർത്ത സൃഷ്ടിക്കാൻ വേണ്ടി അയാളുടെ ഭ്രാന്തമായ ചിന്തയിൽ അമേരിക്കൻ പ്രസിഡന്റിനെ കൊല്ലാൻ ശ്രമിക്കുന്നു. അങ്ങനെ അമേരിക്കൻ പ്രസിഡന്റിനെ വെടിവച്ചു കൊല്ലാൻ അയാൾ ഒരു ക്വട്ടേഷൻ കൊടുക്കുന്നു. പ്രസിഡന്റിന്റെ മരണം സംഭവിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ മരണം സംഭവിക്കുമെന്ന് കരുതിയ ദിവസത്തിന്റെ തലേദിവസം അയാൾ തന്റെ പത്രത്തിൽ മരണവാർത്ത അടിച്ചു വച്ചു. രണ്ട് മണി സമയത്താണ് അയാൾ വെടിവെപ്പ് പ്ലാൻ ചെയ്തിരിക്കുന്നത്. കൃത്യം രണ്ടരക്ക് അയാൾ തന്റെ പത്രം റിലീസ് ചെയ്യുകയും ചെയ്തു. പക്ഷേ ഈ വെടിവെപ്പ് നടന്നില്ല. ക്വട്ടേഷൻ ശ്രമം പരാജയപ്പെടുകയും പൊലീസ് അയാളേയും സംഘത്തെയും പിടിക്കുകയും ചെയ്തു. ഇക്കഥയുമായി ബന്ധപ്പെട്ട് Almighty പോലുള്ള പല പ്രസിദ്ധ നോവലുകളും എഴുതപ്പെട്ടിട്ടുണ്ട്. ഈ സംഭവ കഥയിൽ നിന്നാണ് ന്യൂഡൽഹിയുടെ കഥ ജനിക്കുന്നത്. അങ്ങനെയാണ് മമ്മൂട്ടി എന്ന നടന് ഏറെക്കാലത്തിന് ശേഷം ഒരു കരിയർ ബ്രേക്ക് ഉണ്ടാവുന്നത്. മമ്മൂട്ടി-ജോഷി- ഡെന്നീസ് ജോസഫ് വീണ്ടും മലയാളത്തിലെ ഹിറ്റ് കോമ്പോ ആവുന്നത്.

logo
The Fourth
www.thefourthnews.in