സ്പിരിറ്റിലെ സമീറിൽ നിന്ന് ഭ്രമയുഗത്തിലെ പാചകക്കാരനിലേക്ക്; സിദ്ധാർത്ഥ് ഭരതൻ കൈയടി നേടുമ്പോൾ
'പാമ്പുകടിയേറ്റേ ഞാൻ മരിക്കു, നൈജാമലിയുടെ ജനനവും രവിയുടെ മരണവും അതാണ് ഞാൻ, രഘുവേട്ടാ.. കവിത എഴുത്ത് എന്ന തന്തയില്ലായ്മ ഞാൻ അവസാനിപ്പിച്ചു, ഇനി സിനിമാപാട്ട് എന്ന ആഭിചാരം തുടങ്ങാൻ പോകുന്നു...' സ്പിരിറ്റ് എന്ന സിനിമയിൽ സമീർ തന്റെ സുഹൃത്തും ഗുരുവെന്ന് സ്‌നേഹത്തോടെ വിളിക്കുന്ന രഘുനന്ദനെ അവസാനമായി കാണുമ്പോൾ പറയുന്ന വാക്കുകളാണ് ഇത്.
സിദ്ധാർത്ഥ് ഭരതൻ എന്ന അഭിനേതാവിന്റെ കഴിവ് മലയാളികൾക്ക് മുമ്പിൽ തുറന്നുകാണിച്ച സ്പിരിറ്റിലെ രംഗങ്ങളില്‍ ഒന്നിന് ഇന്നും യൂട്യൂബില്‍ കാഴ്ചക്കാരുണ്ട്. മരണം പോലും മനോഹരമായ ഉപമകൾ കൊണ്ട് പറഞ്ഞ് തീർത്ത് ഒടുവിൽ രഘുനന്ദന് മുന്നിൽ ചങ്കുപൊട്ടി ചോര തുപ്പി മരിക്കുന്ന സമീർ ആ സിനിമയ്ക്ക് ശേഷവും മലയാളികൾക്കുള്ളിൽ ഉണ്ടാക്കിയ നോവ് ചെറുതല്ല. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം അഭിനേതാവായ സിദ്ധാർത്ഥ് ഭരതൻ വീണ്ടും മികച്ച കഥാപാത്രങ്ങളുമായി എത്തുകയാണ്.
2023-ൽ വേല എന്ന ചിത്രത്തിലൂടെയാണ് സിദ്ധാർത്ഥ് തന്റെ മൂന്നാമത്തെ വരവ് അറിയിച്ചത്. തുടർന്ന് ഭ്രമയുഗം കൂടി ഇറങ്ങുമ്പോൾ മലയാള സിനിമയിൽ നിലവിൽ അനുഭവപ്പെടുന്ന സ്വഭാവ നടന്മാരുടെ കുറവ് നികത്താൻ കൂടി കഴിയുന്ന മികച്ച നടന്മാരിൽ ഒരാളാണ് താനെന്ന് സിദ്ധാർത്ഥ് തെളിയിക്കുന്നുണ്ട്.
2002 ൽ കമൽ സംവിധാനം ചെയ്ത 'നമ്മൾ' എന്ന ചിത്രത്തിലൂടെയാണ് അനശ്വര കലാകാരന്മാരായ ഭരതന്റെയും കെപിഎസി ലളിതയുടെ മകനായ സിദ്ധാർത്ഥ് സിനിമയിൽ എത്തുന്നത്. ക്യാംപസ് പശ്ചാത്തലത്തിൽ പറഞ്ഞ ചിത്രം അക്കാലത്തെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായി മാറി. മികച്ച വിജയമായി മാറിയ നമ്മളിന് ശേഷം സിദ്ധാർത്ഥിന് ലഭിച്ച വേഷങ്ങളിൽ പലതും സമാനസ്വഭാവമുള്ളതായിരുന്നു. ഇടക്കാലത്ത് ഇറങ്ങിയ 'കാക്കകുറുമ്പൻ' എന്ന ചിത്രമായിരുന്നു ഇതിന് ഒരു അപവാദം.
2006 ൽ 'എന്നിട്ടും' എന്ന ചിത്രത്തിന് ശേഷം സിദ്ധാർത്ഥ് സിനിമയിൽ നിന്ന് ഒരിടവേള എടുത്തു. പിന്നീട് 2012 ലാണ് രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റിൽ സമീർ എന്ന കഥാപാത്രമായി സിദ്ധാർത്ഥ് എത്തിയത്. മദ്യത്തിന് അടിമയായ യുവകവി സമീർ ആ സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ പോലെ തന്നെ തിളങ്ങി. സമീറിന്റെ മരണവും മരണത്തിന് മുമ്പുള്ള ഡയലോഗുകളും എല്ലാം പ്രേക്ഷകർ പത്ത് വർഷത്തിന് ശേഷവും ഓർത്തിരിക്കുന്നുണ്ട്.
സ്പിരിറ്റിലെ കഥാപാത്രം ഏറെ പ്രശംസ നേടിയെങ്കിലും തുടർന്ന് കാര്യമായ സിനിമകളിൽ സിദ്ധാർത്ഥ് അഭിനയിച്ചില്ല. സിദ്ധാർത്ഥ് തന്നെ ആദ്യമായി സംവിധാനം ചെയ്ത് നിദ്ര എന്ന ചിത്രത്തിലാണ് സ്പിരിറ്റിന് ശേഷം അദ്ദേഹം അഭിനയിച്ചത്. ഭരതൻ സംവിധാനം ചെയ്ത് 1981 ൽ റിലീസായ നിദ്ര എന്ന സിനിമയുടെ റീമേയ്ക്ക് കൂടിയായിരുന്നു ഇത്.
പിന്നീട് 2015 ൽ ദിലീപിനെ നായകനാക്കി ചന്ദ്രേട്ടൻ എവിടെയാ, കുഞ്ചാക്കോ ബോബനെ നായകനാക്കി വർണ്യത്തിൽ ആശങ്ക, സ്വാസിക നായികയായ ചതുരം, സൗബിൻ നായകനായ ജിന്ന് എന്നീ ചിത്രങ്ങളും സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്തു.
ഒരിടവേളക്ക് ശേഷം 2023 ലാണ് സിദ്ധാർത്ഥ് ഭരതൻ വീണ്ടും അഭിനയ രംഗത്തേക്ക് എത്തുന്നത്. ഷെയ്ൻ നിഗത്തിനെ നായകനാക്കി ഒരുക്കിയ വേല എന്ന ചിത്രത്തിൽ എസ് ഐ അശോക് കുമാർ എന്ന കഥാപാത്രമായിട്ടായിരുന്നു സിദ്ധാർത്ഥ് അഭിനയിച്ചത്. കരിയറിൽ അതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായി ചെയ്ത ഈ കഥാപാത്രം അന്ന് തന്നെ അഭിനന്ദനം നേടിയിരുന്നു.
ഏറ്റവുമൊടുവിലാണ് ഭ്രമയുഗത്തിലെ കൊടുംമൺ പോറ്റിയുടെ പാചകകാരനായി സിദ്ധാർത്ഥ് എത്തുന്നത്. 'സമീറിനെപ്പോലെയൊരു വേഷം വരുമായിരുന്നെങ്കിൽ ഞാൻ അഭിനയിക്കുമായിരുന്നു. കിട്ടാത്തതുകൊണ്ട് തന്നെയാണ് ചെയ്യാതിരുന്നത്. പോകുന്നിടത്തെല്ലാം സമീർ അടിപൊളിയാണെന്ന് പത്തുവർഷമായി കേട്ടുകൊണ്ടിരിക്കുകയാണ്. അത് ഇനി ബ്രേക്കായി. ഇനി വേലക്കാരൻ അടിപൊളിയാണെന്ന് എല്ലാവരും പറയും' എന്നാണ് എന്തുകൊണ്ടാണ് സ്പിരിറ്റിന് ശേഷം സിനിമയിൽ കാര്യമായി അഭിനയിക്കാതിരുന്നത് എന്നതിന് സിദ്ധാർത്ഥ് ഭരതൻ മറുപടി പറഞ്ഞത്. ഭ്രമയുഗത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് സിദ്ധാർത്ഥ് ഇക്കാര്യം തുറന്നുപറഞ്ഞത്.
സിദ്ധാർത്ഥ് ഭരതൻ എന്ന സംവിധായകനൊപ്പം സിദ്ധാർത്ഥ് ഭരതൻ എന്ന നടന്റെയും കൂടി മികച്ച വേഷങ്ങൾ വരും ദിവസങ്ങളിൽ കാണാം എന്ന പ്രതീക്ഷയിൽ തന്നെയാണ് പ്രേക്ഷകരും.