ദേവരാജന്റെ ഏറ്റവും പ്രിയപ്പെട്ട  വയലാർ ഗാനങ്ങൾ അറിയണ്ടേ?

ദേവരാജന്റെ ഏറ്റവും പ്രിയപ്പെട്ട വയലാർ ഗാനങ്ങൾ അറിയണ്ടേ?

ഒക്ടോബര്‍ 27 - വയലാർ രാമവർമ്മയുടെ ഓർമ്മദിനം
Updated on
2 min read

"ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകൻ ആര് ?'' കുഴക്കുന്ന ചോദ്യമാണ്. മറ്റേതെങ്കിലും പാട്ടെഴുത്തുകാരനായിരുന്നെങ്കിൽ ഉപായത്തിൽ ഒഴിഞ്ഞുമാറിയേനെ. പക്ഷേ വയലാർ രാമവർമ്മ ഉള്ളിലുള്ളത് വെട്ടിത്തുറന്നു പറഞ്ഞു: "ദേവരാജൻ അല്ലാതാര്.''

പഴയ മദിരാശിയിൽ നിന്ന് 1960 കളുടെ അവസാനം പുറത്തിറങ്ങിയിരുന്ന "അന്വേഷണം'' മാസികയിലെ `കുപ്പിച്ചില്ലുകളും റോസാദലങ്ങളും' എന്ന ജനപ്രിയ പംക്തിയിൽ അച്ചടിച്ചുവന്ന ആ മറുപടി ആവേശപൂർവം ഓർത്തെടുക്കേ ദേവരാജൻ മാസ്റ്ററുടെ മുഖത്ത് വിരിഞ്ഞ അപൂർവ മന്ദസ്മിതം മറന്നിട്ടില്ല. വയലാറിനെ കുറിച്ച് സംസാരിക്കുമ്പോൾ മാത്രമേ സ്വതേ പരുക്കനായ മാസ്റ്ററുടെ മുഖം അത്രയും പ്രകാശിച്ചു കണ്ടിട്ടുള്ളൂ. "വിഷമിപ്പിക്കുന്ന ചോദ്യമായിരുന്നു വായനക്കാരന്റേത്'' മാസ്റ്ററുടെ വാക്കുകൾ. "ഏതെങ്കിലും ഒരു സംഗീതസംവിധായകന്റെ പേര് മാത്രം എടുത്തുപറഞ്ഞാൽ മറ്റുള്ളവർ പ്രകോപിതരാകും. നിരുപദ്രവകരമായ ഒരുത്തരം നൽകി രക്ഷപ്പെടാനേ പ്രായോഗിക ബുദ്ധിയുള്ളവർ ശ്രമിക്കൂ. പക്ഷേ വയലാർ ആ വഴിയല്ല തിരഞ്ഞെടുത്തത്. ഉള്ളിലുള്ളത് അദ്ദേഹം തുറന്നുപറഞ്ഞു. ഒരു പക്ഷേ അദ്ദേഹത്തിന്റെ ശുദ്ധമനസ്സ് കൊണ്ടാകാം.''

സംഗീത ജീവിതത്തിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിരുന്നു വയലാറിന്റെ ആ ഉത്തരം എന്ന് ദേവരാജൻ പറയുമ്പോൾ, മഹാനായ ഒരു കവിയുടെ ഓർമ്മകൾക്ക് മുന്നിൽ അദ്ദേഹത്തിന്റെ അക്ഷരങ്ങളെ സ്വരങ്ങളാൽ നൃത്തം ചെയ്യിച്ച സംഗീതകാരന്റെ പ്രണാമം കൂടിയാകുന്നു അത്. ഗാനരചയിതാവോ സംഗീത സംവിധായകനോ അതോ ഗായകനോ ആരാണ് പാട്ടിന്റെ യഥാർത്ഥ അവകാശി എന്ന തരത്തിലുള്ള അർത്ഥശൂന്യമായ ചർച്ചകൾ മാധ്യമങ്ങളിൽ നിറയുന്ന കാലമാണിതെന്ന് കൂടി ഓർക്കുക.

വയലാറിന്റെ ഗാനങ്ങൾ അവയിൽ സമന്വയിച്ചിരിക്കുന്ന സംഗീതം കൊണ്ടല്ലേ ഇന്നും നിലനിൽക്കുന്നത്? പലരും ചോദിച്ചിട്ടുള്ള ചോദ്യമാണ്. ചലച്ചിത്ര ഗാനങ്ങളിൽ വരികളേക്കാൾ ഈണത്തിനല്ലേ പ്രാധാന്യം എന്നൊരു ധ്വനി കൂടി ഒളിഞ്ഞുകിടക്കുന്നുണ്ട് ആ ചോദ്യത്തിൽ. ദേവരാജന്റെ മറുപടി ഇങ്ങനെ: "ചുമരുണ്ടെങ്കിലേ ചിത്രമെഴുതാൻ പറ്റൂ എന്നൊരു ചൊല്ലുണ്ട്. ദക്ഷിണാമൂർത്തി, കെ രാഘവൻ, ബാബുരാജ്, ഞാൻ തുടങ്ങിയ അന്നത്തെ സംഗീത സംവിധായകർ എഴുതിക്കിട്ടിയ ഗാനങ്ങൾക്കാണ് ഈണം നൽകിയത്. എഴുതപ്പെട്ട സാഹിത്യം ഞങ്ങൾക്ക് ചുമരുകളായിരുന്നു. ഞങ്ങൾ അതിൽ സംഗീതവർണ്ണങ്ങൾ നിറച്ചു. ഇന്ന് ചുവരുകൾ ഈണങ്ങളാണ്. കാരണം, ഇന്നത്തെ സംഗീതസംവിധായകർ ആദ്യം ഈണമുണ്ടാക്കുന്നു. ആ ഈണത്തിന് അനുസരിച്ച് വാക്കുകൾ കൊണ്ട് ഗാനം ചമയ്ക്കുന്നു. അതുകൊണ്ടുതന്നെ ഗാനരചനയുടെ പ്രാധാന്യവും ഗൗരവവും അന്തസ്സും കുറഞ്ഞു. ഗാനങ്ങൾ പലതും ചേമ്പിലയിലെ വെള്ളം പോലെയായി. അങ്ങനെ വന്നപ്പോൾ പഴയ ഗാനങ്ങൾ രചനയിൽ അമൂല്യങ്ങളാണെന്നും അവയ്ക്ക് നൽകപ്പെട്ട ഈണങ്ങൾ സംഗീത മേന്മയിൽ അതുല്യങ്ങളാണെന്നും വന്നു. രചനയ്ക്കാണോ ഈണത്തിനാണോ ഇത്തരം ഗാനങ്ങളിൽ മുൻ‌തൂക്കം എന്ന് ചോദിച്ചാൽ രണ്ടും ഒരുപോലെ പ്രധാനം എന്നാണെന്റെ ഉത്തരം. ഒരു മനുഷ്യന് താദാത്മ്യം പ്രാപിക്കാൻ കഴിയുന്ന അവന്റെ ജീവിതത്തിലെ ഒരു ഭാവം അവന് ഓർക്കാൻ കഴിയുന്ന വാക്കുകളിൽ കാവ്യമനോഹരമായ ഗാനമായി ആവിഷ്കരിക്കപ്പെടുമ്പോൾ ആ ഭാവം പൂർണ്ണമാക്കുന്ന, അവന് ഉരുവിടാൻ കഴിയുന്ന ഈണം ഓരോ വാക്കുകളിലും ശ്രദ്ധിച്ചു നൽകിയാൽ മാത്രമേ അത് ഭാവഗാനമാകൂ.'' രചനയും സംഗീതവും ഒരുപോലെ അന്തസ്സും ആഭിജാത്യവും പുലർത്തിയാലേ ഈ ഇന്ദ്രജാലം യാഥാർഥ്യമാകൂ എന്ന് സൂചിപ്പിക്കുകയാണ് ദേവരാജൻ.

വയലാറുമൊത്ത് താൻ സൃഷ്ടിച്ച ഗാനങ്ങളിൽ നിന്ന് ഏറ്റവും പ്രിയപ്പെട്ടവ തിരഞ്ഞെടുക്കുന്നു ദേവരാജൻ. "ഏതാണ്ട് 134 സിനിമകൾക്ക് വേണ്ടി വയലാറിന്റെ 750 ലേറെ രചനകൾക്ക് സംഗീതം നൽകാൻ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. അവയിൽ നിന്ന് പ്രതിനിധാന സ്വഭാവമുള്ള ചില ഗാനങ്ങൾ തിരഞ്ഞെടുക്കുക എന്ന സാഹസത്തിനു മുതിരുകയാണ്. ചിലരെ ഈ നീണ്ട പട്ടിക മുഷിപ്പിച്ചേക്കാം. ഇത് പൂർണ്ണമാണെന്നു അവകാശപ്പെടുന്നുമില്ല. എങ്കിലും ഗവേഷണ കുതുകികൾക്ക് ഇത് പ്രയോജനപ്പെടും എന്നാണ് എന്റെ പ്രതീക്ഷ.''

വിവിധ വിഭാഗങ്ങളായി തിരിച്ച് മാസ്റ്റർ തന്നെ തിരഞ്ഞെടുത്ത ഗാനങ്ങൾ ഇതാ:-

പാരിജാതം തിരുമിഴി തുറന്നു, കായാമ്പൂ കണ്ണിൽ വിടരും, സ്വർണചാമരം വീശിയെത്തുന്ന (മധുരതരമായ പ്രണയം)

അരയിലൊറ്റ മുണ്ടുടുത്ത പെണ്ണേ, തുറന്നിട്ട ജാലകങ്ങൾ അടച്ചോട്ടെ (അനാവൃത ശ്രുംഗാരം)

സുമംഗലി നീ ഓർമ്മിക്കുമോ, പ്രേമഭിക്ഷുകി, ആയിരം പാദസരങ്ങൾ കിലുങ്ങി (വിരഹം, വിഷാദം)

മുത്തശ്ശിക്കഥ പറഞ്ഞുറക്കാം, ഓമനത്തിങ്കളിന്നോണം പിറന്നിട്ടും (താരാട്ട്)

ഉണ്ണിക്കൈ വളര് (മാതൃ വാത്സല്യം)

കിഴക്കു കിഴക്കൊരാന, ശബരിമലയുടെ താഴ്വരയിൽ (ഗുണപാഠമുള്ള കഥപ്പാട്ട്)

അമ്മേ അമ്മേ നമ്മുടെ അമ്പിളിയമ്മാവൻ എപ്പോ വരും, കിലുകിലുക്കും കിലുകിലുക്കും കിങ്ങിണിച്ചെപ്പിൽ ഒളിച്ചിരിക്കും (കുട്ടിപ്പാട്ട്)

ഏഴരപ്പൊന്നാനപ്പുറത്തെഴുന്നെള്ളും, ചെത്തി മന്ദാരം തുളസി, ശരണമയ്യപ്പാ സ്വാമി (ഭക്തിലഹരി)

ചായം കറുത്ത ചായം (മദ്യലഹരി)

മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, അദ്വൈതം ജനിച്ച നാട്ടിൽ (തത്വബോധനം)

കാളിദാസൻ മരിച്ചു, അഗ്നിപർവതം പുകഞ്ഞു, പ്രവാചകന്മാരെ പറയൂ (പശ്ചാത്തല ഗാനം)

സർവ്വരാജ്യ തൊഴിലാളികളേ, മരിക്കാൻ ഞങ്ങൾക്ക് മനസ്സില്ല (സമരവീര്യം)

പാപ്പീ അപ്പച്ചാ, മരുന്നോ നല്ല മരുന്ന് (ഹാസ്യം)

കാറ്റടിച്ചു കൊടും കാറ്റടിച്ചു, കൈതപ്പുഴ കായലിലെ, ആറ്റിൻ മണപ്പുറത്തെ (തോണിപ്പാട്ട്)

കുട്ടനാടൻ പുഞ്ചയിലെ (വള്ളംകളിപ്പാട്ട്)

തെക്കുംകൂർ അടിയാത്തി, അലകടലിൽ കിടന്നൊരു നാഗരാജാവ് (പുള്ളുവൻ പാട്ട്)

വിശുദ്ധനായ സെബസ്ത്യാനോസേ, യരുശലേമിലെ സ്വർഗദൂതാ (കൃസ്തീയ ഭക്തിഗാനം)

ചന്ദ്രോദയത്തിലെ, വസുമതീ ഋതുമതീ (യക്ഷിപ്പാട്ട്)

കസ്തൂരിതൈലമിട്ട്, പൊന്നിന്റെ കൊലുസുമിട്ട് (മാപ്പിളപ്പാട്ട്)

പുഴകൾ മലകൾ പൂവനങ്ങൾ (പ്രകൃതി)

സരസ്വതീയാമം കഴിഞ്ഞു (പ്രഭാതം)

മണിച്ചിലമ്പൊലി കേട്ടുണരൂ, പാലാഴി കടഞ്ഞെടുത്തൊരഴകാണ് ഞാൻ (നൃത്തം)

ഉദയഗിരി ചുവന്നു, തങ്കത്താഴിക കുടമല്ല, ചലനം ചലനം ചലനം (ശാസ്ത്രം)

എല്ലാരും പാടത്ത് സ്വർണം വെതച്ചു, മേലെ മാനത്തെ നീലിപ്പുലയിക്ക് (നാടൻ പാട്ട്)

ചക്രവർത്തിനി നിനക്ക് ഞാനെന്റെ, ദന്തഗോപുരം (കവിത)

നൃത്യതി നൃത്യതി ബ്രഹ്മപദം, പ്രളയപയോധിയിൽ, പ്രഭാതഗോപുര വാതിൽ തുറന്നൂ (പ്രപഞ്ച താളം)

ജയജയജയ ജന്മഭൂമി, ഗംഗാ യമുനാ (ദേശഭക്തി)....

ഗാനരചനയിൽ വയലാർ പുലർത്തിയ അസാധാരണ വൈവിധ്യം വ്യക്തമാക്കാൻ വേണ്ടിയാണ് സാമാന്യം ദീർഘമായ ഈ പട്ടിക എടുത്തുചേർക്കുന്നതെന്ന് ദേവരാജന്റെ വിശദീകരണം.

logo
The Fourth
www.thefourthnews.in