അടുത്തിടെ ഇറങ്ങിയ സൂപ്പർതാര ചിത്രത്തിന്റെ തീയേറ്റർ വരുമാനം 1,62,000; പ്രതിഫലം കുറയ്ക്കാതെ രക്ഷയില്ലെന്ന് സുരേഷ് കുമാർ
മലയാള സിനിമയിൽ സൂപ്പർതാരങ്ങളടക്കം പ്രതിഫലം കുറയ്ക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് ആവർത്തിച്ച് ഫിലിം ചേംബർ പ്രസിഡന്റും നിർമാതാവുമായ ജി സുരേഷ് കുമാർ. കോടികൾ പ്രതിഫലം വാങ്ങുന്ന സൂപ്പർതാര ചിത്രത്തിന്റെ തീയേറ്റർ റിലീസിൽ നിന്ന് നിർമാതാവിന് ലഭിച്ചത് വെറും ഒരുലക്ഷത്തി അറുപതിനായിരം രൂപ മാത്രമാണ്. ഇതാണ് മലയാള സിനിമയിലെ സാഹചര്യം. പക്ഷെ സിനിമ ഇറങ്ങി രണ്ട് ദിവസത്തിനുള്ളിൽ വിജയം ആഘോഷിക്കും. കേക്ക് വാങ്ങാനുള്ള പൈസ പോലും തീയേറ്ററിൽ നിന്ന് ലഭിക്കാതെയാണ് കേക്ക് മുറിച്ച് വിജയം ആഘോഷിക്കുന്നതെന്നും ജി സുരേഷ് കുമാർ ദ ഫോർത്തിനോട് പറഞ്ഞു. സിനിമയോട് പ്രതിബന്ധതയുണ്ടെങ്കിൽ, ഇവരെ വളർത്തിയ സിനിമയ്ക്ക് വേണ്ടി പ്രതിഫലം കുറയ്ക്കാൻ സൂപ്പർതാരങ്ങൾ തയാറാകണം
തീയേറ്ററിൽ ആളു കയറാൻ എന്തെങ്കിലും നടപടി താരങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. പലരും പ്രീറിലീസ് ബജറ്റെന്ന മായികലോകം കാണിച്ചാണ് നിർമാതാക്കളെ കൊണ്ട് പണം മുടക്കിക്കുന്നത്. സ്വന്തം ചിത്രങ്ങളിൽ ഏറ്റവും ചെലവ് കുറച്ച് അഭിനയിക്കുന്നവരാണ് മറ്റ് നിർമാതാക്കളെ കുത്തുപാള എടുപ്പിക്കുന്നതെന്നും ജി സുരേഷ് കുമാർ പറഞ്ഞു
മുടക്കിയ പണം പോലും തിരിച്ച് ലഭിച്ചില്ലെങ്കിലും പുറത്ത് പറയാൻ നിർമാതാക്കൾക്ക് പേടിയാണ്. സിനിമ ജീവിതമാർഗമായി കൊണ്ട് നടക്കുന്നവർ നിലനിൽപ്പ് മുന്നിൽ കണ്ട് വിജയാഘോഷത്തിന് കൂടെ നിൽക്കും. അടുത്ത ഒരു ചിത്രത്തിലൂടെ നഷ്ടം നികത്താമെന്ന പ്രതീക്ഷയിലാണിത്. ഈ സാഹചര്യമാണ് സംവിധായകരും താരങ്ങളും മുതലെടുക്കുന്നത് . മറ്റ് ചിലരാകട്ടെ താരങ്ങളുടെ ഡേറ്റിനായി ചില നീക്കുപോക്കിനും തയാറാകും. അഞ്ചു കോടി പ്രതിഫലം നൽകിയിട്ട് മൂന്ന് കോടിയാണ് നൽകിയതെന്ന് പറയുന്നവരും ഉണ്ട്.
സിനിമ പരാജയപ്പെട്ടാൽ പിന്നീട് ആ നിർമാതാവിനെ കണ്ടഭാവം പോലും പലതാരങ്ങളും കാണിക്കാറില്ല. ഈ സാഹചര്യത്തിലാണ് ധവളപത്രമിറക്കാനുള്ള നിർമ്മാതാക്കളുടെ തീരുമാനം. വരും ദിവസങ്ങളിൽ ഇതുവരെ ഇറങ്ങിയ ചിത്രങ്ങളുടെ മുഴുവൻ കണക്കുകളും പുറത്തുവിടുമെന്നും ജി സുരേഷ് കുമാർ പറയുന്നു. എല്ലാവരും ഒരുമിച്ച് ശ്രമിച്ചാൽ മാത്രമേ സിനിമ വ്യവസായം രക്ഷപ്പെടൂ
മകൾ കീർത്തിയും കൂടുതൽ പ്രതിഫലം വാങ്ങരുതെന്ന് തന്നെയാണ് നിലപാട്. മകൾക്ക് മാത്രമായി മറ്റൊരു നിലപാടില്ല. തമിഴിലും തെലുങ്കിലും വാങ്ങുന്ന പ്രതിഫലമല്ല കീർത്തി മലയാളത്തിൽ വാങ്ങുന്നത്. മലയാളത്തിന് താങ്ങാവുന്ന പ്രതിഫലമേ ആരായാലും വാങ്ങാവൂ. തമിഴിലും തെലുങ്കിലും സ്ഥിതി വ്യത്യസ്തമാണ്. അവിടെ ഇപ്പോഴും തീയേറ്ററുകളിൽ ആള് കയറുന്നുണ്ട്.
നാലുമാസത്തിനിടെ മലയാളത്തിൽ ഇറങ്ങിയത് എഴുപതിലധികം സിനിമകളാണ്. തീയേറ്ററിൽ വിജയിച്ചതാകട്ടെ വെറും രണ്ട് ചിത്രങ്ങൾ മാത്രം. രോമാഞ്ചവും മദനോത്സവവും. വരും മാസങ്ങളിലേക്കായി 35 മുതൽ 50 ചിത്രങ്ങൾ വരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളുടെ അവസ്ഥ എന്താകുമെന്ന് കണ്ട് അറിയണം. അമ്മ ഉൾപ്പെടെയുള്ള സംഘടനകളുമായി ചർച്ച ചെയ്ത് പരിഹാരം കാണാൻ ശ്രമം തുടരുകയാണെന്നും സുരേഷ് കുമാർ പറഞ്ഞു