പണ്ടോറയിലേക്ക് മടങ്ങാൻ തയ്യാറാകൂ,'അവതാർ 3: ഫയർ ആൻഡ് ആഷ്' പ്രഖ്യാപിച്ച് ജെയിംസ് കാമറൂൺ

പണ്ടോറയിലേക്ക് മടങ്ങാൻ തയ്യാറാകൂ,'അവതാർ 3: ഫയർ ആൻഡ് ആഷ്' പ്രഖ്യാപിച്ച് ജെയിംസ് കാമറൂൺ

ചിത്രം 2025 ഡിസംബർ 19-ന് തീയറ്ററുകളിലെത്തും
Updated on
1 min read

''ഇതുവരെ കണ്ടതിനുമപ്പുറം കാഴ്ചകളുമായി പണ്ടോറ ​ഗ്രഹം നിങ്ങളെ കാത്തിരിക്കുന്നു,'' അവതാർ ഫയർ ആൻഡ് ആഷ് എന്ന പേരിൽ മൂന്നാം ഭാ​ഗം അടുത്ത വർഷം തീയറ്ററുകളിലെത്തുമെന്ന് സംവിധായകൻ ജെയിംസ് കാമറൂൺ. അൾട്ടിമേറ്റ് ഡിസ്നി ഫാൻ ഇവന്റായ ഡി23 വേദിയിലായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം. വെള്ളിയാഴ്ച നടന്ന ചടങ്ങിൽ ജെയിംസ് കാമറൂണിനൊപ്പം താരങ്ങളായ സോ സാൽഡാനയും സാം വർത്തിങ്ടണും പങ്കെടുത്തു.

'അതിവൈകാരികമായ ഒരവസ്ഥ' എന്നാണ് മൂന്നാം ഭാ​ഗത്തെ കാമറൂൺ വിശേഷിപ്പിച്ചത്. തീജ്വാലകൾക്കു മുകളിൽ നൃത്തം ചെയ്യുന്ന നെയ്ത്തിരിയുടെ ചിത്രം ഉൾപ്പെടുന്ന സിനിമയുടെ കൺസെപ്റ്റ് ആർട്ടും വേദിയിൽ അവതരിപ്പിച്ചു.

''കണ്ണുകൾക്ക് വിരുന്നാകുന്ന ഭ്രാന്തൻ സാഹസികതയുമായാണ് ഇത്തവണയും ഞങ്ങളുടെ വരവ്. ഒപ്പം മനസിൽ ത‌ട്ടുന്ന വൈകാരിക നിമിഷങ്ങളും പ്രതീക്ഷിക്കാം. ഇത്തവണ പണ്ടോറയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രദേശത്തേക്കാണ് നമ്മൾ പോകുന്നത്,'' കാമറൂൺ കൂട്ടിച്ചേർത്തു.

പണ്ടോറയിലേക്ക് മടങ്ങാൻ തയ്യാറാകൂ,'അവതാർ 3: ഫയർ ആൻഡ് ആഷ്' പ്രഖ്യാപിച്ച് ജെയിംസ് കാമറൂൺ
'ദുരഭിമാനക്കൊല കുറ്റമല്ല, കരുതൽ'; വിവാദ പ്രസ്താവനയിൽ കുടുങ്ങി നടനും സംവിധായകനുമായ രഞ്ജിത്ത്

'പണ്ടോറയിലേക്ക് മടങ്ങാൻ തയ്യാറാകൂ' എന്ന കുറിപ്പിനൊപ്പം 2025 ഡിസംബർ 19-ന് ചിത്രം തീയറ്ററുകളിലെത്തുമെന്ന ഔദ്യോ​ഗിക പ്രഖ്യാപന പോസ്റ്ററും നിർമാതാക്കൾ എക്സിൽ പങ്കുവെച്ചു.

ലോക സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമകളുടെ പട്ടികയിൽ മുൻപന്തിയിലാണ് 'അവതാർ'. 'അവതാറി'നു വേണ്ടി നൂതന ക്യാമറ സംവിധാനം തന്നെ കാമറൂൺ നിർമിച്ചെടുത്തിരുന്നു. ഈ ക്യാമറയ്ക്ക് സംവിധായകൻ പേറ്റന്റും സ്വന്തമാക്കിയിട്ടുണ്ട്.

'ടൈറ്റാനിക്കി'നും മുമ്പേ 1994ൽ തന്നെ 'അവതാറി'ന്റെ തിരക്കഥ കാമറൂൺ തയ്യാറാക്കിയിരുന്നു. എന്നാൽ തന്റെ മനസ്സിലുള്ള കഥ ദൃശ്യമായി പരിവർത്തനം ചെയ്യുന്നതിന് യോജിച്ച സാങ്കേതിക വിദ്യകൾ അന്നില്ലാത്തതിനാൽ പ്രൊജക്ട് മാറ്റിവെക്കുകയായിരുന്നു. അന്നത്തെ സാഹചര്യങ്ങളിൽ സിനിമ നിർമിച്ചാൽ തിരക്കഥയിലുള്ളത് ക്യാമറയിലേക്കു പകർത്താൻ കഴിയില്ലെന്ന് കാമറൂൺ മനസ്സിലാക്കിയിരുന്നു. അങ്ങനെ 15 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് കാമറൂൺ 'അവതാറി'നെ യാഥാർത്ഥ്യമാക്കിയത്.

പണ്ടോറയിലേക്ക് മടങ്ങാൻ തയ്യാറാകൂ,'അവതാർ 3: ഫയർ ആൻഡ് ആഷ്' പ്രഖ്യാപിച്ച് ജെയിംസ് കാമറൂൺ
സൂര്യയ്ക്ക് പരുക്ക്; ചിത്രീകരണം നിർത്തിവെച്ച് കാർത്തിക് സുബ്ബരാജ് ചിത്രം 'സൂര്യ 44'

ന്യൂസിലാൻഡിലെ വേറ്റ ഡിജിറ്റൽ എന്ന കമ്പനിയാണ് 'അവതാറി'നാവശ്യമായ ഗ്രാഫിക്സുകൾ നിർമിച്ചെടുത്തത്. ഇതിന്റെ നിർമാണത്തിനായി പടുകൂറ്റൻ ഉബുണ്ടു സെർവർ ഫാമാണ് വേറ്റ ഉപയോഗിച്ചത്. ഓരോ മിനിറ്റ് നേരത്തേയ്ക്കുമുള്ള റെൻഡറിങ് ഡേറ്റ ഏകദേശം 17.28 ജി ബി ഉണ്ടായിരുന്നു.

ആദ്യ ഭാ​ഗത്തിന്റെ വിജയത്തെ തുടർന്ന്, 'അവതാർ: ദി വേ ഓഫ് വാട്ടർ' എന്ന പേരിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം 2022-ൽ പുറത്തിറങ്ങി. 2025ൽ പ്രദർശനത്തിന് തയ്യാറെടുക്കുന്ന 'അവതാർ: ഫയർ ആൻഡ് ആഷ്' എന്ന മൂന്നാം ഭാ​ഗത്തിനുശേഷം 2026-ലും 2028-ലുമായി നാലും അഞ്ചും ഭാ​ഗങ്ങൾ തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

logo
The Fourth
www.thefourthnews.in