വിമർശിച്ചാൽ സംഘിയാക്കുന്നത്? കമ്മ്യൂണിസം വിമർശനാതീതമാണോ?
ഗോകുൽ സുരേഷ് - അഭിമുഖം

വിമർശിച്ചാൽ സംഘിയാക്കുന്നത്? കമ്മ്യൂണിസം വിമർശനാതീതമാണോ? ഗോകുൽ സുരേഷ് - അഭിമുഖം

കിങ് ഓഫ് കൊത്തയിലെ ടോണി പല ലെയേഴ്സുള്ള കഥാപാത്രം
Updated on
3 min read

ദുൽഖർ സൽമാന്റെ കൾട്ട് ക്ലാസിക് ചിത്രമാകുമെന്ന് പ്രതീക്ഷിക്കുന്ന കിങ് ഓഫ് കൊത്തയിലെ പ്രധാന വേഷങ്ങളിലൊന്നാണ് ടോണി. പോലീസുകാരാനായ ടോണിയായി എത്തുന്നത് ഗോകുൽ സുരേഷും. കിങ് ഓഫ് കൊത്തയുടേയും ടോണിയുടേയും വിശേഷങ്ങൾ പങ്കുവച്ച് ഗോകുൽ സുരേഷ്. ഒപ്പം സിനിമ കരിയറിനെ കുറിച്ചും സോഷ്യൽ മീഡിയ വിമർശനങ്ങളെ കുറിച്ചും ഗോകുൽ സംസാരിക്കുന്നു

കൊത്തയിലെ ടോണി

എല്ലാവർക്കും മനസിലായത് പോലെ ടോണി ഒരു പോലീസ് കഥാപാത്രമാണ്. രണ്ടുകാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന, രണ്ട് ലുക്ക് ഒക്കെ വരുന്ന കഥാപാത്രം. എഴുതിയപ്പോൾ ഏറ്റവും ഇഷ്ടം തോന്നിയ കഥാപാത്രമെന്നാണ് ടോണിയെ കുറിച്ച് തിരക്കഥാകൃത്ത് അഭിലാഷേട്ടൻ തന്ന ബ്രീഫ്. ബാക്കി തീയേറ്ററിൽ കണ്ട് എക്സ്പീരിയൻസ് ചെയ്യേണ്ടതാണ്

ടോണിക്കായി വെയിറ്റ് കുറച്ചു

അച്ഛൻ ചെയ്തുവച്ച പോലീസ് വേഷങ്ങളോട് നീതി പുലർത്തണമെന്ന ആഗ്രഹമുണ്ടായിരുന്നു. അതിനായി വെയിറ്റൊക്കെ കുറച്ച് ഫിസിക്കിലൊക്കെ ശ്രദ്ധിച്ചിരുന്നു. എന്റെ ഫിസിക്കിൽ ഞാൻ കംഫർട്ടബിളും കോൺഫിഡന്റും ആയിരുന്നു. എന്നാലും കഥാപാത്രം ആവശ്യപ്പെടുന്ന രീതിയിലേക്ക് നമ്മൾ ചിലപ്പോൾ മാറേണ്ടതുണ്ട്. അതിനാൽ തന്നെ വര്‍ക്കൗട്ട് ചെയ്ത് വെയിറ്റ് കുറച്ചു

നെപ്പോട്ടിസം കൊണ്ട് നമ്മുക്ക് സിനിമയിൽ വരാനാകുമായിരിക്കും , പക്ഷേ നിലനിൽക്കാനാകില്ല

അച്ഛൻ ചെയ്തിട്ടുള്ള പോലീസ് വേഷങ്ങളിലൊക്കെ ഫിസിക് പെർഫെക്ട് ആണ്. ലുക്കിൽ മാത്രമാണ് ഈ സാമ്യത, ബാക്കി അച്ഛൻ ചെയ്ത കഥാപാത്രങ്ങളെ പോലെ മാസ് ഡയലോഗ് പറയുന്ന വേഷമല്ല ടോണി. ആ കഥാപാത്രത്തിന് അനുയോജ്യമായ രീതിയിൽ നന്നായി ചെയ്യാനായിട്ടുണ്ടെന്നാണ് വിശ്വാസം. പിന്നെ അങ്ങനെയുണ്ടാകരുതെന്നാണ് ആഗ്രഹമെങ്കിൽ കൂടിയും ചിലപ്പോൾ അച്ഛന്റെ ചില മാനറിസങ്ങൾ സ്വാഭാവികമായി വരാറുണ്ട്. എനിക്ക് ഈയൊരു സമയത്ത് തന്നെ എന്റെ തന്നെ മാനറിസങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെടാനാണ് ആഗ്രഹം.

കഥാപാത്രത്തിനായുള്ള ഒരുക്കം

കഥാപാത്രങ്ങളെ കുറിച്ച് കൂടുതലായി ചിന്തിക്കാതെ, കേൾക്കുന്ന കഥയിൽ ആ കഥാപാത്രം എങ്ങനെയായിരിക്കുമെന്ന് വിഷ്വലൈസ് ചെയ്തു നോക്കുകയാണ് എന്റെ രീതി. കൂടാതെ സംവിധായകനോടും തിരക്കഥാകൃത്തിനോടും പരമാവധി സംസാരിക്കും, കാരണം അവരുടെ മനസിൽ ആണല്ലോ ഈ കഥാപാത്രം രൂപം കൊണ്ടത്. അവർക്ക് എന്താണ് വേണ്ടതെന്ന് മനസിലാക്കി ചെയ്യാനാണ് ശ്രമിക്കുന്നത്.

ആദ്യ തിരക്കഥ കേട്ടത് അച്ഛൻ

മുദ്ദുഗൗവിന്റെ തിരക്കഥ ആദ്യം കേട്ടത് അച്ഛനാണ്. അത് ഇഷ്ടപ്പെട്ടിട്ട്, 'നല്ല കഥയാണ് നീ കേട്ട് നോക്കുന്നോയെന്ന് ചോദിച്ചു'. അതിലെ വില്ലൻ വേഷം വേണമെങ്കിൽ ചെയ്യാമെന്ന് വരെ അച്ഛൻ പറഞ്ഞു. അത്രയും ഇഷ്ടമായത് കൊണ്ട് ചോദിച്ചതാണ്. അതല്ലാതെ സിനിമയുമായി ബന്ധപ്പെട്ട് 'ഇതാണ് സിനിമയെന്നോ , നീ ഇങ്ങനെയാകണമെന്നോ ഈ തരത്തിലുള്ള കഥകൾ തിരഞ്ഞെടുക്കണമെന്നോ' അങ്ങനെ ഒരു തരത്തിലുള്ള അഭിപ്രായങ്ങളോ നിർദേശങ്ങളോ ഉപദേശമോ അച്ഛൻ എനിക്ക് തരാറില്ല. പല സിനിമകളിൽ നിന്നും കൃത്യമായി പറയുക പോലും ചെയ്യാതെ അവസാന നിമിഷം ഒഴിവാക്കുമ്പോൾ പോലും അച്ഛൻ ആകെ പറയുന്നത് ' അത് നിനക്കുള്ളതായിരുന്നില്ല, നിനക്കുള്ളത് നിന്നെ തേടി വരും' എന്ന് മാത്രമാണ്

അതല്ലാതെ ഞാൻ ഇപ്പോഴും മലയാള സിനിമയെ അകന്ന് കാണുകയും പഠിക്കുകയും ചെയ്യുകയാണ്. മറ്റ് സിനിമ ഇൻഡസ്ട്രി പോലെ അല്ല മലയാളം ഇൻഡസ്ട്രി, നെപ്പോട്ടിസം കൊണ്ട് നമ്മുക്ക് സിനിമയിൽ വരാനാകുമായിരിക്കും , പക്ഷേ നിലനിൽക്കാനാകില്ല, അങ്ങനെയുള്ള ബന്ധങ്ങൾ കൊണ്ട് ഒരടി കൂടുതൽ കിട്ടുമെന്നാണ് എന്റെ അനുഭവം, പ്രത്യേകിച്ച് മലയാള സിനിമയിൽ.

ഞാൻ എന്തെങ്കിലും സഹായം ചോദിച്ചാൽ അച്ഛൻ ചെയ്യുമായിരിക്കും. പക്ഷേ ഞാൻ ഇവിടെ എന്റെ സ്വന്തമായൊരു ഇടം കണ്ടെത്താനാണ് ശ്രമിക്കുന്നത്. അച്ഛന്റെ സോഷ്യൽ മീഡിയ പേജിൽ നിന്ന് എന്റെ സിനിമയ്ക്ക് വേണ്ടി ഒരു പോസ്റ്റ് വരുന്നത് പോലും അച്ഛൻ അറിയുന്നുണ്ടാകില്ല. ആ സിനിമയുടെ മെറിറ്റ് മാത്രം നോക്കിയാണ് ആ പേജിന്റെ അഡ്മിൻ അത് ഷെയർ ചെയ്യുന്നത്. അത് അച്ഛന്റെ അറിവോടെ പോലുമല്ല എന്നതാണ് വാസ്തവം

അച്ഛന്റെ അഭിനന്ദനം ലഭിച്ച നിമിഷം

ഗഗനചാരി എന്നൊരു സിനിമ വരാനുണ്ട്. ആ സിനിമയുടെ പ്രിവ്യൂ കണ്ടപ്പോൾ You are a good actor man (നിങ്ങളൊരു മികച്ച അഭിനേതാവാണ്) എന്ന് പറഞ്ഞു. അത് വലിയ കാര്യത്തിലൊന്നുമല്ല അച്ഛൻ പറഞ്ഞത്. എങ്കിലും അതാണ് ഇതുവരെ അച്ഛൻ തന്നിട്ടുള്ള ഒരു അഭിനന്ദനം

മറ്റൊരാൾ മമ്മൂക്കയുടെ ഭാര്യ സുൽഫിത്ത് മാം ആണ്. ചെന്നൈയിൽ ഒരു വിവാഹത്തിന് പോയപ്പോഴും വേറെ ഒന്നുരണ്ടു തവണ കണ്ടപ്പോഴും സുൽഫി മാം അമ്മയോടും എന്നോടും 'ഞാൻ നന്നായി ചെയ്യുന്നുണ്ടെന്ന് പറഞ്ഞു'

അച്ഛനൊപ്പം ഈ സമയത്ത് അഭിനയിക്കാൻ പറ്റിയത് ഭാഗ്യം

കരിയറിന്റെ ഈയൊരു സമയത്ത് തന്നെ അച്ഛനൊപ്പം 'പാപ്പൻ' ചെയ്യാനായത് ഭാഗ്യമായിട്ടാണ് കരുതുന്നത്. അച്ഛന്റൊപ്പം മാത്രമല്ല, മമ്മൂക്കയോടും ലാലേട്ടനോടും പൃഥ്വിരാജിനോടുമൊപ്പം ഫഹദിക്കയ്‌ക്കൊപ്പവുമൊക്കെ സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. മമ്മൂക്കയ്ക്ക് ഒപ്പം ചെയ്ത സിനിമയിൽ ക്യാമിയോ റോൾ ആയിരുന്നു. ലാലേട്ടനൊപ്പം ട്വൽത്ത് മാനിലേക്ക് വിളിച്ചെങ്കിലും പാപ്പന്റെ ചിത്രീകരണം നടക്കുകയായിരുന്നതിനാൽ അത് ചെയ്യാൻ സാധിച്ചില്ല. ദുൽഖർ മൂത്ത സഹോദരനാണ്. അങ്ങനെ തന്നെ കാണണമെന്ന് ഡി ക്യു പറഞ്ഞിട്ടുണ്ട്

പൃഥ്വിരാജ് ഫാൻ; പത്തുവർഷത്തിനുള്ളിൽ സംവിധായകൻ

അടുത്ത പത്തുവർഷത്തിനുള്ളിൽ സിനിമ സംവിധായകനാകണമെന്നാണ് ആഗ്രഹം. ഞാൻ ഒരു രാജുവേട്ടൻ ഫാനാണ് (പൃഥ്വിരാജ്) അതുകൊണ്ട് തന്നെ രാജുവേട്ടനെ വച്ചൊരു മാസ് ആക്ഷൻ സിനിമ സംവിധാനം ചെയ്യണമെന്നാണ് ആഗ്രഹം.

സോഷ്യൽ മീഡിയയും വിമർശനങ്ങളും

മനസിലുളളത്, നല്ല കമ്മ്യൂണിസവും സോഷ്യലിസവുമൊക്കെയാണ്. പക്ഷേ ഞാൻ എന്തുപറഞ്ഞാലും സംഘിസമായിട്ടാണ് ഇപ്പോൾ വ്യാഖ്യാനിക്കപ്പെടുന്നത്. കമ്മ്യൂണിസത്തിനകത്ത് നിന്ന് വിമർശിക്കാൻ പാടില്ലേ? കമ്മ്യൂണിസം വിമർശനാതീതമാണോ? എന്തുപറയുമ്പോഴും കുറച്ച് പേർ ആഘോഷിക്കുന്നു മറ്റ് ചിലർ വിമർശിക്കുന്നു . വിമർശിക്കുന്നവരോടും ആഘോഷിക്കുന്നവരോടും ഒന്നേ പറയാനുള്ളൂ. ഞാൻ എന്റെ അഭിപ്രായമാണ് പറയുന്നത്. അത് മറ്റൊന്നുമായി വ്യാഖ്യാനിക്കേണ്ടതില്ല.

കൊത്ത ദുൽഖറിന്റെ ബ്ലോക്ക്ബസ്റ്റർ

കൊത്ത ദുൽഖർ സൽമാന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായിരിക്കും. 'സെക്കൻഡ് ഷോ'യിൽ നമ്മൾ കണ്ട ദുൽഖറിന്റെ അടുത്ത തലത്തിലുള്ള ഒരു കഥാപാത്രമായിരിക്കും ഇത്. ബാക്കിയൊക്കെ തീയേറ്ററിൽ തന്നെ എക്സ്പീരിയൻസ് ചെയ്യേണ്ടതാണ്

അടുത്ത ചിത്രം ഭാവന സ്റ്റുഡിയോസിനൊപ്പം

ഗഗനചാരി, എതിരെ, എന്നീ ചിത്രങ്ങളാണ് റിലീസിന് തയാറെടുക്കുന്നത്. ഗഗനചാരി ഒരു സയൻസ് ഫിക്ഷൻ ചിത്രമാണ്. അനാർക്കലി മരയ്ക്കാറാണ് ഗഗനചാരിയിൽ നായിക. ഒടിടി റിലീസായി സോണി ലിവിൽ ആകും ചിത്രം റിലീസ് ചെയ്യുക. ഭാവന സ്റ്റുഡിയോസിനൊപ്പമാണ് അടുത്ത സിനിമ. കൂടുതൽ വിവരങ്ങൾ പിന്നീട് പറയാം

logo
The Fourth
www.thefourthnews.in